കരിമീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
കരിമീന്‍ കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ എറണാകുളം കൃഷിവിജ്ഞാനകേന്ദ്രവുമായി ബന്ധപ്പെടുക. ഹൈക്കോടതിക്ക് സമീപം ഗോശ്രീ റോഡിലെ സിഎംഎഫ്ആര്‍ഐ-കെവികെ വിപണനകേന്ദ്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് മേല്‍ത്തരം കരിമീന്‍കുഞ്ഞുങ്ങളെ ലഭിക്കുക. 50 മീന്‍കുഞ്ഞുങ്ങള്‍ വീതമുള്ള പായ്ക്കറ്റിന് 575 രൂപയാണ് വില. വിവരങ്ങള്‍ക്ക് 8281757450 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കരിമീന്‍ വളര്‍ത്തല്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
രുചിയുടെ കാര്യത്തില്‍ മലയാളികളുടെ പ്രിയങ്കരമായ മത്സ്യമാണ് കരിമീന്‍. അല്‍പ്പമധികം പരിചരണം നല്‍കി കുളങ്ങളിലോ പാറക്കുളങ്ങളിലോ വളരെ എളുപ്പം വളര്‍ത്തി വരുമാനമാര്‍ഗമാക്കാന്‍ കഴിയുന്ന മത്സ്യമാണ് കരിമീന്‍. പരമാവധി 100 കരിമീനിനെ വരെ ഒരു സെന്റില്‍ വളര്‍ത്താം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഉത്തമം. അതായത് മൂന്നു മാസം പ്രായമാകുമ്പോഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കരിമീനുകള്‍ക്ക് സാധിക്കും.
പ്രജനനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേജ് സിസ്റ്റം ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. അടിത്തട്ടിലെ ചെളിയില്‍ കുഴിയുണ്ടാക്കിയാണ് കരിമീന്‍ മുട്ടയിടുക. അതുകൊണ്ട് തന്നെ നാലടിയെങ്കിലും വെള്ളത്തിന് ആഴമുണ്ടായിരിക്കണം. ഒരു തവണ 500-800 കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. ഡിസംബര്‍-ജനുവരിയാണ് പ്രജനനകാലം.