ആടുകളുടെ ആരോഗ്യം: കേരള വെറ്റിനറി സർവ്വകലാശാല പുറപ്പെടുവിച്ച പ്രത്യേക പരിപാലന നിർദ്ദേശങ്ങൾ
കേരള വെറ്റിനറി സർവ്വകലാശാല പുറപ്പെടുവിച്ച ആടുകളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട പത്തു മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ നൽകുന്നു.
1. ആടുകളിൽ സാധാരണ കാണപ്പെടുന്ന പകർച്ചവ്യാധികളിൽ പ്രതിരോധിക്കുവാൻ കൃത്യസമയം കുത്തിവെപ്പുകൾ നൽകുക. കുളമ്പുരോഗം, കുരലടപ്പൻ, എന്ററോ ടോക്സീമിയ, പി.പി.ആർ തുടങ്ങി രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെപ്പുകൾ നിലവിൽ ലഭ്യമാണ്. ചെന ഉള്ളവയ്ക്ക് ടെറ്റനസ് രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകുക.
2. വിരകളാണ് ആടുകളുടെ പ്രധാന ശത്രുക്കൾ. അതുകൊണ്ടുതന്നെ ചാണക പരിശോധന നടത്തി ആടുകൾക്ക് കൃത്യസമയം മരുന്ന് നൽകുക. ബാഹ്യ പരാദങ്ങൾക്കെതിരെ മരുന്ന് നൽകണം. മേയാൻ വിടുന്ന ആടുകളെ ദിവസവും പല സ്ഥലങ്ങളിൽ മേയാൻ വിട്ടാൽ പരാദ ബാധ തടയാൻ സാധിക്കും.
3. പരാദ ബാധ മൂലവും മറ്റും വയറിളക്കം ഉണ്ടായാൽ നിർജ്ജലീകരണം തടയാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കണം.
4. ആടുകളുടെ കുളമ്പുകൾക്ക് പ്രത്യേക ശ്രദ്ധവേണം. കുളമ്പുകളുടെ അഗ്രം വെട്ടി അവയ്ക്കിടയിൽ അഴുക്ക് കളഞ്ഞ് വൃത്തിയാക്കി സൂക്ഷിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ തടഞ്ഞു നിർത്താം.
5. മഴക്കാലവും മഞ്ഞുകാലവും വരുമ്പോൾ ആടുകൾക്ക് മൂക്കൊലിപ്പും ചുമയും നിരന്തരം ശല്യം ആയേക്കാം. ഇതിന് തക്കതായ ചികിത്സ വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ ലഭ്യമാക്കുക.
6. പ്രതിദിനം ആടുകൾക്ക് 5-10 ഗ്രാം എന്ന നിരക്കിൽ ധാതുലവണ മിശ്രിതം നൽകുന്നത് പോഷക ന്യൂനതകൾ പരിഹരിക്കാൻ ഉത്തമമാണ്. ആടുകളിൽ കാണപ്പെടുന്ന പോളിയോ എൻസിഫിലോ മലേഷ്യ (PEM) എന്ന രോഗത്തിൽ ആടുകൾ തല ശരീരത്തോട് ചേർത്തു പിടിച്ച് ഇമ വെട്ടുന്ന ലക്ഷണം കാണാം. തയാമിൻ അഥവാ വിറ്റാമിൻ ബി വൺ കുറവായതുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഇത്തരത്തിൽ രോഗലക്ഷണം ഉണ്ടായാൽ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
7. തീറ്റയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഒഴിവാക്കുകയും ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ചുള്ള ഗുണമേന്മയുള്ള തീറ്റ പൂപ്പലോ നനവോ ഇല്ലാതെ നൽകുകയും ചെയ്യുക.
8. ആടുകളിൽ കാണപ്പെടുന്ന അകിടുവീക്കം വളരെ പ്രാധാന്യമുള്ള രോഗാവസ്ഥയാണ്. അതുകൊണ്ടുതന്നെ അകിടുവീക്കം കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കുക.
9. ആടുകളുടെ ശരീരത്തിൽ ഉണ്ടാവുന്ന ചെറിയ മുറിവുകൾ പോലും വൃത്തിയായി കഴുകുകയും, ഈച്ച വരാതിരിക്കാൻ ഉള്ള മരുന്ന് തളിക്കുകയും വേണം. അശ്രദ്ധമായി മുറിവുകൾ കൈകാര്യം ചെയ്താൽ പുഴുവരിച്ചു വ്രണങ്ങൾ ഉണ്ടായേക്കാം.
10. ഗർഭം അലസൽ ആടുകളിൽ സാധാരണമാണ്. പേടി, അണുബാധ തുടങ്ങിയവയെല്ലാം ഇവയ്ക്ക് കാരണമാകാറുണ്ട്. ഒരാഴ്ച ഇടവേളയിൽ മൂന്നിലധികം ആടുകൾക്ക് ഗർഭമലസൽ ഉണ്ടായാൽ വിദഗ്ധചികിത്സ തേടണം.