For the best experience, open
https://m.agritv.live
on your mobile browser.
Advertisement

മാലിന്യം തള്ളിയ പാതയോരം ഇപ്പോൾ പൂക്കളാൽ സുലഭം,മാതൃകാപരം ഈ അച്ഛനും അമ്മയും

05:13 PM Jan 04, 2024 IST | Priyanka Menon

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു... ചിലർ ഇങ്ങനെ ചെറിയ മൂളിപ്പാട്ടെല്ലാം പാടി വഴിയരികിലൂടെ കടന്നുപോകുന്നു, മറ്റുചിലർ സെൽഫിയും റീൽസും എടുക്കാൻ റോഡ് സൈഡിൽ തിരക്ക് കൂട്ടുന്നു. അപ്പൊ പറഞ്ഞു വരുന്നത് അല്പം സ്പെഷ്യൽ ആയ ഒരിടത്തെക്കുറിച്ച് ആണെന്ന് മനസ്സിലായില്ലേ? ഈ പറയുന്നത് പത്തനംതിട്ട- കോട്ടയം ജില്ല അതിർത്തിയോട് ചേർന്നു കിടക്കുന്ന കോട്ടങ്ങൽ ചാലപ്പിള്ളി റോഡിൽ കുളത്തുങ്കൽ പാടശേഖരത്തിന് സമീപമുള്ള റോഡിനെ കുറിച്ചാണ്. ഒരിക്കൽ മാലിന്യം കുമിഞ്ഞു കൂടിയ ഈ റോഡിൽ മനോഹരമായ പൂക്കൾ വെച്ചുപിടിപ്പിച്ച് സമൂഹത്തിനാകെ മാതൃകയാക്കിയിരിക്കുകയാണ് 81 വയസ്സുള്ള വാസുദേവൻ പിള്ളയും 71 ക്കാരിയായ
ഭാര്യ ശാന്തകുമാരി അമ്മയും. ആരുടെയും മനസ്സിനും കണ്ണിനും ഒരുപോലെ കുളിർമ പകരുന്ന ഒരു കാഴ്ചയാണ് ഈ റോഡിൻറെ ഇരുവശങ്ങളിലുമുള്ളത്. സ്വന്തം കഠിനധ്വാനത്തിലൂടെ ഇവരൊരുക്കിയ പൂന്തോട്ടം കാണാൻ ഇന്ന് നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. വിവിധ വർണ്ണങ്ങളിലുള്ള ബന്ദി, അല്ലി താമര വാടാമുല്ല തുടങ്ങി വൈവിധ്യമാർന്ന ചെടികൾ കൊണ്ട് ഒരു പൂങ്കാവനം തന്നെയാണ് ഈ വൃദ്ധസമ്പതികൾ ഇവിടെ തീർത്തിരിക്കുന്നത്.

Advertisement

ഒരിക്കൽ മാലിന്യം കുമിഞ്ഞു കൂടിയ റോഡിലാണ് ഇത്തരത്തിലുള്ള പൂക്കൾ ഇപ്പോൾ സുലഭമായി പൂത്തു വിടർന്ന് നിൽക്കുന്നത്. പലരും മാലിന്യങ്ങൾ റോഡ് സൈഡിലേക്ക് അലസമായി വലിച്ചെറിയുമ്പോൾ, അവരുടെ സാമൂഹിക ഉത്തരവാദിത്വത്തെ മറക്കുമ്പോൾ ഈ അച്ഛനും അമ്മയും ചെയ്ത പ്രവർത്തി എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നും മാതൃകാപരമാണെന്നും നമ്മൾക്ക് തിരിച്ചറിയാൻ സാധിക്കും. ഇപ്പോൾ ഈ ചെടികളുടെ ഉത്തരവാദിത്വം നാട്ടുകാരുടെയും കൂടി മാറിയപ്പോൾ പാതയോരം ഇനി ഒരിക്കലും പഴയ പടി ആവില്ലെന്നുള്ളത് തീർച്ചയാണ്. ഇപ്പോൾ നാട്ടുകാരുടെ മാത്രം പ്രിയയിടമല്ലിത്, വിവാഹ ഫോട്ടോഷൂട്ടുകളുടെ ഇഷ്ട ലൊക്കേഷനും, വഴിയാത്രക്കാരുടെയെല്ലാം പ്രിയപ്പെട്ട സെൽഫി പോയിൻറ് കൂടിയാണ്.

Advertisement

പൂക്കളെ വളരെയധികം ഇഷ്ടപ്പെടുന്ന രണ്ടുപേരാണ് വാസുദേവപിള്ളയും ശാന്തകുമാരി അമ്മയും. അതുകൊണ്ടുതന്നെ എവിടെ മനോഹരമായ പൂക്കൾ കണ്ടാലും അതിൻറെ കമ്പുകൾ തേടിപ്പിടിച്ച് വീട്ടുമുറ്റത്ത് അവർ നടാറുണ്ട്. അങ്ങനെയാണ് ഏറ്റുമാനൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും പോയപ്പോൾ അവിടെ കണ്ട മനോഹരമായ പൂക്കളിൽ അവരുടെ കാഴ്ച ഒന്ന് ഒടക്കിയത്. അങ്ങനെ അവിടെ കണ്ട മനോഹരമായ പൂക്കളുടെ വിത്തുകൾ ശേഖരിച്ച് വീട്ടുവളപ്പിൽ പാകി കിളിർപ്പിച്ചു.

വീട്ടുമുറ്റം ഭംഗിയാക്കിയതിനോടൊപ്പം വീടിനു സമീപത്തുള്ള വഴിയരികിലും ഒരു കൊച്ചു പൂന്തോട്ടം ഒരുക്കാൻ അവർ ഒരുങ്ങി. ഈ വഴി യാത്ര ചെയ്യുന്നവരെല്ലാം മാലിന്യങ്ങൾ പതിവായി ഇവിടേക്ക് വലിച്ചെറിയുന്ന കാഴ്ച ഇരുവർക്കും ഒത്തിരി മാനസിക വിഷമങ്ങൾ ഉണ്ടാക്കിയിരുന്നു. മാത്രമല്ല മാലിന്യം തള്ളുന്ന ഈ റോഡിൽ മൂക്ക് പൊത്താതെ നടക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് ഈ റോഡിന് ഇരുവശവും പൂക്കൾ കൊണ്ട് നിറയ്ക്കാൻ ഇവർ തീരുമാനിക്കുന്നത്. രണ്ടുപേരും ഒരുമിച്ചാണ് പൂച്ചെടികളുടെ പരിപാലനം നടത്തുന്നത്. മഴയും വെയിലും ഒന്നും ഇവർ കാര്യമാക്കാറില്ല. കിട്ടുന്ന സമയം മുഴുവൻ ഈ പൂക്കളുടെ പരിപാലനത്തിനും വീട്ടുവളപ്പിലെ കൃഷിക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നു. തൻറെ മക്കളെ നോക്കുന്ന പോലെ തന്നെയാണ് ഈ പൂക്കളെയും നോക്കുന്നതെന്ന് ശാന്തകുമാരി അമ്മ പറയുന്നു. വീട്ടിലെ കൃഷി ആവശ്യത്തിനുള്ള വളം തന്നെയാണ് പൂച്ചെടികൾക്കും നൽകാറുള്ളത്. റോഡരികിൽ 90 മീറ്റർ നീളത്തിലാണ് നിലവിലുള്ള പൂന്തോട്ടം. ഒപ്പം വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 900ത്തിലധികം ചെടികളും നട്ടുവളർത്തിയിട്ടുണ്ട്. ഈ വൃദ്ധ ദമ്പതികളുടെ അധ്വാനം കണ്ട് ഇപ്പോൾ നാട്ടുകാരും പൂച്ചെടികളുടെ പരിചരണത്തിനു വേണ്ടി സമയം കണ്ടെത്തുന്നുണ്ട്. പല വഴിയാത്രക്കാരും സെൽഫിയും വീഡിയോയും എടുത്തതിനുശേഷം പൂച്ചെടികൾ പറിക്കുന്നതും പൂക്കൾ നശിപ്പിക്കുന്നതും അല്പം വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് ഇരുവരും സമ്മതിക്കുന്നു. എങ്കിലും പൂച്ചെടികൾ ഇനിയും നട്ടുപിടിപ്പിക്കാൻ ഉള്ള ആവേശമാണ് ഇരുവർക്കും.

ഈ പൂച്ചെടികളുടെ പരിപാലനം കൂടാതെ വീട്ടുവളപ്പിൽ വിവിധതരത്തിലുള്ള ഔഷധസസ്യങ്ങളും, തെങ്ങ്, പ്ലാവ്,മാവ്, ജാതി കപ്പ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. പ്രകൃതിയോട് ചേർന്ന് നിൽക്കുമ്പോൾ പ്രായത്തിന്റെ പല അവശതകളും തങ്ങളെ ബാധിക്കില്ലെന്നാണ് ഈ അച്ഛനും അമ്മയും പറയുന്നത്. പ്രായം അനുവദിക്കുന്നതുവരെ പ്രകൃതിയോടണങ്ങി ജീവിക്കാനും, കൃഷിയിലൂടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുമാണ് ഇരുവരുടെയും തീരുമാനം.

ഇരുവരുടെയും തീരുമാനത്തിന് പൂർണ്ണ പിന്തുണയെകി മക്കളും കൂടെയുണ്ട്. പാതിയോരത്തെ മാലിന്യ വിമുക്തമാക്കുവാനും ഇവർ കാണിച്ച മാതൃകാപരമായ പ്രവർത്തനത്തിനും നിരവധി അംഗീകാരങ്ങളാണ് ഇരുവരെയും തേടി എത്തുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യ വിമുക്തമാക്കുന്നതും, ഇതുപോലുള്ള പൂന്തോട്ടങ്ങൾ ഒരുക്കാനും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഈ വൃദ്ധ ദമ്പതികളുടെ പ്രവർത്തി നമ്മളെ ഓർമ്മപ്പെടുത്തുന്നു...

Tags :
Advertisement