നെൽകൃഷിക്കുള്ള ആനുകൂല്യം ലഭ്യമാകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി കൃഷി വകുപ്പ്
നെൽകൃഷിക്കുള്ള ആനുകൂല്യ വ്യവസ്ഥകൾ കർശനമാക്കി കൃഷി വകുപ്പ്. നെൽകൃഷി ക്കുള്ള ആനുകൂല്യത്തിനായി നൽകുന്ന അപേക്ഷകളിലും നെല്ല് സംഭരണത്തിന് നൽകുന്ന കണക്കിലും സ്ഥല വിസ്തൃതി വ്യത്യസ്തമായി രേഖപ്പെടുത്തിയാൽ ഇനി നടപടി സ്വീകരിക്കുമെന്ന് കൃഷിവകുപ്പ്. സപ്ലൈകോയിൽ നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്യുമ്പോൾ കൂടുതൽ സ്ഥലമുണ്ടെങ്കിൽ ഇത് അനുവദിക്കരുതെന്ന് കൃഷിവകുപ്പ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നെല്ല് കൃഷി ആനുകൂല്യത്തിന് അപേക്ഷ നൽകുന്നവർ തെങ്ങ്,വാഴ, തീറ്റ പുല്ല്, മരിച്ചീനി തുടങ്ങിയ കൃഷി സ്ഥലം ഒഴിവാക്കണം. വില്ലേജ് രേഖ മാത്രം നോക്കി വിസ്തൃതി ഒരിക്കലും കണക്കാക്കരുത് എന്നാണ് കൃഷിവകുപ്പിന്റെ നിർദ്ദേശം. അപേക്ഷയിൽ പറയുന്ന സ്ഥലത്ത് തന്നെയാണോ അപേക്ഷകൻ കൃഷി ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും, കൃഷിഭവനുകളിൽ വളം സബ്സിഡിരജിസ്റ്റർ, വിത്ത് സബ്സിഡി രജിസ്റ്റർ,ഉത്പാദന ബോണസ് രജിസ്റ്റർ, കാർഷിക രജിസ്റ്റർ എന്നിവ കൃത്യമായി സൂക്ഷിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ ഉണ്ട്. വിജിലൻസിന്റെ ഓപ്പറേഷൻ റൈസ് ബൗൾ പരിശോധനയെ തുടർന്നാണ് കൃഷിവകുപ്പിന്റെ നടപടി.

നെൽകൃഷി ക്കുള്ള ആനുകൂല്യത്തിന് കർഷകർ നൽകുന്ന അപേക്ഷകളിൽ പറയുന്ന സ്ഥല വിസ്തൃതിയെക്കാൾ കൂടുതൽ സപ്ലൈകോയിൽ നിന്ന് നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്യുമ്പോൾ അനുവദിക്കരുത് എന്നാണ് പ്രഥമ നിർദ്ദേശം. നെല്ല് സംഭരണ ക്രമക്കേടുകളിൽ കൃഷി വകുപ്പ് ജീവനക്കാരും കുറ്റക്കാരായി മാറുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ ആണ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ചത്. കർഷകർ ക്രമ വിരുദ്ധമായി കൈപ്പറ്റിയ തുക തിരികെ പിടിക്കാനും കൃഷി ഓഫീസർമാർ,കൃഷി അസിസ്റ്റന്റ്മാർ എന്നിവർക്കെതിരെ നടപടി വേണമെന്നും വിജിലൻസ് റിപ്പോർട്ടിൽ ശുപാർശ നൽകിയിട്ടുണ്ട്. രണ്ട് കൃഷിഭവൻ പരിധിയിൽ കൃഷിയുള്ളവർക്ക് ഒരു സ്ഥലം മാത്രം രജിസ്റ്റർ ചെയ്ത് മറ്റ് സ്ഥലത്തെ നെല്ല് കൂടി കയറ്റാൻ ആവില്ല. ഒരു കർഷകന്റെ നെല്ലിനൊപ്പം മറ്റൊരാളുടേത് നൽകാനും ആവില്ല. വില്ലേജ് രേഖയിൽ നിലമാണെങ്കിലും മറ്റു കൃഷികൾ മാത്രം ചെയ്യുന്നവരുടെ അപേക്ഷ നിരസിക്കണം. പാട്ടകരാർ ഇല്ലാത്തവരുടെ സത്യപ്രസ്താവന കൃഷി ഓഫീസറും തദ്ദേശസ്ഥാപന വാർഡ് പ്രതിനിധിയും പരിശോധന നടത്തി തദ്ദേശ വിദേശ വികസനകാര്യ സമിതിയുടെ അംഗീകാരം തേടണം. ഒരിക്കലും കരം കെട്ടിയ രസീതോ പാട്ട കരാറോ ഇല്ലാത്തതിന്റെ പേരിൽ ആനുകൂല്യം നിരസിക്കരുത് എന്നും റിപ്പോർട്ടിൽ പറയുന്നു
Content summery : Agriculture Department tightens conditions for availing benefits for paddy cultivation