സഹായിക്കാൻ ഇനി യന്ത്രങ്ങള്‍ വീട്ടിലെത്തും
കാടുവെട്ടാനും കൊയ്ത്ത് മെതിയടിയ്ക്ക് വരെ ഇന്ന് യന്ത്രങ്ങൾ ആവശ്യമാണ്. ഇതിനായുള്ള ചെറുതും വലുതുമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും വീട്ടിലിരുന്ന് വാങ്ങാനാകും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായാണ് ഇത് . 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി ഇതിനായി ലഭിക്കും. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങൾക്ക് https://www.agrimachinery.nic.in വെബ്‌സൈറ്റ് സന്ദർശിക്കുക.
രജിസ്‌ട്രേഷന്‍, പ്രൊജക്ട് സമര്‍പ്പിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ വഴിയാണ്.അതിനാൽ ഗുണഭോക്താവിന് ഓഫീസുകളെ സമീപിക്കേണ്ടതായി വരില്ല.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പക്കല്‍ നിന്ന് താത്പര്യമുള്ള യന്ത്രം വിലപേശി സ്വന്തമാക്കാനാകും.
കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും 40 ശതമാനം വരെ സബ്‌സിഡിയോടെ 60 ലക്ഷം രൂപയോളം വിലയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം.
25 ലക്ഷത്തിലധികം ചെലവ് വരുന്ന പദ്ധതിക്ക് ബാങ്ക് വായ്പയെ ആശ്രയിക്കാവുന്നതാണ്. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും 80 ശതമാനം സബ്‌സിഡിയോടെ 10 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രങ്ങള്‍ സ്വന്തമാക്കാമെന്ന മറ്റൊരു ഘടകവും പദ്ധതയിലുണ്ട്. എട്ടില്‍ കുറയാതെ അംഗങ്ങളുള്ള നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത സ്വന്തമായി ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡുമുള്ള ഗ്രൂപ്പുകള്‍ക്കും സംഘങ്ങള്‍ക്കും മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂകയുള്ളു.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍/യന്ത്രങ്ങള്‍, ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങള്‍(പരമാവധി രണ്ടെണ്ണം) എന്നിവ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയോടെ വാങ്ങുന്നതിന് പദ്ധതി ഉപയോഗപ്പെടുത്താം.
എസ് സി/എസ് ടി/വനിത/ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉള്ളതിനാല്‍ അപേക്ഷിക്കുന്നവര്‍ ജാതി, ലിംഗം, സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവ കൃത്യമായി നല്‍കണം. രജിസ്‌ട്രേഷന് ആധാര്‍, ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതിചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ ആവശ്യമാണ്.
വിശദ വിവരങ്ങള്‍ 0474-2795434, 9645751584, 9526888353 എന്നീ നമ്പരുകളിൽ ലഭ്യമാണ്.