ചെടികളിലെ ഫംഗസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബേക്കിംഗ് സോഡ
ചെടികളുടെ വളര്‍ച്ചയില്‍ പലപ്പോഴും വില്ലന്‍മാരാകുന്നത് ഫംഗസ് പ്രശ്‌നങ്ങളാണ്. വീടിനകത്ത് പോലും, പലതരം ഫംഗസ് ജീവികള്‍ ചെടികളെ ബാധിക്കും. ആന്ത്രാക്നോസ് പോലുള്ള സാധാരണ പ്രശ്‌നങ്ങള്‍ മുതല്‍ ദുര്‍ബലമായ ചെടികളെ ആക്രമിക്കുന്ന ഫംഗസുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചെടികളില്‍ അസാധാരണമായ പുള്ളികളോ നിറമോ മറ്റോ കണ്ടുതുടങ്ങിയാല്‍ മനസിലാക്കാം അത് ഫംഗസാണെന്ന്.
ഫംഗസുകളുടെ വളര്‍ച്ച ചെടികളെ നശിപ്പിക്കുന്നു. വിവിധ തരം ഫംഗസുകളുണ്ട്. ചിലത് വായുവിലൂടെ ചെടിയുടെ ഇലകളിലെത്തുന്നു. മറ്റു തരങ്ങള്‍ മണ്ണില്‍ വസിക്കുകയും വേരുകളിലൂടെ ചെടിയില്‍ പ്രവേശിക്കുകയും ചെയ്യും. വേരുകളെ അടിസ്ഥാനമാക്കിയുള്ള ഫംഗസുകള്‍ക്ക് വേരുകളെ നശിപ്പിക്കാനോ വെള്ളം ചാലകമാക്കുന്ന കോശങ്ങളെ തടയാനോ കഴിയും. ഇത് ചെടി വാടിപ്പോകാന്‍ ഇടയാക്കും.
ചെടികളിലെ ഫംഗസ് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ പലതരം ആന്റിഫംഗല്‍ ഏജന്റുകള്‍ ഉപയോഗിക്കാം. ആന്റിഫംഗല്‍ ഏജന്റുകളില്‍ ചെമ്പും സള്‍ഫറും അടങ്ങിയിട്ടുണ്ട്. അവ രണ്ടും വിഷ പദാര്‍ത്ഥങ്ങളാണ്. ഈ രാസവസ്തുക്കള്‍ വീടിനുള്ളിലെ ചെടികളിലും ഉപയോഗിക്കാമെങ്കിലും സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമായിരിക്കണം പ്രയോഗിക്കേണ്ടത്. കൈയുറ ധരിക്കുന്നതടക്കമുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. വളര്‍ത്തുമൃഗങ്ങളോ കുട്ടികളോ ഉള്ള വീടുകളില്‍ ഈ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. അഥവാ പ്രയോഗിക്കണമെങ്കില്‍ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും തൊടാന്‍ കഴിയാത്ത സ്ഥലത്തേക്ക് വളം പ്രയോഗിച്ച ചെടികള്‍ മാറ്റിവെക്കാന്‍ ശ്രദ്ധിക്കണം.
ഇനി അഥവാ അത്തരം രാസവസ്തുക്കള്‍ പ്രയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലോ, കുറച്ചുകൂടി മൃദുവായൊരു പരിഹാരമാണ് ആവശ്യമെങ്കിലോ അതിന് പറ്റിയ ഒരു മാര്‍ഗമാണ് ബേക്കിംഗ് സോഡ(സോഡിയം ബൈകാര്‍ബണേറ്റ്). ഒരു ആന്റി ഫംഗല്‍ ഏജന്റാണ് ബേക്കിംഗ് സോഡ. ഫംഗസുകളെ നശിപ്പിക്കാന്‍ ഇത് ഫലപ്രദമായ മാര്‍ഗമാണ്. ചെടികളിലുണ്ടാകുന്ന കറുത്ത പാടുകളും മഞ്ഞുപോലെ തോന്നിക്കുന്ന വെളുത്ത പൊടികളും ഇല്ലാതാക്കാനും ഇതിന് കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ബേക്കിംഗ് സോഡ സസ്തനികള്‍ക്ക് പൂര്‍ണ്ണമായും വിഷരഹിതമാണ്. ഏത് പലചരക്ക് കടയിലും എളുപ്പത്തില്‍ ലഭ്യവുമാണ്, വിലകുറഞ്ഞതുമാണ്.
ബേക്കിംഗ് സോഡ കൊണ്ടുള്ള സ്പ്രേ തയ്യാറാക്കുന്ന വിധം:
ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുകൊണ്ട് ഒരു സാധാരണ ബേക്കിംഗ് സോഡ സ്‌പ്രേ ഉണ്ടാക്കാം. ലായനി പടരാനും ഇലകളില്‍ പറ്റിപ്പിടിക്കാനും സഹായിക്കുന്നതിന് കീടനാശിനി സോപ്പോ ലിക്വിഡ് സോപ്പോ ഏതാനും തുള്ളി ചേര്‍ക്കാം. ഐവറി പോലെയുള്ള ലിക്വിഡ് സോപ്പ് മാത്രം ഉപയോഗിക്കുക. അലക്കു സോപ്പ് ഉപയോഗിക്കരുത്. ഈ മിശ്രിതം ഇളക്കുക, തുടര്‍ന്ന് വൃത്തിയുള്ളതും ഒഴിഞ്ഞതുമായ സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റുക.
ചെടി പൂര്‍ണ്ണമായും സ്പ്രേ ചെയ്യുക. മുകളിലും താഴെയുമുള്ള ഇലകളില്‍ എത്തണം. തുടര്‍ന്ന് ചെടി ഉണങ്ങാന്‍ അനുവദിക്കുക. ഫംഗസ് പ്രശ്‌നം നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ ആപ്ലിക്കേഷന്‍ ആവര്‍ത്തിക്കുക. ബേക്കിംഗ് സോഡ ആവര്‍ത്തിച്ച് പ്രയോഗിച്ചിട്ടും ഫംഗസ് തുടരുകയാണെങ്കില്‍, ശക്തമായ ഒരു ആന്റിഫംഗല്‍ ഏജന്റ് ഉപയോഗിക്കുന്നത് പരിഗണിക്കുക. ബേക്കിംഗ് സോഡ സ്‌പ്രേകള്‍ ലേബല്‍ ചെയ്ത് കുട്ടികള്‍ക്ക് ലഭ്യമാകാതെ സൂക്ഷിക്കണം. സ്‌പ്രേ ബാക്കിയുണ്ടെങ്കില്‍, അത് സീല്‍ ചെയ്ത് അടുത്ത തവണ ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് മുമ്പ് സ്‌പ്രേ ബോട്ടില്‍ മൃദുവായി കുലുക്കുക.