സംരംഭക വർഷം 3.O: 100 ശതമാനം ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ആലപ്പുഴ
ആലപ്പുഴ: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭക വർഷം 3.0 ന്റെ ഭാഗമായി 2024-2025 സാമ്പത്തിക വർഷം 100% ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി ആലപ്പുഴ. ഈ വർഷം 7600 യൂണിറ്റുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 6 മാസവും 17 ദിവസവും കൊണ്ട് 7613 പുതിയ യൂണിറ്റുകൾ തുടങ്ങിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. 1090 യൂണിറ്റുകൾ ഉൽപ്പാദനമേഖലയിലും 2980 യൂണിറ്റുകൾ സേവന മേഖലയിലും 3543 യൂണിറ്റുകൾ വാണിജ്യ മേഖലയിലും പ്രവർത്തിക്കുന്നു. പുതിയ സംരംഭങ്ങൾ വഴി 273.35 കോടി രൂപയുടെ നിക്ഷേപവും 13559 പേർക്ക് തൊഴിലവസരങ്ങളും നൽകി. ഈ സംരംഭകരിൽ 44 % വനിതാ സംരഭകരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ വർഷം കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തണ്ണീർമുക്കം പഞ്ചായത്തിലാണ് (123 സംരംഭങ്ങൾ). നഗരസഭകളിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് മുന്നിൽ (392 സംരംഭങ്ങൾ).
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് 2022- 23 സാമ്പത്തിക വർഷം ജില്ലയിൽ നടപ്പിലാക്കിയ "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി വൻ വിജയമായിരുന്നു. 9666 സംരംഭങ്ങൾ ആരംഭിക്കുവാൻ ലക്ഷ്യമിട്ട പ്രസ്തുത പദ്ധതി പൂർത്തീകരിച്ചപ്പോൾ 9953 പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും അതുവഴി 527.57 കോടി രൂപയുടെ നിക്ഷേപവും 21213 പേർക്ക് തൊഴിലവസരവും നൽകുവാനും സാധിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ 100% പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല ആലപ്പുഴ ആണ്. ഇതിൻ്റെ തുടർച്ചയായി നടപ്പിലാക്കിയ സംരംഭക വർഷം 2.0 പദ്ധതിയിൽ 7000 സംരംഭങ്ങൾ ആരംഭിക്കുവാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും പദ്ധതി പൂർത്തികരിച്ചപ്പോൾ 7582 പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും അതുവഴി 434.5 കോടി രൂപയുടെ നിക്ഷേപവും, 14331 പേർക്ക് തൊഴിലവസരവും നൽകാൻ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ സാധ്യതക്കനുസരിച്ച് സംരംഭകരെ കണ്ടെത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 72 പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി 86 എൻ്റർപ്രൈസസ് ഡവലപ്മെൻ്റ് എക്സിക്യൂട്ടിവുകൾ (EDE) പ്രവർത്തിക്കുന്നുണ്ട്.
പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പുതിയ സംരംഭങ്ങൾക്കുളള ആശയങ്ങൾ നൽകുക, സംരംഭകത്വത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, സംരംഭം തുടങ്ങാൻ പ്രാപ്തരാക്കുക, ലൈസൻസ്, വായ്പ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുകൊടുക്കുക തുടങ്ങി ഓരോ ഘട്ടത്തിലും സഹായികളായി എൻറർപ്രൈസസ് ഡവലപ്മെൻ്റ് എക്സിക്യൂട്ടിവുകൾ ഉണ്ടാവും. കൂടാതെ സാമ്പത്തിക വർഷങ്ങളിലെ സംരംഭക വർഷം പദ്ധതിയിലെ സംരംഭകരുടെ നിലനിൽപ് -ഉറപ്പു വരുത്തുന്നതിനും എൻറർപ്രൈസസ് ഡവലപ്‌മെൻ്റ് എക്സിക്യൂട്ടീവുകൾ വഴി സാധിച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹെൽപ് ഡസ്കുകൾ വഴി എൻ്റർപ്രൈസസ് ഡവലപ്മെൻ്റ് എക്സിക്യൂട്ടീവുകൾ സംരംഭകർക്ക് കൈത്താങ് സഹായം നൽകുന്നതാണ്. സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിൽ പൊതു ബോധവൽക്കരണ ശിൽപശാലകൾ, ലോൺ ലൈസൻസ് സബ്സിഡി മേളകൾ, പഞ്ചായത്തടിസ്ഥാനത്തിൽ വിപണന മേളകൾ, സംരംഭക സംഗമങ്ങൾ എന്നിവയെല്ലാം സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. സംരംഭങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും വിപണി ഉറപ്പാക്കൽ സംരംഭങ്ങളുടെ സ്കെയിൽ അപ് എന്നിവയ്ക്കായി എം.എസ്.എം.ഇ ഇൻഷുറൻസ് കേരള ബ്രാൻഡ്, മിഷൻ 1000 തുടങ്ങി നിരവധി പദ്ധതികൾ വ്യവസായ വാണിജ്യവകുപ്പ് വഴി നടപ്പിലാക്കിവരുന്നു.
Content summery : Alappuzha has become the first district in the state to achieve 100% target in the financial year 2024-2025 as part of Entrepreneur Year 3.0 under the auspices of the State Department of Industry and Commerce.