For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറികൾ, പഠനത്തോടൊപ്പം കൃഷിയുമായി കുട്ടിക്കർഷകർ

02:36 PM Jan 10, 2024 IST | Priyanka Menon

ഞങ്ങളുടെ ഉച്ചഭക്ഷണത്തിന് ഉള്ളതെല്ലാം ഞങ്ങൾ വിളയിക്കുകയാണ് പതിവ്.. ആലപ്പുഴ കഞ്ഞിക്കുഴി മദർ തെരേസ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ റോഷിനിയുടെ വാക്കുകളാണിത്.. സ്കൂൾ ആവശ്യത്തിനുള്ള പച്ചക്കറികളെല്ലാം സ്കൂൾ അങ്കണത്തിൽ തന്നെ ഒരുക്കുകയാണ് ഇവിടത്തെ പതിവ്. ഇതിന് നേതൃത്വം വഹിക്കുന്നത് പ്രധാന അധ്യാപകനായ ഫാദർ ജോസഫ് കുറപ്പശ്ശേരിയാണ്. കൃഷി തൽപരരായ 50 കുട്ടികളുടെയും, സഹപ്രവർത്തകരുടെയും പിന്തുണയും അദ്ദേഹത്തിനുണ്ട്.

Advertisement

പന്തലിട്ട് രണ്ട് നേരം നനച്ചുണ്ടാക്കിയ പയറും പാവലവും വെണ്ടയും എല്ലാം കുട്ടികളിൽ മാത്രമല്ല കാഴ്ചക്കാരിലും ആനന്ദം പകർന്ന് നൽകുന്നതാണ്. വിദ്യാലയത്തിന്റെ പിന്നാമ്പുറം ഉള്ള സ്ഥലത്ത് കൂടുതലും പയർ കൃഷിയാണ് ചെയ്തിരിക്കുന്നത്. ഒപ്പം പാവൽ, വെണ്ട, ചീര തുടങ്ങിയവയും അതിരടയാളങ്ങൾ തീർത്ത് മനോഹരമായി കിടക്കുന്നുണ്ട്. കൃഷിയുടെ നല്ല പാഠങ്ങൾ പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് ഇവിടെ പച്ചക്കറിത്തോട്ടം ഒരുക്കിയതെന്ന് ഫാദർ ജോസഫ് കുറപ്പശ്ശേരി പറയുന്നു. ഗ്രൂപ്പ് തിരിച്ചാണ് ഇവിടെ ഓരോ കൃഷിയും ചെയ്യുന്നത്. വിത്ത് ഇടുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളിൽ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉണ്ടാകാറുണ്ട്. എട്ടു മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കൃഷിതൽപരായ വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്.

Advertisement

ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുപ്പ് നടത്തുമ്പോൾ ശരാശരി 15 കിലോ പയർ, 2 കിലോ വെണ്ട, 1 കിലോ പാവൽ അങ്ങനെ സ്കൂൾ ആവശ്യത്തിന് ഉള്ളതെല്ലാം ലഭിക്കാറുണ്ട്. മുഴുവനും ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയത് കൊണ്ട് തന്നെ ഒരുതരത്തിലുള്ള കീടനാശിനി പ്രയോഗവും ഇവിടെ നടത്താറില്ല. അതിരാവിലെ കുട്ടികൾ നേരത്തെ എത്തിയും, ക്ലാസ്സ് കഴിഞ്ഞുള്ള സമയവും ക്രമീകരിച്ചാണ് നനയും വളപ്രയോഗവും നടത്താറുള്ളത്. കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യുന്നതുകൊണ്ട് കുട്ടികൾക്ക് കൃഷി കൂടുതൽ ആസ്വാദകര്യവുമാകുന്നുണ്ട്. ഇതു കൂടാതെ സ്കൂളിലെ പച്ചക്കറി കൃഷിയും അതിൽ നിന്ന് ലഭിച്ച അറിവുകളും അവരുടെ വീടുകളിലും പച്ചക്കറി കൃഷി ചെയ്യാൻ അവരെ പ്രേരിപ്പിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്. വിത്ത് വിതയ്ക്കാനും, വളം ഇടാനും കീട നിയന്ത്രണത്തിനും ഉള്ള രീതികൾ കുട്ടികൾ കണ്ടു പഠിച്ചത് സ്കൂളിൽനിന്ന് നിന്നാകുമ്പോൾ അത് അവരിൽ ഉണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ലെന്ന് ജോസഫ് സാർ ചൂണ്ടിക്കാണ്ടുന്നു.

അഞ്ചുവർഷത്തിലേറെയായി ഇവിടെ കൃഷി ചെയ്യാറുണ്ട്. പ്രിസിഷൻ ഫാമിംഗ് രീതിയാണ് അവലംബിച്ചിരിക്കുന്നത്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചുള്ള കൃഷി ആയതുകൊണ്ട് തന്നെ ഇവിടത്തെ ഊണിന് രുചി കൂടുതലാണെന്നും കുട്ടികൾ പറയുന്നു. കാലാവസ്ഥയ്ക്ക് അനുസൃതമായി എല്ലാത്തരത്തിൽ ഉള്ള കൃഷിയും ഇവിടെ ചെയ്യാറുണ്ട്. ആദ്യം പച്ചക്കറികളുടെ വിളവെടുപ്പ് പൂർത്തിയാക്കുന്ന മുറയ്ക്ക് അടുത്ത കൃഷിക്കുള്ള തൈകൾ സജ്ജമാക്കുന്ന പതിവാണ് നിലവിലുള്ളത്. അങ്ങനെ ഒരു സ്കൂൾ വർഷം തന്നെ മൂന്നു തവണയെങ്കിലും വിളവെടുപ്പ് നടത്താറുണ്ട്. തുടക്കം കൃഷിയിൽ അത്ര വിളവ് കിട്ടിയില്ലെങ്കിലും ഇപ്പോൾ ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ളതെല്ലാം ഇവിടെനിന്ന് തന്നെ വിളയിക്കാൻ സാധിക്കുന്നുണ്ട്.

അതിനൊപ്പം കൈവിട്ടുപോയ കാർഷിക പൈതൃകം പുതുതലമുറയിലേക്കും പകർന്ന് നൽകുവാൻ സാധിക്കുന്നു എന്ന സന്തോഷത്തിലാണ് ഈ സ്കൂളിലെ അധ്യാപകർ. പഠനത്തിൽ മാത്രമല്ല, ഭക്ഷ്യ സ്വയ പര്യാപ്തതയിലും 100% നേടാൻ മദർ തെരേസ ഹൈസ്കൂളിന് കഴിഞ്ഞു എന്നത് ഒരു പ്രചോദനമാണ്. മറ്റെല്ലാം സ്കൂളുകളും മാതൃകയാക്കേണ്ട ഒന്നാണ് ഈ സ്കൂൾ മുറ്റത്തെ പച്ചക്കറി കൃഷി.

Advertisement