പരിമിതമായ പരിചരണം മതി, കറ്റാര്‍വാഴ കൃഷി ചെയ്യാം എളുപ്പത്തില്‍
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ മുന്‍പന്തിയിലാണ്. പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് നല്ലതാണ്. ദഹന സംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, ചര്‍മ്മരോഗങ്ങള്‍, തീ പൊള്ളലേറ്റ വ്രണങ്ങള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധം കൂടിയാണ് കറ്റാര്‍വാഴ.
കള്ളിമുള്‍ വിഭാഗത്തില്‍പ്പെട്ട കറ്റാര്‍വാഴ ഏത് വരള്‍ച്ചയിലും കൃഷി ചെയ്യാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും നല്ലത്.കറ്റാര്‍വാഴ കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായത് കറുത്ത മണ്ണാണ്. നല്ല വെയിലുള്ള സ്ഥലത്ത് കൃഷി ചെയ്യണം. വെയില്‍ കുറഞ്ഞാല്‍ കൂടുതലായി ഇലകളുണ്ടാകില്ല. കട്ടയില്ലാത്ത മണ്ണാണ് വേണ്ടത്.
മണ്ണ് കിളച്ചൊരുക്കി ചാണകമോ ആട്ടിന്‍കാഷ്ഠമോ അടിവളമായി ചേര്‍ക്കാം. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം കറ്റാര്‍വാഴ നടാം.50 സെന്റിമീറ്റര്‍ അകലത്തിലായിരിക്കണം തൈകള്‍ നടേണ്ടത്. വേര് മാത്രം മണ്ണിനടിയില്‍ ഉറപ്പിച്ച് വെച്ചാണ് തൈകള്‍ നടേണ്ടത്. വേരുകള്‍ മുറിയാത്ത രീതിയില്‍ ചെറുതായി മണ്ണിളക്കിക്കൊടുത്താല്‍ നന്നായി വളരും. ഒരു വര്‍ഷം മൂന്ന് തവണ പോള മുറിച്ചെടുക്കാം. ആറ് മാസം പ്രായമായ ചെടിയില്‍ നിന്ന് വിളവെടുക്കാം.
കറ്റാര്‍വാഴയുടെ സാധ്യത ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് മരുന്നുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിപണിയിലാണ്.
Content summery : Alovera Farming tips