അമുക്കുരം
ഔഷധാവശ്യങ്ങൾക്കായി ഇന്ത്യയിലെല്ലായിടത്തുംതന്നെ കൃഷി ചെയ്യുന്നൊരു സസ്യമാണ് അമുക്കുരം. പൂച്ചെടിയാണിവ. സൊളനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് സൂര്യകാന്തിയും തക്കാളിയും മുളകുമെല്ലാം ഉൾപ്പെടുന്ന കുടുംബം. വിഥാനിയ സോംനിഫെറ എന്നാണ് ശാസ്ത്രനാമം. പീവെട്ട, പിവട്ട, എന്നൊക്കെയും പേരുകളുണ്ട്. അശ്വഗന്ധ എന്നാണ് സംസ്കൃതത്തിൽ അറിയപ്പെടുന്നത്.
ഒരു മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടിയാണിവ. മൂന്ന്-നാല് വർഷം കൊണ്ട് തന്നെ ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യും. കടും പച്ച നിറമാണ് ഇലകൾക്ക്. പച്ച കലർന്ന മഞ്ഞ നിറമുള്ള ചെറിയ പൂക്കൾ. രൂക്ഷഗന്ധമാണ് ഇവയുടെ വേരുകൾക്ക്.
അമുക്കുരത്തിന്റെ ഇലയും വേരും കിഴങ്ങുമാണ് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. വിത്തു മുളപ്പിച്ചും തണ്ട് ഒഴിച്ചു നട്ടും പുതിയ തൈകൾ ഉല്പാദിപ്പിക്കാവുന്നതാണ്. തൈകൾ നട്ട് 6 മാസം കൊണ്ട് തന്നെ വിളവെടുക്കാം. കായ്കൾ പഴുക്കുമ്പോൾ കിഴങ്ങ് പറിച്ചുണക്കി വിൽക്കാവുന്നതാണ്.
വിഥനോലിഡ്സ്, വിഥാഫെറിൻ, ട്രോപ്പിൻ, സ്റ്റിറോയ്ഡൽ ലാക്ടോൺ, ആൽക്കലോയ്ഡുകൾ, എന്നിവയാണ് അമുക്കുരത്തിൽ കൂടുതലായുള്ള ഫൈറ്റോ കെമിക്കലുകൾ. ആയുർവേദത്തിൽ വാതം, കഫം, ക്ഷതം, ചുമ, ക്ഷയം, എന്നീ രോഗങ്ങൾക്ക് പരിഹാരമായി അമുക്കുരം ഉപയോഗിക്കുന്നു.