അണലിവേഗം ഔഷധസസ്യം
അപ്പോസയനേസിയെ സസ്യ കുടുംബത്തിലെ ഒരു ഔഷധ സസ്യമാണ് അണലിവേഗം. ഇവ പറമ്പിൽ ഉണ്ടെങ്കിൽ പാമ്പ് വരില്ല എന്നാണ് വിശ്വാസം. ആൾസ്റ്റോണിയ വെനിറ്റേറ്റ എന്നാണ് ശാസ്ത്രനാമം. പോയിസൺ ഡേവിൾ ട്രീ എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. ഇലപൊഴിയും കാടുകളാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം.
കുറ്റിച്ചെടിയായും ചെറു മരമായും വളരുന്ന സസ്യമാണ് അണലിവേഗം. ആറു മീറ്റർ വരെ പൊക്കത്തിൽ വളരും. നല്ല നീളമുള്ള ഇലകളാണ് ഇവയ്ക്ക്. അഞ്ചിതളുകളുള്ള വെളുത്ത പൂക്കൾ. തണ്ടും ഇലയുമൊക്കെ ഒടിച്ചാൽ പാലു പോലുള്ള ദ്രാവകം പുറത്തു വരുന്നതായി കാണാം. ഇവയുടെ കുടുംബത്തിന്റെ പ്രത്യേകതയാണത്.
ഒത്തിരി ഫൈറ്റോ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് അണലിവേഗത്തിൽ. ടെർപ്പിനോയിഡ്, ടാനിൻ, ഫിനോൾസ്, കാർഡിയാക് ഗ്‌ളൈക്കോസൈഡ്, ആൽക്കലോയ്ഡ്, എന്നിവ അവയിൽ ചിലതാണ്. ഇൻഡോൾ എന്ന ഘടകമാണ് കൂടുതലായും ഉള്ളത്. ഇവയുടെ ഔഷധ ഗുണങ്ങൾക്ക് കാരണം ഇവയിലുള്ള ഫൈറ്റോ കെമിക്കലുകളാണ്.
പനി, ത്വക്ക് രോഗങ്ങൾ, എന്നിവയ്ക്ക് പരിഹാരമായി അണലിവേഗം ഉപയോഗിക്കാറുണ്ട്. പാമ്പിൻ വിഷത്തിന് പ്രതിവിധിയായും ഇവ ഉപയോഗിക്കുന്നു.