ഇമ്മിണി വല്യ ആനച്ചുവടി
ഒരു ഉഷ്ണമേഖലാ സസ്യമാണ് ആനച്ചുവടി. സൂര്യകാന്തിയുടെയൊക്കെ ബന്ധു. എലഫന്റോപ്പസ് സ്ക്യാബർ എന്നാണ് ശാസ്ത്രനാമം. ആനയടി, ആനയടിയൻ, ഒറ്റവേരൻ, എന്നിങ്ങനെയും പേരുകളുണ്ട് ആനച്ചുവടിക്ക്. നിലം പറ്റി വളരുന്ന ചെടിയാണിത്. ആനയുടെ കാൽപ്പാടുകൾ പോലെ തോന്നും ഇവ കണ്ടാൽ. അതുകൊണ്ടാണ് ആനച്ചുവടി എന്ന പേര്. ഡിസംബർ - ജനുവരി മാസങ്ങളിലാണ് ഇവയുടെ പൂക്കാലം. പൂവ് കൊഴിഞ്ഞു പോയതിനുശേഷം ഉണ്ടാവുന്ന വിത്തുകളിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാകുന്നത്.
ആനച്ചുവടിയിലെ എലഫന്റോപ്പിൻ എന്ന ഘടകത്തിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലുമൊക്കെ ഒത്തിരി പ്രാധാന്യമുണ്ട് ആനച്ചുവടിക്ക്. പനി, വാദം, മൂത്രത്തിലെ പഴുപ്പ്, എന്നിവയ്ക്കൊക്കെ ആനച്ചുവടി ഉപയോഗിക്കുന്നുണ്ട്. മുടി കൊഴിച്ചിലും താരനും മാറുന്നതിന് ഇവയുടെ ഇലകൾ ഉപയോഗിക്കാറുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ടോൺസിലൈറ്റിസിനും ആനച്ചുവടി ഒരു പരിഹാരമാർഗ്ഗമാണ്. പ്രമേഹത്തിനും കൊളസ്ട്രോളിനുമുള്ള ഔഷധമായും ഇവ ഉപയോഗിക്കുന്നുണ്ട്. അയൺ ഒത്തിരി അടങ്ങിയിട്ടുള്ളതു കൊണ്ട് വിളർച്ച മാറുന്നതിനും ഉപയോഗിക്കുന്നു. ഇവയിലുള്ള ലൂപ്പിയോൾ, സ്റ്റിഗ്മാസ്റ്റിറോൾ തുടങ്ങിയ ഘടകങ്ങളാണ് ആനച്ചുവടിക്ക് ഇത്രയധികം ഔഷധഗുണങ്ങൾ നൽകുന്നത്.