പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച റീബില്‍ഡ് കേരള വഴിയുള്ള മൃഗസംരക്ഷണ ജീവനോപാധി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം, തീറ്റപ്പുല്‍കൃഷി, തൊഴുത്ത് നിര്‍മ്മാണം, ഫാം ആധുനികവല്‍ക്കരണം, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ ജീവനോപാധി പദ്ധതികളാണ് നടപ്പാക്കുന്നത്. 2018ലെ മഹാപ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം ലഭിച്ചവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11നകം നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ അതത് വെറ്ററിനറി ആശുപത്രികളില്‍ സമര്‍പ്പിക്കണമെന്ന് ആലപ്പുഴ ജില്ല മൃഗ സംരക്ഷണ ഓഫീസസര്‍ അറിയിച്ചു.
പശു വളര്‍ത്തല്‍ പദ്ധതിയ്ക്ക് യൂണിറ്റിന് അറുപതിനായിരം രൂപ സബ്സിഡി നല്‍കും. തൊള്ളായിരം യൂണിറ്റുകള്‍ക്കായി അഞ്ച് കോടി നാല്‍പ്പത് ലക്ഷം രൂപയാണുള്ളത്. കിടാരി വളര്‍ത്തല്‍ പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് പതിനയ്യായിരം രൂപ വീതം ഇരുനൂറ് യൂണിറ്റുകള്‍ക്കായി മുപ്പത് ലക്ഷം രൂപ, ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് ഇരുപത്തയ്യായിരം രൂപ വീതം നൂറ്റി അന്‍പത് യൂണിറ്റുകള്‍ക്കായി മുപ്പത്തി ഏഴ് ലക്ഷത്തി അന്‍പതിനായിരം രൂപ, കോഴി വളര്‍ത്തല്‍ പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് അഞ്ഞൂറ് രൂപ വീതം രണ്ടായിരം യൂണിറ്റുകള്‍ക്കായി പത്ത് ലക്ഷം രൂപ, താറാവ് വളര്‍ത്തല്‍ പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് ആയിരത്തി ഇരുനൂറ് രൂപ വീതം ആയിരത്തി അഞ്ഞൂറ് യൂണിറ്റുകള്‍ക്കായി പതിനെട്ട് ലക്ഷം രൂപ, കന്നുകുട്ടി പരിപാലനം പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ വീതം അഞ്ഞൂറ്റി അന്‍പത് യൂണിറ്റുകള്‍ക്കായി അറുപത്തി എട്ട് ലക്ഷത്തി എഴുപത്തയ്യായിരം രൂപ, തീറ്റപ്പുല്‍കൃഷി പദ്ധതിയ്ക്ക് ഹെക്ടറിന് മുപ്പതിനായിരം രൂപ വീതം ഇരുനൂറ് യൂണിറ്റുകള്‍ക്കായി അറുപത് ലക്ഷം രൂപ, കാലിത്തീറ്റ സബ്സിഡി പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് ആറായിരം രൂപ വീതം ആയിരം യൂണിറ്റുകള്‍ക്കായി അറുപത് ലക്ഷം രൂപ, തൊഴുത്തു നിര്‍മ്മാണം പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് ഇരുപത്തയ്യായിരം രൂപ വീതം നാനൂറ് യുണിറ്റുകള്‍ക്കായി ഒരു കോടി രൂപ, ഫാം ആധുനികവല്‍ക്കരണം പദ്ധതിയ്ക്ക് യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപ വീതം പതിനഞ്ച് യൂണിറ്റുകള്‍ക്കായി പതിനഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് സബ്സിഡി നല്‍കുന്നത്.
പദ്ധതി പ്രകാരം ജില്ലയിലെ 6915 പേര്‍ക്ക് പ്രയോജനം ലഭിക്കും. ഒന്‍പത് കോടി മുപ്പത്തി ഒന്‍പത് ലക്ഷം രൂപയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്.