For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ജലസസ്യങ്ങള്‍ അക്വേറിയത്തില്‍ നട്ടുവളര്‍ത്തിയാല്‍ പലതുണ്ട് ഗുണങ്ങള്‍

10:01 AM Jul 12, 2021 IST | Agri TV Desk

അക്വേറിയത്തില്‍ ജീവനുള്ള ജലസസ്യങ്ങള്‍ വളര്‍ത്തുന്നത് കൊണ്ട് അഴക് മാത്രമല്ല, മറ്റു ചില ഗുണങ്ങളുമുണ്ട്. വാലിസ്‌നേറിയ, കബംബ, ആമസോണ്‍ തുടങ്ങിയ ജലസസ്യങ്ങള്‍ക്ക് പുറമെ ഇന്ന് വിപണിയില്‍ പല രൂപത്തിലും നിറത്തിലുമുള്ള സങ്കരയിനം ജലസസ്യങ്ങളും ലഭ്യമാണ്.

Advertisement

ജലസസ്യങ്ങളെ പ്രധാനമായും എല്ലാവരും കാണുന്നത് അക്വേറിയത്തില്‍ അലങ്കാരമായിട്ടായിരിക്കും. റൊട്ടാല, ലഡ്‌വീജിയ, ജയന്റ് മിന്റ്, അമ്മാനിയ, അക്കോറസ് തുടങ്ങിയവ നീളമുള്ള തണ്ടും നിറയെ ഇലകളുമുള്ള ചെടികളാണ്. ചെറുചെടികളാണ് വേണ്ടതെങ്കില്‍ മൈക്രാന്തസ്, ചുവന്ന ആമ്പല്‍, ഇന്ത്യന്‍ റെഡ് സ്വോര്‍ഡ്, ഹെയര്‍ ഗ്രാസ് എന്നിവ തെരഞ്ഞെടുക്കാം. പുല്‍ത്തകിടി പോലെ വളര്‍ത്താന്‍ കഴിയുന്നവയാണ് ഹീമാന്തസ്, ഡ്വാര്‍ഫ് ഗ്രാസ്, ഗ്ലാസ്സോസ്റ്റിഗ്മ, റിക്‌സിയ ഫ്‌ളൂയിറ്റന്‍സ് തുടങ്ങിയവ. ഇനി അധികം ശ്രദ്ധ കൊടുക്കേണ്ടാത്ത ചെടികളാണ് അക്വേറിയത്തിലിടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നല്ലത് മിന്റ്, ആമസോണ്‍, ഫോക്‌സ് ഫേണ്‍, ലഡ്വീജിയ എന്നിവയാണ്.

വെളിച്ചമുള്ള സമയത്തെല്ലാം അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് വേണ്ട പ്രാണുവായു ഉല്‍പ്പാദിപ്പിച്ചു നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. കൂടാതെ അക്വേറിയത്തില്‍ പായല്‍ കയറി മലിനമാകുന്നതിന് കാരണമാകുന്ന നൈട്രജന്‍ അടങ്ങിയ ഭക്ഷ്യാവശിഷ്ടങ്ങളും വിസര്‍ജ്യവും ചെടികളുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടും. ജലത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ജൈവ അരിപ്പയായും സസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

Advertisement

വീടിനുള്ളില്‍ പച്ചപ്പിന്റെ അലങ്കാരമാകാനും ജലസസ്യങ്ങള്‍ സഹായിക്കുന്നു. അതിനുപരി മത്സ്യങ്ങള്‍ക്ക് ജീവിതചക്രം പൂര്‍ത്തിയാക്കാനും ജലസസ്യങ്ങള്‍ സഹായിക്കുന്നു.ജലസസ്യങ്ങളുടെ ഇലകളിലും തണ്ടുകളിലും മത്സ്യങ്ങള്‍ മുട്ടയിടും. മുട്ടവിരിഞ്ഞു പറുത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ഇലകള്‍ ഒളിയ്ക്കാനിടം നല്‍കുന്നു.

ജലസസ്യങ്ങള്‍ അക്വേറിയത്തില്‍ ഉപയോഗിക്കുമ്പോള്‍ പലരും നേരിടുന്നൊരു പ്രശ്നമാണ് ചില മീനുകള്‍ ഇവ തിന്നുനശിപ്പിക്കുന്നത്. ഗോള്‍ഡ് ഫിഷ്, കാര്‍പ്, ഷാര്‍ക്ക് തുടങ്ങിയവ ചെടികളുടെ ഇലകള്‍ തിന്നുനശിപ്പിക്കാറുണ്ട്. അത്തരം സാഹചര്യത്തില്‍ ഈ മീനുകളെ ഒഴിവാക്കി പകരം ഗപ്പി, സീബ്രാ ഫിഷ്, ഏഞ്ചല്‍ ഫിഷ്, സ്വാര്‍ഡ് ട്രെയില്‍, ഡിസ്‌കസ്, പ്ലാറ്റി എന്നീ മത്സ്യങ്ങളെ വളര്‍ത്താം. ചെടികളുടെ ഇലകള്‍ നശിക്കുകയാണെങ്കില്‍ അവ അപ്പോള്‍ തന്നെ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ പായലുണ്ടാകാന്‍ കാരണമാകും.

Tags :
Advertisement