ഒത്തിരി ഉത്തമം ബാർലി
വേനൽച്ചൂടിനെ മറികടക്കാൻ ബാർലി വെള്ളത്തേക്കാൾ മികച്ച പാനീയം ഇല്ല എന്ന് വേണം പറയാൻ. പോയെസിയെ സസ്യകുടുംബത്തിൽ പെടുന്ന പുൽച്ചെടിയാണ് ബാർലി. ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങളിലൊന്നാണിവ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് യൂറേഷ്യയിൽ ആദ്യമായി കൃഷി ചെയ്യപ്പെട്ട ധാന്യങ്ങളിൽ ഒന്നുകൂടിയാണ് ബാർലി. ഹോർഡിയം വൾഗേർ എന്നാണ് ബാർലിയുടെ ശാസ്ത്രനാമം.
കന്നുകാലികൾക്ക് തീറ്റയായും ആൾക്കഹോളിക് പാനീയങ്ങൾ ഉണ്ടാക്കുവാനും ബ്രഡ്, സൂപ്പ്, എന്നിവയൊക്കെ തയ്യാറാക്കുവാനും ബാർലി ഉപയോഗിക്കുന്നു. 2017 ലെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ധാന്യങ്ങളിൽ നാലാം സ്ഥാനമാണ് ബാർലിക്ക്.
ആരോഗ്യപരമായ ഒത്തിരി ഗുണങ്ങളുണ്ട് ഇവക്ക്. നാരുകളാൽ സമ്പന്നമാണിവ. ഓട്സിൽ കാണുന്നതുപോലുള്ള ബീറ്റ ഗ്ളൂക്കനുകൾ ബാർലിയിലും ഒത്തിരിയുണ്ട്. മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, എന്നീ മൂലകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ബാർലി വേവിച്ചും വെള്ളം തയ്യാറാക്കിയും കഴിക്കാവുന്നതാണ്. ശരീരഭാരം യഥാരീതിയിൽ നിലനിർത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനുമൊക്കെ ബാർലി ശീലിക്കുന്നതിലൂടെ സാധിക്കും.