പക്ഷിപ്പനി: കരുതലും ജാഗ്രതയും കൈവിടരുത്
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയും കരുതലും ആവശ്യമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. ഇത് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ഇടയുണ്ടെങ്കിലും സാധ്യത കുറവാണ്. എന്നാല്‍ മനുഷ്യരില്‍ രോഗബാധയുണ്ടായാല്‍ രോഗം ബാധിച്ച പകുതിയിലേറെ പേര്‍ക്കും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെതിരെ കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം പടരുന്നതെങ്ങനെ
പക്ഷികളുടെ ശ്വാസനാളത്തെയും ദഹന വ്യവസ്ഥയെയുമാണ് വൈറസ് ബാധിക്കുന്നത.് അതിനാല്‍ പക്ഷികളുടെ കണ്ണില്‍ നിന്നും വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്ന സ്രവത്തിലും കാഷ്ഠത്തിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. പക്ഷികളുടെ തൂവലില്‍ ആഴ്ചകളോളം വൈറസ് നിലനില്‍ക്കും.
രോഗബാധിതരായ പക്ഷികളുമായി അടുത്ത് ഇടപഴകുമ്പോള്‍ മനുഷ്യരുടെ കണ്ണ്, മൂക്ക് വായ ഇവയിലെ നേര്‍ത്ത സ്തരങ്ങളിലൂടെയും ശ്വസിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തില്‍ കടക്കാം. രോഗബാധയുള്ള പക്ഷികളുടെ സ്രവങ്ങളും കാഷ്ഠവും വീണ പ്രതലങ്ങള്‍, വസ്തുക്കള്‍ ഇവയില്‍ സ്പര്‍ശിക്കുന്നതിലൂടെയും വൈറസ് പിടിപെടാന്‍ ഇടയുണ്ട്. രോഗബാധിതരായ പക്ഷികളുടെ സ്രവവും കാഷ്ടവും മറ്റും കലര്‍ന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാന്‍ അപൂര്‍വ്വമായെങ്കിലും സാധ്യതയുണ്ട്.
രോഗം സ്ഥിരീകരിച്ച പക്ഷികളായോ രോഗം ബാധിച്ച് ചത്തപക്ഷികളായോ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഇല്ലാതെ അടുത്ത സമ്പര്‍ക്കം(ആറടി അകലത്തില്‍) ഉണ്ടായാല്‍ രോഗബാധക്കുള്ള സാധ്യത കൂടുതലാണ്. പോള്‍ട്രി ഫാമുകളിലെ ജോലിക്കാര്‍, കശാപ്പു ജോലിക്കാര്‍, കള്ളിംഗില്‍ ഏര്‍പ്പെടുന്നവര്‍, രോഗബാധയുള്ള പക്ഷികളുടെ മാംസം കൈകാര്യം ചെയ്യുന്നവര്‍, രോഗബാധയുള്ള പക്ഷികളുടെ മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.
എങ്ങനെ പ്രതിരോധിക്കാം
പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക.
രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠത്തില്‍ നിന്നും മറ്റു സ്രവങ്ങളില്‍ നിന്നും വളര്‍ത്തു പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും രോഗബാധയുണ്ടാകാന്‍ ഇടയുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളുടെയും മറ്റു വളര്‍ത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക. പക്ഷികളുടെ സ്രവമോ കാഷ്ഠമോ വീണ പ്രതലങ്ങളില്‍ സ്പര്‍ശിച്ചോ ദേഹത്ത് വീണോ സമ്പര്‍ക്കം ഉണ്ടായാല്‍ ഉടനെ സോപ്പിട്ട് കഴുകുകയോ കുളിക്കുകയോ വേണം. രോഗമുളള പക്ഷികള്‍, ചത്ത പക്ഷികള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ അതാത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വേണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
വ്യക്തിശുചിത്വം പ്രധാനം
ചത്ത പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. ചത്ത പക്ഷികളെ മറവ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതാത് പ്രദേശത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം മറവ് ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകരെയും വിവരമറിയിക്കുക. രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും കൈകാര്യം ചെയ്യുമ്പോഴും വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മാസ്‌കും നീളമുള്ള കൈയ്യുറയും ധരിക്കണം. കൈകള്‍ സോപ്പിട്ട് കഴുകണം. ചത്ത പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം. ഇറച്ചി, മാംസം എന്നിവ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക. ബുള്‍സൈ പോലുള്ള പകുതി വേവിച്ച മുട്ടകള്‍ കഴിക്കുന്നത് ഒഴിവാക്കുക. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട, മാംസം തുടങ്ങിയ പോള്‍ട്രി ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മനുഷ്യരിലെ രോഗലക്ഷണങ്ങള്‍
ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങളാണ്.
രോഗ പകര്‍ച്ചയ്ക്ക് സാധ്യതയുള്ളവര്‍ പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കമില്ലാതെ കഴിക്കുക. വളര്‍ത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കുക. പക്ഷികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മാംസാവശിഷ്ടങ്ങളും ആഹാരാവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്‌കരിക്കുക.
പക്ഷികളിലെ അസ്വാഭാവിക മരണങ്ങള്‍ ശ്രദ്ധിക്കുക
കാക്കകളിലും മറ്റ് പറവകളിലും വളര്‍ത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കണമെന്ന് മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. കാക്കകളെയും മറ്റു പക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതു നിരത്തിലോ വെളിയിടങ്ങളിലോ വലിച്ചെറിയുന്നത് ഒഴിവാക്കുക. ഫാമുകളിലും കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുക, ചന്തകളില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് ഒഴിവാക്കുക, വീടുകളിലെ ഖരമാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക, വനത്തിന് അരികിലായുള്ള പ്രദേശങ്ങളില്‍ പക്ഷികളില്‍ അസ്വാഭാവിക മരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കുക തുടങ്ങി കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.
രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കാനും
നിരീക്ഷണ മേഖലയില്‍ ദേശാടനക്കിളികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെ മരണം ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനും ശ്രദ്ധിക്കണം. ചത്ത പക്ഷികളെ പരിസരത്ത് കാണുകയാണെങ്കില്‍ കയ്യുറയും മാസ്‌കും ധരിച്ച് ഏറ്റവും കുറഞ്ഞത് അരമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് വേണം അവയെ മറവ് ചെയ്യാന്‍. ഉപയോഗിച്ച മാസ്‌കും കൈയുറകളും കത്തിച്ചുകളയുകയും വേണം.