കടല്‍ കടന്നെത്തിയ കപ്പ കൃഷി ചെയ്യേണ്ടതിങ്ങനെ
കപ്പ, കൊള്ളി, മരച്ചീനി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ടാപ്പിയോക്ക. കപ്പയുടെ പൊടിയ്ക്ക് പറയുന്ന പേരാണ് യഥാര്‍ത്ഥത്തില്‍ ടാപ്പിയോക്ക. മാനിഹോട്ട് എസ്‌കുലാന്റാ (Manihot esculanta) എന്ന് ശാസ്ത്രനാമമുള്ള കപ്പയെ ഇംഗ്ലീഷില്‍ Cassava എന്നാണ് വിളിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ കപ്പകൃഷിയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. രാജ്യത്ത് 54% കപ്പ ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളില്‍ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും മുന്നിലാണ് കപ്പ. മലബാറിലായിരുന്നു പോര്‍ച്ചുഗീസുകാരുടെ മേല്‍നോട്ടത്തില്‍ കപ്പകൃഷി പ്രചരിച്ചിരുന്നത്.
യൂഫോര്‍ബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമാണ് മരച്ചീനി. ബ്രസീല്‍ ജന്മസ്ഥലമായ മരച്ചീനിയെ പോര്‍ച്ചുഗീസുകാരാണ് ഏഷ്യ ഭൂഖണ്ഡത്തിലെത്തിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഇന്ത്യ, ശ്രീലങ്ക, ജാവാ, ചൈനാ, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്വാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ കപ്പകൃഷി വ്യാപകമായത്. വിശാഖം തിരുനാള്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് സാധ്യത തിരിച്ചറിഞ്ഞ് പ്രദേശത്ത് കപ്പയെ പരിചയപ്പെടുത്തിയത്. മലയ പോലുള്ള പ്രദേശങ്ങളില്‍ നിന്നും പുതിയ ഇനം മരച്ചീനികള്‍ മഹാരാജാവ് കേരളത്തിലെത്തിച്ചു.
സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. കുറഞ്ഞ കാലദൈര്‍ഘ്യം കൊണ്ട് വിളവെടുപ്പിന് കപ്പ പര്യാപ്തമാകുന്നു. കപ്പ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം നീര്‍വാര്‍ച്ചയുള്ള മണ്ണാണ്. മണ്ണ് ഇളക്കി കൂനകള്‍ ഉണ്ടാക്കിയാണ് സാധാരണ കൃഷി ചെയ്യാറ്. വെള്ളം കെട്ടിനില്‍ക്കാത്ത മണല്‍ക്കൂട്ടുന്ന നിലങ്ങളില്‍ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണില്‍ കുഴിച്ച് വച്ചാണ് വളര്‍ത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റര്‍ അകലത്തില്‍ വേണം നടാന്‍. എട്ട് മുതല്‍ പത്ത് മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നു. കപ്പ കൃഷിക്ക് അനുയോജ്യമല്ലാത്ത കാലമാണ് ശൈത്യം.
പെരുച്ചാഴി, എലി വര്‍ഗത്തില്‍പ്പെട്ട ജീവികളാണ് കപ്പയ്ക്ക് ഭീഷണി. മൊസേക് രോഗമാണ് മരച്ചീനിയില്‍ മുഖ്യമായി കണ്ടവരുന്നത്. മുന്‍കരുതല്‍ എടുക്കുക വഴി മാത്രമേ നിയന്ത്രിക്കാന്‍ സാധിക്കൂ. ഒരു വര്‍ഷത്തെ വിളയില്‍ നിന്നും അടുത്ത വര്‍ഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ രോഗബാധയേറ്റ കമ്പുകള്‍ കൃഷിയില്‍ നിന്നും ഒഴിവാക്കുക. സങ്കരയിനങ്ങളായ എച്ച് - 165, എച്ച് - 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയന്‍ - 4 എന്നിവയില്‍ രോഗം പകരുന്നത് 5% മാത്രമാണ്.
രോഗമില്ലാത്ത കമ്പുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ഇങ്ങനെയുള്ള കമ്പുകളുടെ മുകുളങ്ങള്‍ മാത്രം വേര്‍തിരിച്ച് പ്രത്യേക മാധ്യമത്തില്‍ വികസിപ്പിച്ച് എടുത്തു നടുന്നതുവഴിയും ഈ രോഗം കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കും.
Content summery : Tapioca farming tips