കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ
തൃശ്ശൂർ ജില്ലയിലെ മതിലകം സ്വദേശി അസീനയുടെ വീട്ടുമുറ്റത്തെത്തിയാൽ കള്ളിമുൾച്ചെടികളുടെ ഒരു വൻ ശേഖരം തന്നെ കാണാം. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ആയിരത്തിൽ അധികം കള്ളിമുൾച്ചെടികളുടെ ഇനങ്ങളാണ് അസീന വളരെ അടുക്കും ചിട്ടയോടെ വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുന്നത്. പൂക്കളെയും ചെടികളെയും വളരെയധികം ഇഷ്ടപ്പെടുന്ന അസീനയെ തേടി ഉദ്യാന ശ്രേഷ്ഠ പുരസ്കാരം വരെ എത്തിയിട്ടുണ്ട്. കള്ളിമുൾ ചെടികൾ വീട്ടിൽ വെച്ചാൽ വിപത്ത് വരുമെന്നാണ് പൊതുവേ സമൂഹത്തിലെ ധാരണ എന്നാൽ ഈ ധാരണയെ തിരുത്തിക്കുറിക്കുകയാണ് ഈ വീട്ടുമുറ്റം.
കള്ളിമുൾച്ചെടികൾ അസീനയ്ക്ക് മികച്ച ആദായമാണ് തരുന്നത്. ഇപ്പോൾ ധാരാളം പേർക്ക് അസീന കള്ളിമുൾച്ചെടികൾ ഓൺലൈൻ വഴിയും അല്ലാതെയും അയച്ച് നൽകുന്നുണ്ട്. വരണ്ട പ്രദേശങ്ങളിൽ വളരാൻ ആഗ്രഹിക്കുന്ന കാക്റ്റേസീ വിഭാഗത്തിൽപ്പെട്ട ചെടികളാണ് കള്ളിമുൾച്ചെടികൾ. വളരെ എളുപ്പത്തിൽ ഇവയെ പരിചരിക്കാം എന്നതാണ് കള്ളിമുൾച്ചെടികൾക്ക് ആരാധകർ കൂടാൻ കാരണം. കടുക് മണിയേക്കാൾ ചെറിയ വിത്തുകൾ ആണ് സാധാരണ കള്ളിമുൾച്ചെടികൾക്ക് ഉണ്ടാകാറുള്ളത്. ഇത് എളുപ്പത്തിൽ മുളപ്പിക്കാനും പിന്നീട് ഗ്രാഫ്റ്റ് ചെയ്യുവാനും അധിക അധ്വാനം വേണ്ട എന്ന് ഹസീന പറയുന്നു.
പന്തിന്റെ ആകൃതിയുള്ളവയും പരന്നവയും മടക്കുകളും ഉള്ളതുമായ വൈവിധ്യമാർന്ന ചെടികളാണ് കള്ളിമുൾച്ചെടികളുടെ ആകർഷണീയത. അസീനയെ പോലെ ധാരാളം വീട്ടമ്മമാർ ഇന്ന് കള്ളിമുൾ ചെടികളുടെ വിപണനത്തിലൂടെ ആദായം നേടുന്നുണ്ട്.