എരിവേറും കാന്താരി; എന്നാലും വിപണിയില്‍ താരം
കാന്താരിമുളകാണ് നിലവില്‍ വിപണിയില്‍ താരമാണ് മുളകിനം. 1200 രൂപ വരെ ഇതിന്റെ വില എത്തിയിരുന്നു. സോളന്‍സിയേ കുടുംബത്തില്‍പ്പെട്ട കാപ്‌സികം മിനിമം എന്ന ശാസ്ത്രനാമത്തിലാണ് കാന്താരി അറിയപ്പെടുന്നത്. എളുപ്പത്തില്‍ വീട്ടുപരിസരത്ത് കാന്താരി മുളകിന്റെ ചെടി നട്ടുവളര്‍ത്താം.
നാട്ടിന്‍പുറങ്ങളിലും മറ്റുമുണ്ടാകുന്ന കാന്താരി മുളകിന്റെ ചെടിയില്‍ നിന്ന് സംഘടിപ്പിക്കുന്ന പഴുത്ത കായകള്‍ കീറി ചെറിയ വിത്തുകള്‍ അല്പം വെയിലത്ത് ഉണക്കിയെടുക്കുകയാണ് പതിവ്. ഈ വിത്തുകള്‍ മുളപ്പിച്ചെടുക്കും. മണ്ണ് നന്നായി പൊടിയാക്കിയതിനുശേഷം അതില്‍ ചാണകപ്പൊടിയും മണലും കൂട്ടിക്കലര്‍ത്തി തരിച്ചെടുത്തതിനുശേഷം അല്‍പം വെള്ളം നനച്ച് അതിലാണ് വിത്തുകള്‍ വിതക്കേണ്ടത്. വിത്ത് വിതറിയ ശേഷം പുളിയില പോലുള്ള ചെറിയ ഇലകള്‍ മുകളില്‍ വിതറി ഒരു ദിവസം ഇടവിട്ട് നനച്ചു കൊടുക്കാം. നാലഞ്ചു ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും. അതിലേക്ക് കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും കുതിര്‍ത്തതിന്റെ തെളിവെള്ളവും ചാണകം കലക്കിയതിന്റെ തെളിവെള്ളവും ചേര്‍ത്ത് വേരുകള്‍ പൊങ്ങിപ്പോവാത്ത തരത്തില്‍ ഒഴിച്ചു കൊടുക്കണം.വേര് പൊട്ടിപോകാതെ പറിച്ചെടുത്ത് ഒരു മീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ നടാന്‍. വെയിലുള്ള സ്ഥലമാണെങ്കില്‍ തണല്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. വേനലില്‍ ദിവസവും നനച്ചുകൊടുക്കണം. തൈകള്‍ വേരുപിടിച്ച് കഴിഞ്ഞാല്‍ തടത്തില്‍ റോക്ക് ഫോസ്‌ഫേറ്റും എല്ലു പൊടിയും ചേര്‍ത്തിളക്കിക്കൊടുക്കാം.
സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലത്ത് നട്ടുപിടിപ്പിച്ചാല്‍ കാന്താരിയുടെ എരിവ് കൂടും. കാന്താരി നന്നായി വളരാന്‍ നീര്‍വാര്‍ച്ചയുള്ള ചരല്‍മണ്ണില്‍ നടണം. നിലം തയ്യാറാക്കുമ്പോള്‍ വാട്ടരോഗം ഒഴിവാക്കാന്‍ മണ്ണില്‍ കുമ്മായം ചേര്‍ക്കണം. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടമെടുക്കാന്‍.
മണ്ണും അതേ അളവില്‍ ചകിരിച്ചോറും മണ്ണിന്റെ അളവിന്റെ മൂന്നിലൊന്ന് ചാണകപ്പൊടിയും ബാഗൊന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. ഇത് ഗ്രോബാഗില്‍ നിറച്ച് വേരുപൊട്ടിപ്പോകാതെ തൈകള്‍ മാറ്റി നടാം. വേരുപിടിച്ചു കഴിഞ്ഞാല്‍ 50 ഗ്രാം എല്ലുപൊടിയും 50 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഒരു ടീസ്പൂണ്‍ ട്രൈക്കോഡര്‍മയും ഓരോ ഗ്രോ ബാഗിലും ചേര്‍ക്കാം. തൈകള്‍ നട്ട് ആദ്യ ദിവസങ്ങളില്‍ ഗ്രോബാഗ് തണലത്തുവെക്കണം. ടെറസിലാണ് ഗ്രോബാഗ് വയ്ക്കുന്നതെങ്കില്‍ കല്ലിനോ ഇഷ്ടികയ്ക്കോ മുകളിലാകണം. മൂന്നു മാസം കൊണ്ട് കായകള്‍ പറിക്കാന്‍ തുടങ്ങാം. മുളക് പറിക്കാന്‍ തുടങ്ങിയാല്‍ ഓരോ മാസത്തിലും അല്പം വളം ചേര്‍ത്തുകൊടുക്കണം.
Content summery : chilly farming tips