മുറ്റത്തൊരു ചിറ്റരത്ത
ഇഞ്ചിയുടെ കുടുംബത്തിലെ അംഗമാണ് ചിറ്റരത്ത. ഒത്തിരി ഔഷധഗുണങ്ങളുള്ള സസ്യമാണിത്. ആൽപീനിയ കാൽകാരേറ്റ എന്നാണ് ശാസ്ത്രനാമം. ചുകന്നരത്ത, അരത്ത, സുഗന്ധവാക, കോലിഞ്ചി എന്നൊക്കെ പേരുണ്ട് ഇവയ്ക്ക്. മലേഷ്യയാണ് ജന്മദേശം. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നൊരു സസ്യമാണിത്.
ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരം വയ്ക്കും ഇവയ്ക്ക്. നീളമുള്ള ഇലകളാണ്. കാഴ്ചയിൽ ഏലച്ചെടിയുടെ ഇലകൾ പോലെ തോന്നും. ഇവയുടെ കിഴങ്ങുകൾ ഇഞ്ചിയുടേതു പോലെയാണ്. വെളുപ്പും കാപ്പിയും ചേർന്ന നിറമാണ് പൂക്കൾക്ക്.
ഗലാനിൽ, ആൽപ്പിനിൻ, എന്നീ രാസവസ്തുക്കൾ ഒത്തിരിയുണ്ട് ചിറ്റരത്തയിൽ. ഇവയുടെ ഔഷധഗുണങ്ങൾക്ക് കാരണവും ഈ രാസവസ്തുക്കളാണ്. സുഗന്ധവിളയായും ചിറ്റരത്ത ഉപയോഗിക്കാറുണ്ട്.
ഇഞ്ചി കൃഷിക്ക് അനുകൂലമായ സ്ഥലങ്ങളെല്ലാം ചിറ്റരത്ത കൃഷി ചെയ്യുന്നതിനും അനുയോജ്യമാണ്. ഇവയുടെ കിഴങ്ങാണ് നടീലിനായി ഉപയോഗിക്കുന്നത്. മണ്ണ് കിളച്ചൊരുക്കി ജൈവവളങ്ങൾ ചേർത്തതിനുശേഷം രണ്ട് മീറ്റർ നീളത്തിലും അര മീറ്റർ വീതിയിലും പതിനഞ്ച് സെന്റീമീറ്റർ ഉയരത്തിലും വാരം എടുത്ത് 25 സെന്റീമീറ്റർ അകലത്തിൽ ചെറിയ കഷണമാക്കി വേണം കിഴങ്ങു നടാൻ. രണ്ടു വർഷത്തിനുള്ളിൽ വിളവെടുക്കാം.