കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം
ലോക ബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡുനൈസേഷൻ (കേര) പദ്ധതി തോട്ടം മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് കാരണമാകുന്നു. റബ്ബർ ഏലം കാപ്പിത്തോട്ടങ്ങളിലെ ഉൽപാദനം വൻതോതിൽ വർധിപ്പിക്കുകയാണ് ലക്ഷ്യം. ഒരുലക്ഷം കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുക. എറണാകുളം,കോട്ടയം, പത്തനംതിട്ട,കണ്ണൂർ, മലപ്പുറം,തിരുവനന്തപുരം ജില്ലകളിലെ തോട്ടങ്ങളിലാണ് പദ്ധതി പ്രകാരം റബർ പുനർനടീൽ നടത്തുന്നത്. ഒരു ഹെക്ടറിന് 75000 വീതം ഇതിന് കർഷകർക്ക് സഹായം നൽകും. 25 സെന്റ് മുതൽ 5 ഹെക്ടർ വരെ സ്ഥലമുള്ള നാമമാത്ര ചെറുകിട റബർ കർഷകർക്ക് വ്യക്തിഹത സഹായം ലഭിക്കും. 30 വർഷത്തിനുമേൽ പ്രായമുള്ള ഉൽപാദനക്ഷമത കുറഞ്ഞ റബർ മരങ്ങൾ മുറിച്ചുമാറ്റി റബർ ബോർഡ് നിർദ്ദേശിക്കുന്ന മരങ്ങളാണ് നടേണ്ടത്. ആദ്യഘട്ടത്തിൽ അഞ്ച് ഹെക്ടർ വരെ കൃഷി ചെയ്യുന്ന ഒരു ലക്ഷത്തോളം റബർ കർഷകർക്ക് ബോധവൽക്കരണം നൽകും. ഇതുകൂടാതെ ഉത്പാദന സംഘങ്ങളുടെ സഹായത്തോടെ റബർ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കും. കർഷകരെ വ്യാപാരികളുമായി ബന്ധിപ്പിച്ച് വിപണി ഉറപ്പാക്കും.