കേരകർഷകർക്ക് ആശ്വാസം, പച്ച തേങ്ങയുടെ വില സർവ്വകാല റെക്കോർഡിൽ
പച്ചത്തേങ്ങയുടെ വില സർവകാല റെക്കോർഡിൽ. നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും പാലക്കാട് ജില്ലയിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആണ് ഏറ്റവും കൂടുതൽ നാളികേരം വിപണിയിലേക്ക് എത്തുന്നത്. കിലോക്ക് നിലവിൽ വിപണിയിൽ 60 രൂപയിലധികം വിലയുണ്ട്. 20 വർഷത്തിനിടയിൽ ഏറ്റവും കൂടിയ വിലയാണ് നിലവിൽ പച്ചത്തേങ്ങക്ക് ഉള്ളത്. കാലങ്ങളായി ശരാശരി 25 രൂപയാണ് കിട്ടിയിരുന്നത്. ഈ വർഷം ആദ്യം 30 രൂപ കടന്നെങ്കിലും താങ്ങുവിലയായ 34 രൂപ കടക്കാൻ 9 മാസങ്ങളാണ് എടുത്തത്.
ഒരാഴ്ച മുൻപ് ആയിരുന്നു 34 രൂപ എത്തിയത്. എന്നാൽ പിന്നീട് അങ്ങോട്ട് ഒരു കുതിച്ചുചാട്ടം ആയിരുന്നു പച്ച തേങ്ങയുടെ വിലയിൽ കണ്ടത്. നിലവിൽ ചില്ലറ വില്പന വില കിലോയ്ക്ക് 60 നു മുകളിലാണ് . വില കൂടിയതോടെ പച്ച തേങ്ങ കിട്ടാത്ത പ്രശ്നവും നിലവിൽ കേരളത്തിൽ ഉണ്ട്. പക്ഷേ നിലവിൽ പച്ചത്തേങ്ങയുടെ വില ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഓയിൽ മില്ല് ഉടമകളെ ആയിരിക്കും. തേങ്ങയുടെ വിലവർധനവ് കൊപ്ര ഉത്പാദനം കുറയ്ക്കാൻ കാരണമായിട്ടുണ്ട്. വലിയ വിലയ്ക്ക് തേങ്ങ വാങ്ങി കൊപ്ര ആകുമ്പോഴേക്കും വിലയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ആശങ്കയാണ് പലർക്കും. കൊപ്രയുടെയും, പച്ച തേങ്ങയുടെയും വിലയിൽ മാത്രമല്ല വെളിച്ചെണ്ണയുടെ വിലയിലും ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തി. സാധാരണ വെളിച്ചെണ്ണയ്ക്ക് വരെ ലിറ്ററിന് 250 രൂപ വരെ വിപണിയിൽ വിലയുണ്ട്.
Content summery : coconut price hike in kerala