നമുക്ക് കാപ്പിത്തോട്ടങ്ങളിൽ ചെന്ന് വിളവെടുക്കാം...
നാണ്യവിളകളിൽ ഒന്നാണ് കാപ്പി. ആഫ്രിക്കയിലെ എത്യോപ്യയിലെ കാഫി എന്ന സ്ഥലമാണ് കാപ്പിയുടെ ജന്മദേശം. അതുകൊണ്ടായിരിക്കാം 'കാഫി' എന്ന പേര് വന്നത്. ബ്രസീലാണ് കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ആറാം സ്ഥാനത്താണ്. കർണാടകയാണ് ഇന്ത്യയിൽ കാപ്പി ഉത്പാദനത്തിൽ മുന്നിൽ. കേരളം രണ്ടാം സ്ഥാനത്തും ഉണ്ട്.
കോഫിയ അരാബിക്ക എന്നാണ് കാപ്പിച്ചെടിയുടെ ശാസ്ത്രനാമം. റൂബിയെസിയെ കുടുംബത്തിലെ അംഗമാണ്. അതായത് ചെത്തിയുടെയും മൊസാണ്ടയുടെയും കുടുംബം. ചുവന്ന നിറത്തിലുള്ള പഴങ്ങളാണ് ഇവയിൽ ഉണ്ടാകുന്നത്. പൂക്കൾക്ക് വെളുത്ത നിറമാണ്. ഇവയിലുള്ള കഫീൻ എന്ന രാസസംയുക്തം സസ്യഭോജികളായ ജീവികളിൽ നിന്നും രക്ഷിക്കുന്നതിനുവേണ്ടി പ്രകൃതി നൽകിയിട്ടുള്ള വരദാനമാണ്. അതുപോലെതന്നെ പരാഗണം നടത്തുന്ന ജീവികളെ ആകർഷിക്കുവാനുള്ള കഴിവും ഈ സംയുക്തത്തിനുണ്ട്. പ്രത്യേകിച്ച് തേനീച്ചകളെ ആകർഷിക്കുവാൻ ഇത് സഹായിക്കുന്നു. ഒരിക്കൽ പൂക്കളിൽ വന്നിരുന്ന തേനീച്ചകൾക്ക് വീണ്ടും വരുവാനുള്ള തോന്നൽ ഉണ്ടാക്കുവാൻ ഈ സംയുക്തത്തിന് കഴിയും.
ഉഷ്ണമേഖലാ പ്രദേശങ്ങളാണ് കാപ്പി കൃഷിക്ക് അനുയോജ്യം. ഇന്ത്യയിൽ ഏതു പ്രദേശത്തും കാപ്പിച്ചെടി വളർത്തിയെടുക്കാം. തണലുള്ള സ്ഥലം ആണെന്ന് ഉറപ്പുവരുത്തണം. അതുപോലെതന്നെ ഈർപ്പമുള്ള മണ്ണും ആയിരിക്കണം. നന്നായി പാകം വന്ന ശേഷം നല്ലതുപോലെ ഉണക്കിയ കാപ്പിക്കുരു വേണം നടീലിന് ഉപയോഗിക്കാൻ. തൈകളാണ് നടുന്നത് എങ്കിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വേണം വെക്കാൻ. ദിവസവും നനച്ചു കൊടുക്കണം. കീടങ്ങളുടെ ആക്രമണം ഉണ്ടെങ്കിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ മിശ്രിതമോ വേപ്പിൻ വെള്ളമോ തളിച്ചാൽ മതിയാകും. രാസവളങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.