For the best experience, open
https://m.agritv.live
on your mobile browser.
Advertisement

മൂല്യ വർധനയിലൂടെ അധികനേട്ടം, സമ്മിശ്ര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കി കുടുംബം

03:12 PM May 26, 2024 IST | Priyanka Menon

മഞ്ഞളും ഇഞ്ചിയും കാപ്പിയും തേങ്ങയുമെല്ലാം ഉല്പാദിപ്പിക്കുന്നവർ വെറും കർഷകരും, മഞ്ഞൾപൊടിയും ഇഞ്ചിപ്പൊടിയും കാപ്പിപ്പൊടിയും ഹെയർ ഓയിലുമൊക്കെ നിർമ്മിക്കുമ്പോൾ കർഷകർ ബ്രാൻഡായി മാറുന്ന കാലം. മൂല്യ വർധന എന്ന മൂല മന്ത്രമാണ് കർഷകരെയും കച്ചവടക്കാരാക്കി മാറ്റിയത്. കോവിഡ് എന്ന പ്രതിസന്ധിയെ അതിജീവിച്ച് കൃഷിയും കൃഷിയിൽ നിന്ന് മൂല്യ വർധന ഉൽപ്പന്നങ്ങൾ നിർമ്മിച്ചും വിജയം നേടിയ അനേകായിരം പേർ നമുക്ക് ചുറ്റിലും ഉണ്ട്. അത്തരത്തിൽ മൂല്യ വർധനയിലൂടെ കുടുംബത്തെ പച്ചപിടിപ്പിച്ച ഒരു കഥയാണ് ചങ്ങനാശ്ശേരിക്കാരൻ മാത്യുവിന്റെത്.

Advertisement

നീണ്ട 20 വർഷങ്ങൾ പ്രവാസ ജീവിതത്തിൽ ആയിരുന്നു. പ്രവാസ ജീവിതത്തിൽ സമ്പാദിച്ചതിന്റെ കുറച്ചു പങ്കുമായി നാട്ടിലേക്ക് തിരിച്ചെത്തണമെന്നും, അവിടെ കൃഷിയും കാര്യങ്ങളുമായി ജീവിക്കണമെന്നായിരുന്നു മാത്യുവിന്റെ ആഗ്രഹം.അങ്ങനെ കോവിഡ് കാലഘട്ടത്തിന് തൊട്ടുമുൻപ് നാട്ടിലേക്ക് എത്തി. ഒരു വീട്ടിലേക്കു ആവശ്യമായതെല്ലാം സ്വന്തം കൃഷിയിടത്തിൽ തന്നെ ഒരുക്കി. പച്ചക്കറികൾ, പഴവർഗങ്ങൾ, ആടുകൾ പോത്തുകൾ കോഴികൾ അങ്ങനെയെല്ലാം കൃഷിയിടത്തിൽ തന്നെ സംയോജിത മാതൃകയിൽ ഒരുക്കി. പക്ഷേ കോവിഡ്കാലം വന്നപ്പോൾ സംഗതി തകിടം മറിഞ്ഞു. ഉൽപാദിച്ചതിനൊന്നും വിലയുമില്ല വിപണിയുമില്ല. ഇനി എന്ത് ചെയ്യും എന്ന് ഉത്തരത്തിൽ നിന്നാണ് മാത്യുവിന്റെ മനസ്സിൽ പുത്തനാശയങ്ങൾ വളർന്നതും ഒപ്പം ഒരു പുതു സംരംഭം പിറവിയെടുക്കുന്നതും.

Advertisement

കോവിഡ് കാലം തന്ന തിരിച്ചടിയും തിരിച്ചറിവും

കോവിഡ് കാലഘട്ടം കുറച്ചുപേർക്ക് നഷ്ടങ്ങളുടെ കണക്ക് സമ്മാനിച്ചുവെങ്കിൽ മറ്റു ചിലർക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള മാർഗങ്ങളും കാണിച്ചു തന്നു. . സ്വന്തം കൃഷിയിടത്തിലെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനാവാതെ കുറച്ച് കർഷകരെങ്കിലും പ്രയാസപ്പെട്ടു. എന്നാൽ ഈ കാലഘട്ടത്തിൽ തന്നെയാണ് മാത്യു തൻറെ ഒന്നര ഏക്കർ വരുന്ന കൃഷിയിടത്തിൽ വിളയിച്ച ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തിയത്. അധ്യാപികയായ ഭാര്യ ശൈലയും മാത്യുവിന് ഒപ്പം കൂടിയപ്പോൾ കൃഷിയിടത്തിൽ ഉത്പാദിപ്പിച്ച വിഭവങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഒരു നീണ്ട തന്നെ ഉണ്ടായി.തീർത്തും ജൈവരീതിയിലുള്ള ഉത്പാദനം ആയതുകൊണ്ട് തന്നെ മഞ്ഞൾപൊടിയും ഇഞ്ചി പൊടിയും ചുക്കുപൊടിയും ഹെയർ ഓയിലുമെല്ലാം വാങ്ങാൻ ആവശ്യക്കാർ കൂടി.

പ്രാദേശിക വില്പനയ്ക്ക് ഒപ്പം സമൂഹമാധ്യമങ്ങൾ വഴിയും വരുമാനം ഉറപ്പിച്ചു. പിന്നീടാണ് 'ജെയിൻ നാച്ചുറൽ പ്രോഡക്റ്റ് എന്ന പേരിൽ ഉൽപ്പന്നങ്ങൾ ബ്രാൻഡാക്കിയത്. ഇപ്പോൾ 15 ഓളം ഉൽപ്പന്നങ്ങൾ ഇതേ ബ്രാൻഡിൽ വിപണിയിലേക്ക് എത്തിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. സ്വന്തം താല്പര്യ പ്രകാരം എന്തെങ്കിലും ഉത്പാദിപ്പിക്കുക എന്നതിന് അപ്പുറം വിപണിയെ അറിഞ്ഞു കൃഷി ചെയ്യുക എന്ന തിരിച്ചറിവ് കൂടിയാണ് കോവിഡ് കാലഘട്ടം മാത്യുവിന് പകർന്നത്.

സംയോജിത കൃഷിയും ആസൂത്രണ മികവും

കോട്ടയത്തുകാർക്ക് റബർ കൃഷിക്കാണ് ഏറെ പ്രാധാന്യം നൽകാറുള്ളത്. അതുകൊണ്ടുതന്നെ മാത്യുവിൻറെ കൃഷിയിടത്തിലും കൂടുതലുള്ളത് റബർ തന്നെയായിരുന്നു. പക്ഷേ റബറിന്റെ അസാമാന്യ വിലയിടവ് മാത്യുവിനെയും ബാധിച്ചു . റബറിന്റെ സുവർണ്ണകാലം കഴിഞ്ഞു എന്ന ആശങ്കയിൽ നിന്ന് തന്നെയാണ് മറ്റു കൃഷിയിലേക്ക് തിരിഞ്ഞത്. ഗൾഫിൽ നിന്ന് എത്തിയശേഷം പച്ചക്കറികളും പഴവർഗങ്ങളും ഔഷധസസ്യങ്ങളും നാണ്യവിളകളും ഉൾപ്പെടെ കൃഷിയിടത്തിൽ ഓരോന്നായി ഒരുക്കി എടുത്തു. ഇതിനെല്ലാം വളം ആവശ്യമായതുകൊണ്ടും, കൃഷിയിടം കൂടുതൽ വൃത്തിയായി കിടക്കുക എന്ന ലക്ഷ്യത്തോടുകൂടിയും കോഴിയെയും ആടിനെയും പോത്തിനെയെല്ലാം വളർത്താൻ ആരംഭിച്ചു.

കൃഷിയും മൃഗസംരക്ഷണവും സംയോജിപ്പിച്ച് കൊണ്ടുള്ള രീതി ആയതുകൊണ്ട് തന്നെ ചെലവ് പരമാവധി കുറയ്ക്കുവാനും സാധിച്ചു. അഴിച്ചുവിട്ട് വളർത്താവുന്ന കൈരളി ഇനത്തിൽപ്പെട്ട കോഴികളാണ് കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. ഇതിൻറെ മുട്ടയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഇതിനൊപ്പം മലബാറി, മോറ ഇനത്തിൽപ്പെട്ട ആടുകളെയും വളർത്തി. കുറച്ച് സ്ഥലം ഉണ്ടെങ്കിൽ അധികം ആയാസമില്ലാതെ ആർക്കും പോത്തു വളർത്തലും കോഴി വളർത്തലും ആട് വളർത്തലും നടത്താമെന്ന് മാത്യു തൻറെ അനുഭവത്തിലൂടെ പറയുന്നു. ഇപ്പോൾ മലബാറി ആടുകളുടെ മികച്ച മാതൃക ശേഖരവും ഇവിടെയുണ്ട്.

മൂല്യ വർധനവും വിപണി സാധ്യതകളും

എന്തെങ്കിലും കൃഷി ചെയ്തിട്ട് വിപണിയില്ല എന്ന വിലപിക്കുന്ന കർഷകർക്ക് ഒരു നൂതന വഴിയാണ് മൂല്യവർധന. മാത്യുവിന്റെ കാഴ്ചപ്പാടിൽ മൂല്യ വർധനവിലൂടെ തന്നെ കൃഷിയിലൂടെ മികച്ച നേട്ടം സ്വന്തമാക്കാൻ കഴിയും. വിപണിയുടെ ആവശ്യം പരിഗണിക്കുകയും, പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി അത് ഉത്പാദിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇന്നത്തെ കാലത്ത് കൃഷിയിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് മഞ്ഞൾ കൃഷി ചെയ്യുമ്പോൾ മഞ്ഞൾ വിൽക്കുക എന്നതിനപ്പുറം മഞ്ഞളിൽ നിന്ന് അധിക ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും വഴി കണ്ടെത്തണമെന്ന് ഈ കർഷകൻ പറയുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് കൃഷിയിടങ്ങൾ മാറ്റുവാനും, പരമാവധി പ്രകൃതി വിഭവങ്ങൾ പ്രയോജനപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കണമെന്നും ഈ കർഷകൻ ചൂണ്ടിക്കാട്ടുന്നു.

വിപണിക്ക് പ്രാധാന്യം നൽകുകയും സംയോജിത- സമ്മിശ്ര മാതൃകയിൽ കൃഷി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്താൽ കൃഷിയിൽ അധികം നേട്ടം ഉണ്ടാകും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ കർഷകൻ.

Mathew-9496492403

Advertisement