പശുക്കളില്‍ മാത്രമല്ല, അകിടുവീക്കം ആടുക്കളെയും ബാധിക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ...
പശുക്കളെ മാത്രമല്ല, ആടുകളെയും അകിടുവീക്കം ബാധിക്കും. തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം അകിടുവീക്കത്തിന് കാരാണമാകുന്ന രോഗാണുക്കള്‍ പെരുകുന്നതിന് ഇടയാക്കും. പാല്‍ ഉല്‍പ്പാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റാല്‍, ജമുനാപാരി, സങ്കരയിനം തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് സാധ്യതയേറെ.
ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് അകിടുവീക്കത്തിന്റെ ആരംഭമാണെന്ന് മനസിലാക്കാം..
1. പാലില്‍ പെട്ടെന്നുണ്ടാവുന്ന കുറവ്
2. പാലില്‍ കട്ടയോ തരിത്തരികളായോ കാണപ്പെടല്‍
3. പാലിന് നിറം മാറ്റം
4. പാലില്‍ രക്താംശമോ പഴുപ്പോ കാണപ്പെടല്‍
5. പാല്‍ വെള്ളം പോലെ നേര്‍ക്കല്‍
6. പനി
7. തീറ്റയെടുക്കാന്‍ മടുപ്പ്
8. അകിടില്‍ ചൂട്
9. അകിടില്‍ നീര്
10. അകിടില്‍ തൊടുമ്പോള്‍ വേദന
11. അകിടിന് നിറവ്യത്യാസം
12. കല്ലിപ്പ്
അണുബാധ കൂടിയാല്‍ ആടുകളുടെ ജീവന് തന്നെ ഭീഷണിയാകും. കൂടും പരിസരവും നിത്യവും വൃത്തിയാക്കുന്നത് ഒരു പരിധി വരെ രോഗബാധയെ അകറ്റാന്‍ സഹായിക്കും. കൂട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാനും മറക്കരുത്. പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ അനുവദിക്കാതെ മുഴുവനും കറന്നെടുക്കാനും ശ്രദ്ധിക്കണം.
കാമ്പില്‍ കെട്ടി നില്‍ക്കുന്ന മുഴുവന്‍ പാലും പിഴിഞ്ഞു കളയുന്നതാണ് അകിടുവീക്കത്തിന് നല്‍കേണ്ട പ്രഥമ ശുശ്രുഷ. ഇത് രോഗാണുക്കളുടെ പെരുപ്പം തടയും. അകിടില്‍ തണുത്തവെള്ളം തളിക്കുന്നതും ഐസ് ക്യൂബുകള്‍ ചേര്‍ത്തുവയ്ക്കുന്നതും ഫലപ്രദമാണ്.