കേരള കാർഷികസർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള ‘വിള പരിപാലന ശുപാർശകൾ 2024’ ന്റെ പ്രകാശനം നാളെ കൃഷിവകുപ്പ് മന്ത്രി ശ്രീ പി. പ്രസാദ് നിർവഹിക്കും
കേരള കാർഷികസർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള ‘വിള പരിപാലന ശുപാർശകൾ 2024’ ന്റെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം 2024 നവംബർ 27 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ്,റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ എന്നിവർ നിർവ്വഹിക്കും. ചടങ്ങിൽ കാർഷികസർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഐ.എ.എസ് അധ്യക്ഷത വഹിക്കും. കേരളത്തിൻറെ വൈവിധ്യമാർന്ന കാർഷിക പാരിസ്ഥിതിക മേഖലകളിലെ കാർഷിക വിളകളിൽ അനുവർത്തിക്കേണ്ട പരിപാലനമുറകളെക്കുറിച്ച് കേരള കാർഷികസർവകലാശാല പുറത്തിറക്കിയ പാക്കേജ് ഓഫ് പ്രാക്ടീസസ്- ക്രോപ്സ് – 2024 എന്ന പുസ്തകത്തിൻറെ മലയാള പരിഭാഷയാണ് ‘വിള പരിപാലനശുപാർശകൾ 2024’.അത്യുൽപാദനശേഷിയുള്ള വിള ഇനങ്ങളെ കുറിച്ചും സുസ്ഥിര വിളപരിപാലന മുറകളെ കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും കാർഷിക യന്ത്രവൽക്കരണത്തെക്കുറിച്ചും നൂതനമായ കാഴ്ചപ്പാടുകൾ ഈ പുസ്തകം വിശദീകരിക്കുന്നു.
2017 ഇൽ ഇറങ്ങിയ ആദ്യ പുസ്തകത്തിന്റെ വിജയത്തെ ആധാരമാക്കി വികസിപ്പിച്ചെടുത്ത ഈ മൂന്നാമത്തെ പതിപ്പ് കാർഷിക മേഖലയിലെ ഏറ്റവും പുതിയ അറിവുകൾ പങ്കുവെക്കുന്നതാണ്. ഗവേഷണ ഫലങ്ങളുടെ സാങ്കേതിക ഭാഷയെ മറികടന്ന് കർഷകന് എളുപ്പത്തിൽ മനസ്സിലാകുന്ന ഉപയോഗിക്കുന്നതിനാൽ കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും അത് സുസ്ഥിരമായി നിലനിർത്തുന്നതിനും വേണ്ട വിവരങ്ങൾ കർഷകരിൽ എത്തുന്നതിന് ഇത് സഹായകരമാകും. കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന വിളകളുടെ മികച്ച ഇനങ്ങളെ കുറിച്ചും അതിന്റെ കൃഷി രീതികളും പ്രവർധന മാർഗങ്ങളും വളപ്രയോഗവും കീടരോഗ നിയന്ത്രണോപാധികളും വിശദീകരിക്കുന്നതാണ് ഈ പുസ്തകം. 49 പുതിയ ഇനങ്ങളും 150 പുതിയ ശുപാർശകളും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്. സമാനതകൾ ഇല്ലാത്തതും ഏറെ പ്രത്യേകതകൾ നിറഞ്ഞതുമായ കോൾ നിലങ്ങളെ കുറിച്ചുള്ള വിശാലമായ ഒരു പര്യവേഷണത്തിന്റെ ഫലമാണ് രണ്ട് ഭാഗങ്ങൾ ഉള്ള കോൾ നിലങ്ങളുടെ ചിത്രാവലി. ജലസേചന പദ്ധതികൾ, കനാൽ സംവിധാനങ്ങൾ, കാർഷിക രീതികൾ, കോൾ നിലങ്ങളിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകൾ നൽകുന്നതാണ് ഒന്നാമത്തെ ഭാഗം. ജിഐഎസ് ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടങ്ങളുടെ ഒരു ശേഖരമാണ് രണ്ടാം ഭാഗം. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും പാടശേഖര അടിസ്ഥാനത്തിലും ഒക്കെയുള്ള കോൾനിലങ്ങളുടെ വിശദമായ ഒരു ചിത്രീകരണമാണ് ഇതിൽ ഉള്ളത്.
Content summery : The release of the ‘Crop Management Recommendations 2024’ in Malayalam, prepared by the Kerala Agricultural University, will be performed tomorrow by the Minister for Agriculture, Shri P. Prasad