കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 25 അധ്യായന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
സർക്കാർ എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസം നടത്തിയവരും, 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി/ ടി എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75% വും അതിൽ കൂടുതലോ മാർക്ക് നേടിയവരും പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85% വും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഓഗസ്റ്റ് 30 വൈകിട്ട് 5 മണി വരെ സ്വീകരിക്കുന്നതാണ്.
അപേക്ഷ ഫോറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എസ്.എസ്.എൽ.സി /ടി. എച്ച്.എസ്.എസ്.എൽ.സി പരീക്ഷയിൽ 70 പോയിന്റും അതിൽ കൂടുതലും, പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും അതിൽ കൂടുതൽ മാർക്ക് ലഭിച്ച എസ് സി/ എസ് ടി വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷിപ്പെടുത്തിയ പകർപ്പ് (സർക്കാർ/ എയ് ഡഡ് സ്ഥാപനമാണോ എന്നറിയുന്നതിന്) അംഗത്വ പാസ്ബുക്കിന്റെ പകർപ്പ്,ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫീസുകളും ആയി ബന്ധപ്പെടാവുന്നതാണ്.