വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക വൈദ്യുതി കണക്ഷൻ എളുപ്പത്തിൽ എടുക്കാം
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം.കെ എസ് ഇ ബി ഉദ്യോഗസ്ഥൻ പരിശോധന നടത്തുമ്പോൾ കണക്ഷൻ കാർഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ ഉള്ള പ്രത്യേക രേഖയുടെ ആവശ്യമില്ല .
കുറഞ്ഞ സ്ഥല വിസ്തൃതിയും കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റും മാനദണ്ഡമാകില്ല.
ഇത്തരത്തിൽ, ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യത്തിനാണെന്നും കാണിച്ചുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സർക്കാരിന്റെ സബ്സിഡി 85 പൈസ / യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷൻ എടുക്കുന്നവർ വെള്ള പേപ്പറിൽ എഴുതി നൽകേണ്ടതുണ്ട്.
സാധാരണ ജലസേചനത്തിനുള്ള കാർഷിക കണക്ഷനും ( LT – V A), കന്നുകാലി ഫാമുകൾ, പൗൾട്രി ഫാമുകൾ തുടങ്ങിയവയ്ക്കുള്ള കാർഷിക കണക്ഷനും (LT – V B) ഈ ഇളവ് ലഭിക്കും.
മുയൽ, പന്നി ഫാമുകൾ, ഹാച്ചറികൾ, പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങൾ, പുഷ്പ, ടിഷ്യൂ കൾച്ചർ, സസ്യ, കൂൺ നഴ്സറികൾ, മത്സ്യ ഫാമുകൾ, ചീനവല, ക്ഷീര സഹകരണ സംഘങ്ങൾ, റബ്ബർ ഷീറ്റ് മെഷീൻ ഹൗസ് തുടങ്ങിയ കാർഷിക സംരംഭങ്ങൾക്ക് LT – V B താരിഫിൽ കണക്ഷൻ ലഭ്യമാണ്.