For the best experience, open
https://m.agritv.live
on your mobile browser.
Advertisement

അഞ്ചു സെന്റിൽ കുറയാത്ത കൃഷിഭൂമി ഉണ്ടെങ്കിൽ നിങ്ങൾക്കും ലഭിക്കും പ്രതിമാസ പെൻഷനും മറ്റു ആനുകൂല്യങ്ങളും

09:22 AM Oct 07, 2022 IST | Agri TV Desk

കർഷകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുവാൻ സംസ്ഥാന സർക്കാരും കൃഷിവകുപ്പും ചേർന്ന് നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡിൽ ഓൺലൈൻ വഴി അംഗത്വം എടുക്കുന്ന അപേക്ഷകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ പൊതുജന ശ്രദ്ധയ്ക്ക് വേണ്ടി വീണ്ടും ബോർഡിൽ അംഗത്വം എടുക്കുന്നതിന് വേണ്ടിവരുന്ന രേഖകളും, അതിൽനിന്നു ലഭ്യമാകുന്ന ആനുകൂല്യങ്ങളും, അപേക്ഷ സമർപ്പിക്കേണ്ട വിധവും താഴെ നൽകുന്നു.

Advertisement

കർഷക ക്ഷേമനിധി ബോർഡ് ആർക്കൊക്കെ അംഗത്വം നേടാം

18 വയസ്സ് പൂർത്തീകരിച്ച ഏതൊരു കർഷകനും ക്ഷേമനിധി ബോർഡിൽ അംഗത്വം നേടാവുന്നതാണ്. 5 സെൻറിൽ കുറയാതെയും, 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഏതൊരു വ്യക്തിക്കും കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുന്നതിന് സാധിക്കും. 18 നും 55 നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും മൂന്നു വർഷത്തിൽ കുറയാതെ കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചാൽ ഈ പദ്ധതി ആനുകൂല്യം ലഭ്യമാകാൻ അർഹമാണ്.

Advertisement

ലഭിക്കുന്ന ആനുകൂല്യങ്ങൾ

കർഷക ക്ഷേമനിധി ബോർഡ് അംഗത്വം എടുക്കുന്ന വ്യക്തിക്ക് 60 വയസ്സ് പൂർത്തിയായിരിക്കുന്നു കാലയളവ് മുതൽ പെൻഷൻ ലഭ്യമാകും. പക്ഷേ കർഷകർ അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ അംഗമായി തുടരുകയും ചെയ്യണം. പെൻഷൻ തീയതിക്ക് മുൻപ് അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്തവർക്ക് അറുപതു വയസ്സ് വരെ പ്രതിമാസം പെൻഷൻ ലഭ്യമാകും. ഇതിനൊപ്പം അഞ്ചുവർഷം അംശദായം കുടിശ്ശിക ഇല്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിന് കുടുംബ പെൻഷനും ലഭ്യമാകും. കുടുംബപെൻഷൻ മാത്രമല്ല ക്ഷേമനിധി ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങി ചികിത്സാസഹായവും ലഭിക്കും. അപകടം മൂലമോ പ്രത്യേക രോഗാവസ്ഥ മൂലമോ ശാരീരിക അവസ്ഥ മോശമായവർക്ക് പദ്ധതിപ്രകാരം ആനുകൂല്യങ്ങളും നൽകും. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെയ്ക്കുന്ന സംസ്ഥാന സർക്കാർ ഈ പദ്ധതിയുടെ ഭാഗമാകുന്ന വനിതകൾക്കും ഇതിൽ അംഗങ്ങളായ സ്ത്രീകളുടെ പെൺമക്കളുടെ വിവാഹത്തിനും ആനുകൂല്യം ലഭ്യമാകും. ഇതിനൊപ്പം അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലയിലെ പഠനത്തിന് വിദ്യാഭ്യാസ ധനസഹായം നൽകുന്നതാണ്.

പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്ന കൃഷി രീതികൾ

പച്ചക്കറി -ധാന്യവിളകളുടെ കൃഷി മാത്രമല്ല ഇതോടനുബന്ധിച്ചുള്ള ഔഷധ സസ്യ പരിപാലനം, ഉദ്യാന പാലനം, നടീൽ വസ്തുക്കളുടെ ഉത്പാദനവും വിപണനവും, മൃഗസംരക്ഷണം, മത്സ്യകൃഷി, പട്ടുനൂൽപ്പുഴു വളർത്തൽ, തേനീച്ചവളർത്തൽ, അലങ്കാരമത്സ്യകൃഷി, കൂൺകൃഷി അങ്ങനെ എല്ലാ കൃഷികളും ഇതിലുൾപ്പെടും. കൃഷിഭൂമിയുടെ ഉടമസ്ഥനായോ കൈവശക്കാരൻ ആയോ അനുമതി പത്രക്കാരനായോ പാട്ടക്കാരനായോ സർക്കാർഭൂമി പാട്ടക്കാരനായോ കുത്തക പാട്ടക്കാരനായോ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും ഭൂമി കൈവശംവെച്ചിരിക്കുന്ന വ്യക്തികൾക്ക് ബോർഡിൽ അംഗങ്ങളാകാം. എന്നാൽ റബർ, കാപ്പി, തേയില ഏലം തുടങ്ങിയ തോട്ടവിളകൾക്ക് പരമാവധി 7 ഏക്കർ പരിധി നിശ്ചയിച്ചിട്ടുണ്ട്.

farmers

ഈ പദ്ധതി പ്രകാരം അടയ്ക്കേണ്ട തുക

ഈ പദ്ധതിയുടെ ഭാഗമാകുന്ന ഓരോ കർഷകനും പ്രതിമാസം 100 രൂപ വീതം ക്ഷേമനിധിയിലേക്ക് അടയ്ക്കണം. ഇതിലെ അംഗങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രതിമാസ വീതം ഉയർന്ന നിരക്കിൽ അടയ്ക്കാനുള്ള അവസരമുണ്ട്. ഉയർന്ന നിരക്കിന് ഇതുവരെ പരിധികൾ നിശ്ചയിച്ചിട്ടില്ല. അംശദായം കർഷകന് വാർഷികമായോ അർദ്ധവാർഷികമായോ അടയ്ക്കാം.

ഈ പദ്ധതി പ്രകാരം ലഭ്യമാകുന്ന സർക്കാർ അംശദായ തുക എത്ര?

അംഗങ്ങൾ ക്ഷേമനിധിയിലേക്ക് അംശദായമായി നൽകുന്ന തുകയുടെ തുല്യമായ തുക പരമാവധി പ്രതിമാസം 250 രൂപ എന്ന നിലയ്ക്ക് അംശദായമായി നൽകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

Kfwfb.kerala.gov.in എന്ന കർഷക ക്ഷേമനിധി ബോർഡിൻറെ ഔദ്യോഗിക വെബ് പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇത് ലോഗിൻ ചെയ്യുവാൻ മൊബൈൽ നമ്പർ നൽകി മൊബൈലിലേക്ക് വരുന്ന ഒടിടി ഉപയോഗപ്പെടുത്തണം.

രജിസ്റ്റർ ചെയ്യുമ്പോൾ വേണ്ടിവരുന്ന രേഖകൾ

വയസ്സ് തെളിയിക്കുന്ന രേഖ, ആധാർ, വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന വാർഷിക വരുമാന സർട്ടിഫിക്കറ്റ്, കർഷകന്റെ സത്യപ്രസ്ഥാവന, കൃഷി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷിപത്രം( കൃഷി ഓഫീസർ ഒഴികെ ),ബാങ്ക് പാസ്ബുക്ക് പകർപ്പ്,ഭൂമി നികുതി റസീറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ. അപേക്ഷ സമർപ്പിക്കുന്ന രേഖകളുടെ പകർപ്പുകൾ ഓരോ പകർപ്പും 200 kb താഴെ ആവശ്യമാണ്. കർഷകൻറെ സത്യപ്രസ്താവന രേഖയുടെയും സാക്ഷ്യപത്രത്തിന്റെയും മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.

Tags :
Advertisement