കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ആറാം ഘട്ടത്തിന് ഇന്ന് തുടക്കമായി . രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രതിരോധ കുത്തിവെയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കർഷകർക്കായി കുളമ്പുരോഗ പ്രതിരോധം വിഷയമാക്കിയുള്ള സെമിനാറും സംഘടിപ്പിച്ചു.

മെയ് 2 മുതൽ 23 വരെയുള്ള 18 പ്രവൃത്തി ദിവസം കൊണ്ട് ഈ യജ്ഞം പൂർത്തീകരിയ്ക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. നാല് മാസത്തിന് മുകളിൽ പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ട മുഴുവൻ ഉരുക്കളെയും കുത്തിവയ്പിന് വിധേയമാക്കും. മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി തികച്ചും സൗജന്യമായാണ് ഉരുക്കൾക്കു പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഇതിനായി സംസ്ഥാനമൊട്ടാകെ വാക്‌സിനേറ്ററും സഹായിയും അടങ്ങുന്ന 1870 സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Content summery : Foot-and-mouth disease vaccination campaign in cattle begins