കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും : മന്ത്രി എ.കെ.ശശീന്ദ്രൻ
സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അവയെ വെടിവെയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാനും അവയുടെ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കാനും നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇതിന് മുന്നോടിയായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ മൂന്നിന് മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയും താൽപര്യമുള്ള ആളുകളെയും ലഭ്യമാകുന്നില്ല എന്ന പ്രശ്നം ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്ന കാര്യം വനം വകുപ്പ് പരിശോധിക്കുന്നത്. ഫണ്ടിന്റെ ലഭ്യത കുറവ് കാരണം തുച്ഛമായ പ്രതിഫലം നൽകുന്നതും മറ്റൊരു പ്രശ്നമാണ്. വെടിവെക്കാൻ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ സർവ്വീസിൽ നിന്നും വിരമിച്ചവർ, വിരമിച്ച ജവാന്മാർ, റൈഫിൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളവർ തുടങ്ങി ഇതിൽ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാനാണ് ആലോചിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ സഹകരണവും പരിശോധിക്കുന്നതാണ്. ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും നൽകി വനം വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. ഈ അധികാരം ഉപയോഗിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ വെടിവെയ്ക്കാൻ വൈദഗ്ധ്യമുള്ളവരുടെ അഭാവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാൻ വനം വകുപ്പ് ആലോചിക്കുന്നത്.
Forest Minister A. K. Saseendran said that steps will be taken to form special squads to shoot them in areas where wild boars are a problem in the state