ഇതിഹാസ വ്യവസായിക്ക് വിട, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു
പ്രമുഖ വ്യവസായിയും, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ വിടവാങ്ങി. 86 വയസ്സായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞദിവസം മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
രാജ്യത്ത് കാർ നിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിച്ച വ്യവസായി എന്ന നിലയിൽ ആഗോള പ്രശസ്തി നേടി. ജെ ആർ ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28ന് മുംബൈയിൽ ആയിരുന്നു ജനനം. 1962 ലാണ് ടാറ്റ ഗ്രൂപ്പിൽ ചുമതലയേക്കുന്നത്. 1981 ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. 1991 മുതൽ 2012 വരെയുള്ള കാലം ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം അദ്ദേഹം വഹിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിയ അദ്ദേഹം തന്റെ ചുമതലകൾ പിൻഗാമിയായ സൈറസ് മിസ്ത്രിയെ ഏൽപ്പിച്ചായിരുന്നു മടങ്ങിയത്. വിരമിച്ച ശേഷം ടാറ്റാ സൺസ്, ടാറ്റ ഇൻഡസ്ട്രി, ടാറ്റ മോട്ടോഴ്സ് സ്റ്റീൽ, ടാറ്റ കെമിക്കൽ തുടങ്ങിയവയുടെ ചെയർമാൻ പദവി വഹിച്ചിരുന്നു.1996ൽ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയായ ടാറ്റ സർവീസ് ആരംഭിച്ചത് ഇദ്ദേഹമാണ്. ഇതോടൊപ്പം ബ്രിട്ടീഷ് കാർ ബ്രാൻഡുകൾ ആയ ജാഗ്വർ, ലാൻഡ് റോവർ എന്നിവ 2014 ഏറ്റെടുത്തു. ഇത് കൂടാതെ 2009ൽ സാധാരണക്കാരന് ഒരു കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കികൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാർ പുറത്തിറക്കി. ബ്രിട്ടനിലെ ടെറ്റ് ടീയെ രണ്ടായിരത്തിൽ ഏറ്റെടുത്ത് ടാറ്റ ഗ്ലോബൽ ബെവറജസ്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാക്കി അദ്ദേഹം മാറ്റി.
മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം പൂർത്തിയാക്കി. ന്യൂയോർക്കിലെ കോർണൽ സർവ്വകലാശാലയിൽ നിന്ന് ആർക്കിടെക്ചറിൽ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. 1962 ടാറ്റാ മോട്ടേഴ്സിലെ പഴയ രൂപമായ ടെൽക്കോയിൽ ട്രെയിനിയായി കരിയർ ആരംഭിച്ചു. 2016 പിൻഗാമിയായ സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു ശേഷം ഇടക്കാല ചെയർമാൻ ആയി വീണ്ടും ടാറ്റയുടെ തലപ്പത്ത് തുടർന്നു. 2017 ൽ എൻ.ചന്ദ്രശേഖരനെ ചെയർമാൻ ആക്കുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു.
അവിവാഹിതനായിരുന്നു. 2000ൽ പത്മഭൂഷണും, 2008ൽ പത്മവിഭൂഷണം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വിദേശ സർക്കാരുകളുടെ ഉൾപ്പെടെ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഇന്ന് പത്തരയോടെ മുംബൈ നരിമാൻ പോയിന്റിലെ നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ വൈകിട്ട് നാലുമണിക്ക് വർളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. മഹാരാഷ്ട്ര സർക്കാർ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content summery : Former Tata Group Chairman Ratan Tata passed away