For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ചില്ലറക്കാരനല്ല ഈ കുഞ്ഞൻപഴം; ഗോൾഡൻ ബെറി കൃഷിയിലൂടെ വരുമാനം നേടുന്ന കർഷകൻ

11:27 AM Feb 05, 2024 IST | Agri TV Desk

ഞൊട്ടാഞൊടിയൻ,ഞൊട്ടയ്ക്ക എന്നൊക്കെ പേര് കേൾക്കുമ്പോൾ ഒരുപക്ഷേ കുറച്ചുപേരുടെയെങ്കിലും മനസ്സിൽ ഒട്ടേറെ ഗൃഹാതുരത്വമുള്ള ഓർമ്മകളാകാം ഓടിയെത്തുന്നത്. ഇതിൻറെ കായ് കൈവെള്ളയിലും നെറ്റിയിലും വച്ചു പൊട്ടിച്ച് കൂട്ടുകാർക്കൊപ്പം കറങ്ങി നടന്ന നല്ല ഓർമ്മകൾ. ഒരുകാലത്ത് നമ്മുടെ പറമ്പിലും പാതയോരങ്ങളിലും വളരെ സർവസാധാരണമായി കണ്ടിരുന്ന കാട്ടുചെടിയാണ് ഇത്. എന്നാൽ അന്ന് ഇതിൻറെ മൂല്യം പലർക്കും അറിയില്ലായിരുന്നു. ഒട്ടേറെ ഔഷധമൂല്യമുള്ള ഈ പഴവർഗ്ഗത്തിന് ഇന്ന് വിപണിയിൽ പൊന്നും വിലയാണ്. പ്രത്യേകിച്ച് വിദേശ വിപണിയിൽ. ഈ കുഞ്ഞൻ പഴത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് വാണിജ്യ അടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യുന്ന കർഷകനാണ് ഇടുക്കി കട്ടപ്പന സ്വദേശി ജോസ് ജോർജ്. അര ഏക്കർ ഉള്ള കൃഷിയിടത്തിലാണ് ജോസിന്റെ കൃഷി.

Advertisement

ഞൊട്ടാഞൊടിയൻ, മൊട്ടാംബ്ലി എന്നൊക്കെ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന ഈ പഴവർഗ്ഗത്തിന് എല്ലാവർക്കും സുപരിചിതമായ മറ്റൊരു പേര് കൂടിയുണ്ട് ഗോൾഡൻ ബെറി. വെറുതെ ഗൂഗിളിൽ ഒന്ന് തിരഞ്ഞാൽ പോലും ഗോൾഡൻ ബെറിയുടെ മൂല്യത്തെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാകും. കിലോയ്ക്ക് 1500 രൂപ വരെ പഴത്തിന് വില ലഭിക്കുന്നുണ്ടെന്നാണ് ജോസിന്റെ അഭിപ്രായം. അധിക പരിചരണം ഇല്ലാതെ ലാഭം നേടാവുന്ന പഴ ചെടി കൂടിയാണിത്.

Advertisement

ഗോൾഡൻ ബെറിയുടെ കൃഷിയിലേക്ക് ജോസ് എത്തിയിട്ട് അധിക കാലങ്ങൾ ആയിട്ടില്ല. സുഹൃത്തിൻറെ വീട്ടിൽ നിന്നാണ് ഈ കുഞ്ഞൻ പഴത്തിന്റെ സവിശേഷ മൂല്യങ്ങൾ ഇദ്ദേഹം ആദ്യമായി തിരിച്ചറിയുന്നത്. സുഹൃത്തിൻറെ വീട്ടിൽ ധാരാളം ഉണ്ടായിരുന്ന ഈ ഈ പഴം ആദിവാസികൾ പറിച്ചെടുക്കുന്നതും വിൽക്കുന്നതും കണ്ടപ്പോഴാണ് ഗോൾഡൻ ബെറിയുടെ കൃഷിയെക്കുറിച്ചും, അതിന്റെ വിപണിയെക്കുറിച്ചും കൂടുതൽ ജോസ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് ആ പഴങ്ങളുടെ വിത്തുകൾ വേർതിരിച്ച് തന്റെ കൃഷിയിടത്തിൽ പാകുന്നത്. ചെടിയുടെ വളർച്ചയ്ക്ക് ചാണകം മാത്രമാണ് അദ്ദേഹം ഉപയോഗപ്പെടുത്തുന്നത്. അധിക കീട രോഗ സാധ്യത വരുന്നില്ലയെന്നതും, രണ്ടുമാസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് നടത്താം എന്നതും ഈ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ കൂടുതൽ കാരണമായെന്ന് ഈ കർഷകൻ പറയുന്നു. വിളവെടുപ്പ് നടത്തിയതിനുശേഷം ഒരു മാസത്തോളം പഴം കേടുകൂടാതെ ഇരിക്കും എന്നതും ഇതിൻറെ മേന്മയാണ്. ആവശ്യക്കാരിലേക്ക് തൊലി കളയാതെയാണ് ജോസ് വില്പന നടത്തുന്നത്. ഒരു ചെറിയ ചെടിയിൽ നിന്ന് പ്രതിവർഷം 5 കിലോയിൽ അധികം വിളവാണ് ഇദ്ദേഹത്തിന് നിലവിൽ ലഭ്യമാകുന്നത്.

ആദ്യത്തെ വിളവെടുപ്പ് നടത്തിയപ്പോൾ ഫലങ്ങൾ മുഴുവനും പ്രിയപ്പെട്ടവർക്കാണ് നൽകിയത്. പിന്നീട് പഴത്തിന്റെ മൂല്യം അറിഞ്ഞ് ആവശ്യക്കാർ ജോസിന്റെ കൃഷിയിടത്തിലേക്ക് എത്തിത്തുടങ്ങി. ഇന്ന് ആവശ്യക്കാർ ഏറെയായപ്പോൾ ഓൺലൈൻ വഴിയും ജോസ് വില്പന ചെയ്യുന്നുണ്ട്. പഴങ്ങൾ മാത്രമല്ല ഇതിൻറെ വിത്തുകളും ആവശ്യക്കാരിലേക്ക് ഇദ്ദേഹം എത്തിക്കുന്നു.

"ഫൈസാലിസ് പെറൂവിയാന" എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം സൊളനേസിയ കുടുംബത്തിൽ ഉൾപ്പെട്ട ചെടിയാണ്. തക്കാളി, വഴുതനങ്ങ തുടങ്ങിയവയെല്ലാം ഈ കുടുംബത്തിൽപ്പെട്ട അംഗങ്ങളാണ്. ഇത് ഇന്ത്യയെ കൂടാതെ അമേരിക്ക, ചൈന തുടങ്ങി രാജ്യങ്ങളിലും കാണപ്പെടുന്നു. ആന്റിഓക്സിഡന്റുകളുടെ കലവറയായ ഈ ഔഷധസസ്യം രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുവാനും നല്ലതാണ്. ജീവകങ്ങളായ എ, സി തുടങ്ങിയവയും, ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവയും ഇതിൽ സമ്പന്നമാണ്. സ്വർണ്ണനിറത്തിൽ പഴുത്ത് ഭാഗമായ കായ്കളാണ് കഴിക്കാൻ ഉപയോഗിക്കുന്നത്.

സാധാരണ ചെടികളെപ്പോലെ തന്നെ മണ്ണിലോ ഗ്രോ ബാഗിലോ വിത്തുകൾ പാകി കൃഷി ആരംഭിക്കാവുന്നതാണ്. മുകളിൽ പറഞ്ഞ പോലെ തന്നെ അധിക വളപ്രയോഗങ്ങൾ ഒന്നും ഇല്ലാതെ തന്നെ ചെടി വളർത്തിയെടുക്കാം. ജലസേചന സൗകര്യമുള്ള നല്ല വെയിൽ ലഭ്യമാകുന്ന ഇടമാണ് ഇതിൻറെ കൃഷിക്ക് അനുയോജ്യം. വളർച്ചയുടെ ഓരോ ഘട്ടത്തിലും ചാണകപ്പൊടി ഇട്ടു നൽകുന്നത് വളരെ നല്ലതാണ്. ഏതാണ്ട് രണ്ടുമാസം കഴിയുമ്പോഴേക്കും ചെടിയിൽനിന്ന് കായ് ഫലം ലഭ്യമാകും. നല്ല പരിചരണം നൽകിയാൽ ഏകദേശം 5 മാസങ്ങൾ വരെ പഴങ്ങൾ ലഭ്യമാകുമെന്നാണ് ജോസ് ജോർജിന്റെ അനുഭവം. ആരോഗ്യവും നിത്യ വരുമാനം നൽകുന്ന ഈ പഴ ചെടി കൂടുതൽ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ കർഷകൻ

Advertisement