വാത്ത വളർത്തൽ അറിയേണ്ടതെല്ലാം
കുറഞ്ഞ ചെലവിൽ പരിമിത സ്ഥലത്തുനിന്ന് മികച്ച ആദായം ലഭ്യമാകാൻ കഴിയുന്ന ഒന്നാണ് വാത്ത വളർത്തൽ. വെള്ളത്തിന്റെയും പുല്ലിന്റെയും ലഭ്യതയുണ്ടെങ്കിൽ കുറഞ്ഞ മുതൽമുടക്കിൽ തന്നെ വാത്ത വളർത്തൽ നമുക്ക് ആരംഭിക്കാൻ സാധിക്കുന്നു. താറാവ് വളർത്തൽ പോലെ തന്നെ മികച്ച ലാഭവും ഈ സംരംഭം വഴി നമുക്ക് ലഭ്യമാകുന്നു.
അലങ്കാര പക്ഷി എന്ന നിലയിൽ മാത്രമല്ല ഇറച്ചി ആവശ്യത്തിനും വാത്ത മികച്ചതാണ്വെള്ള നിറത്തിലുള്ള വാത്തകളും, ചാര നിറത്തിലുള്ള വാത്തകളും വാണിജ്യ അടിസ്ഥാനത്തിൽ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. കോഴിയേക്കാളും താറാവിനെക്കാളും രോഗപ്രതിരോധശേഷി ഇവയ്ക്ക് കൂടുതലാണ് എന്നത് വാത്ത കൃഷിയോടുള്ള പ്രിയ മേറാൻ കാരണമാകുന്നുണ്ട്. ഒപ്പം തീറ്റ ചെലവും ഇവയെക്കാൾ രണ്ടു മടങ്ങ് കുറവു മതി.
അടുക്കളയിൽ നിന്നുള്ള വേസ്റ്റോ, ഗോതമ്പോ, കോഴിത്തീറ്റകളോ നൽകി വാത്തയെ വളർത്താം.ഇവ പുറത്തിറങ്ങി ആഹാരം കണ്ടെത്താൻ സ്വയം പര്യാപ്തരാണ് എന്നതും വാത്തകൃഷിയുടെ അനുകൂല ഘടകങ്ങളാണ്. പച്ചിലകളും ഇവയ്ക്ക് ഇഷ്ടഭക്ഷണങ്ങളാണ്. ആഴത്തിലുള്ള ഒരു ചെറുകുളം മാത്രം മതി ഇവയെ വളർത്താൻ. വൃത്തിയുടെ കാര്യത്തിൽ അല്പം മുൻപന്തിയിലാണ് ഇവ. അഴുക്കുള്ള കുളങ്ങളിൽ ഒട്ടും പെരുമാറാൻ ഇഷ്ടമില്ലാത്തവയാണ് വാത്തകൾ. അതുകൊണ്ടുതന്നെ വൃത്തിയാർന്ന ഒരു ചെറുകുളം ഇവയ്ക്ക് നീന്തിത്തുടിക്കാനും മേനി മിനുക്കാനും വേണം.
ഇവയുടെ ശരീരത്തിന് ഭാരം കൂടുതൽ ആയതുകൊണ്ട് വെള്ളത്തിലാണ് ബ്രീഡിങ് സാധ്യമാകുകയുള്ളൂ. ഒരു വർഷത്തിൽ ഏകദേശം 60 മുട്ടയോളം ഇവയിൽ നിന്ന് ലഭിക്കുന്നു. ടയറിനുള്ളിൽ ഇലകൾ ഇട്ട് അടയിരുത്തുന്ന രീതിയാണ് പൊതുവേ അവലംബിക്കേണ്ടത്. ഏകദേശം 13 മുട്ടകൾക്ക് മാത്രമേ വാത്തകൾ അടയിരിക്കാറുള്ളൂ. ഒരു മുട്ട ഏകദേശം 140 ഗ്രാം വരും. ഇൻക്യുബേറ്റർ സാങ്കേതികവിദ്യയുടെ സഹായത്തോടെയും മുട്ട വിരിയിച്ചെടുക്കാം. മുട്ടയുടെ തൊണ്ടിന് കനം കൂടുതലായതുകൊണ്ട് മുട്ട ചെറുതായി ഒന്ന് പൊട്ടിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും. വാത്ത കുഞ്ഞുങ്ങൾക്ക് കാര്യമായ പരിചരണം ഒന്നും നൽകേണ്ട. ഏതുതരത്തിലുള്ള തീറ്റകളും ഇവയ്ക്ക് നൽകാം. ഏകദേശം ഒന്നര വയസ്സിനുള്ളിൽ തന്നെ വാത്തകൾ പ്രായപൂർത്തിയാകും. ചെറിയ കുഞ്ഞുങ്ങളെ അതായത് മഞ്ഞ കലർന്ന ചിറകുകൾ ഉള്ള കുഞ്ഞുങ്ങളെ വെള്ളത്തിലേക്ക് ഇറക്കി വിടാതിരിക്കാൻ ശ്രദ്ധിക്കണം. ജനുവരി ഓഗസ്റ്റ് മാസങ്ങളിലാണ് ഇവ മുട്ടയിടുന്നതായി കണ്ടുവരുന്നത്. വാത്തയെ ഇണ ചേർക്കുമ്പോൾ നല്ല ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ ലഭ്യമാകാൻ രണ്ടു വയസ്സിനും മുകളിലുള്ള പിടയേയും മൂന്നു വയസ്സിനു മുകളിലുള്ള പൂവനെയും ഇണ ചേർക്കുകയാണ് ഉത്തമം.
Content summery : Goose farming