പശുക്കളോടുള്ള സ്നേഹത്താല്‍ ക്ഷീരകര്‍ഷകനായി തുടരുന്ന മുഹമ്മ കാട്ടിപറമ്പില്‍ ഗോപി
ആദായം മാത്രം ലക്ഷ്യമിട്ടല്ല ആലപ്പുഴ മുഹമ്മ കാട്ടിപറമ്പില്‍ ഗോപി എന്ന ക്ഷീരകര്‍ഷകന്‌റെ അധ്വാനം.
പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഗോപിയെ ക്ഷീരകര്‍ഷകനായി നിലനിര്‍ത്തുന്നത് പശുക്കളോടുള്ള അകമഴിഞ്ഞ സ്നേഹമാണ്. സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് ഈ കര്‍ഷകന്‍ പശുക്കളെ പരിചരിക്കുന്നത്. സ്വന്തമായി പാല്‍ കറന്ന് മുഹമ്മ സൊസൈറ്റിയിലും സമീപത്തെ വീടുകളിലും വിതരണം ചെയ്യും. തന്‌റെ പിക്കപ്പ് ഓട്ടോയില്‍ തന്നെയാണ് വിതരണത്തിനായി പാല്‍ കൊണ്ടുപോകുന്നത്. പശുക്കള്‍ക്ക് നല്ല പുല്ലും മികച്ച കാലിത്തീറ്റയും ലഭ്യമാക്കുന്നതില്‍ ഗോപി വിട്ടുവീഴ്ച ചെയ്യാറില്ല.അതുകൊണ്ടുതന്നെ ഗോപിയുടെ പാലിനും നാട്ടില്‍ ആവശ്യക്കാരേറെയാണ്. രാവിലത്തെ പാല്‍വിതരണത്തിന് ശേഷം ഡ്രൈവര്‍ ജോലിയിലേക്ക് കടക്കും. വൈകിട്ട് മൂന്ന് മണിവരെ ഡ്രൈവര്‍ ഗോപി എന്ന റോളാണ്. ശേഷം വീണ്ടും പശുക്കളുടെ അടുത്തേക്ക്. ഭാര്യ ഉഷാകുമാരിയും പൂര്‍ണ പിന്തുണയുമായി ഗോപിയ്ക്ക് ഒപ്പമുണ്ട്. പശു വളര്‍ത്തലും ഡ്രൈവര്‍ ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് തന്‌റെ ജീവിത മാര്‍ഗമെന്നും വിജയമെന്നും ഗോപി ഉറച്ച് വിശ്വസിക്കുന്നു.