പച്ചില വളങ്ങൾ മണ്ണിന് അമൃത്.
പ്രളയത്തിന്റെ കെടുതികൾ നാമിന്ന് ഓരോ വർഷവും അനുഭവിക്കുന്നുണ്ട്. വർഷാവർഷമുള്ള പ്രളയം കൃഷിയെ സാരമായി ബാധിക്കുന്നു. പ്രളയത്തോടൊപ്പം മേൽമണ്ണും ഒലിച്ചുപോകുന്നതിനാൽ ചിലയിടങ്ങളിൽ മണ്ണിലെ ജൈവാംശം നന്നായി കുറയാൻ സാധ്യതയുണ്ട്. രാസകീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗവും മണ്ണിന്റെ ആരോഗ്യം നശിപ്പിക്കും. മണ്ണിലെ ജൈവാംശം നിലനിർത്താനുള്ള പ്രധാനമാർഗം പച്ചില വളങ്ങളാണ്. മണ്ണിലെ മിത്ര സൂക്ഷ്മാണുക്കളുടെ വളർച്ച വർധിപ്പിക്കാനും ഹ്യൂമസിന്റെ അളവ് കൂട്ടാനും പച്ചില വളങ്ങൾ സഹായിക്കും.
മേൽമണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാനും ഘടന മെച്ചപ്പെടുത്താനും മണ്ണൊലിപ്പ് തടയാനും ജലത്തിന്റെ ആഗിരണശേഷിയും ഈർപ്പവും വർധിപ്പിക്കാനും പച്ചില വളങ്ങൾ സഹായിക്കുന്നു. ഇവ മണ്ണിലെ മൂലകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നു. പച്ചിലവളങ്ങളുടെ കൂട്ടത്തിൽ പയറുവർഗ്ഗ ചെടികളുമുണ്ട്. അവ മണ്ണിൽ നൈട്രജൻ ചേർക്കും. തന്മൂലം യൂറിയ പോലുള്ള നൈട്രജൻ അടങ്ങിയ വളങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്യാം. പച്ചിലവളങ്ങൾ വളർത്തുന്നതിന് ചിലവും കുറവാണ്.
രണ്ടു രീതിയിലാണ് സാധാരണയായി പച്ചില വളങ്ങൾ മണ്ണിൽ ചേർക്കുന്നത്. ഇത് കൃഷിയിടങ്ങളിൽ തന്നെ വളർത്തി ഉഴുത് ചേർക്കുകയോ അല്ലെങ്കിൽ മറ്റൊരിടത്ത് നിന്ന് ഇലകളും ശാഖകളും ശേഖരിച്ചു കൊണ്ടു വന്ന് ചേർക്കുകയോ ആവാം.
ചണമ്പ്, വൻപയർ, കൊഴിഞ്ഞിൽ, ഡെയിഞ്ച, നീലഅമരി, കൊത്തമര/കുലപ്പയർ എന്നീ ചെടികൾ പുരയിടത്തിൽ തന്നെ വളർത്തി മണ്ണിൽ ഉഴുതു ചേർക്കാവുന്നതാണ്.
ചണമ്പ്
ചണമ്പ് അഥവാ സൺഹെമ്പ് കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന പച്ചിലവളങ്ങളിലൊന്നാണ്. വളരെ വേഗത്തിൽ വളരാൻ കഴിയുന്ന ചണമ്പ് തെങ്ങിൻ തോട്ടങ്ങളും വാഴത്തോട്ടങ്ങളിലും വളർത്താൻ യോജിച്ചതാണ്. നട്ട് 10 ആഴ്ചകൾക്കുശേഷം മണ്ണിൽ ചേർക്കണം. തെങ്ങിൻ തോട്ടങ്ങളിൽ കൃഷിചെയ്യുമ്പോൾ കാലവർഷം തുടങ്ങുന്നതിനു മുൻപ് ഉഴുത മണ്ണിൽ വിതയ്ക്കണം. ഓഗസ്റ്റ് മാസത്തോടെ കിളച്ചുചേർക്കാം. അല്ലെങ്കിൽ പുഴുത് തടങ്ങളിലിട്ടാലും മതിയാകും.
ഡെയിഞ്ച
തെങ്ങിനും നെല്ലിനും വാഴയ്ക്കും അനുയോജ്യമായ പച്ചിലവളങ്ങളിൽ ഒന്നാണ് ഡെയിഞ്ച.നട്ട് എട്ടാഴ്ചയ്ക്കകം മണ്ണിൽ ചേർക്കാം
കൊഴിഞ്ഞിൽ
സാവധാനം വളരുന്ന കുറ്റിച്ചെടിയാണ് കൊഴിഞ്ഞിൽ. വിതക്കുന്നതിനു മുന്പ് 55 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ മൂന്നു മിനിറ്റ് മുക്കി വച്ചാലേ കൊഴിഞ്ഞിൽ മുളയ്ക്കുകയുള്ളൂ. കുറച്ചു തവണ കൃഷി ചെയ്ത് കഴിഞ്ഞാൽ പിന്നീട് ഇവ താനെ കൃഷിയിടങ്ങളിൽ മുളച്ചുവരും.
ശീമക്കൊന്ന
പണ്ട് മുതലേ വേലിയാലായി വളർത്തിയിരുന്ന വളച്ചെടിയാണ് ശീമക്കൊന്ന. ഇവ പെട്ടെന്ന് വളരുകയും മണ്ണിൽ നൈട്രജന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. കാലിത്തീറ്റയായും പച്ചില വളമായും ജൈവവളമായും കുരുമുളകിനു താങ്ങായുമെല്ലാം ശീമക്കൊന്ന ഉപയോഗിക്കാം. വർഷത്തിൽ മൂന്ന് നാല് തവണ പച്ചില വെട്ടി വളമായി നൽകാം. ശീമക്കൊന്ന കമ്പ് മുറിച്ചു നട്ടോ വിത്ത് മുളപ്പിച്ചോ വളർത്താവുന്നതാണ്. മേയ്- ജൂൺ മാസങ്ങളിലാണ് കമ്പ് മുറിച്ച് നടേണ്ടത്.
വൻപയർ
തെങ്ങിന് അനുയോജ്യമായ പച്ചിലവളങ്ങളിൽ ഒന്നാണ് വൻപയർ. റൈസോബിയം പുരട്ടി വിത്ത് പരിചരണം നടത്തിയശേഷമാണ് വൻപയർ പാകേണ്ടത്. ഏപ്രിൽ -മെയ് മാസങ്ങളിൽ തെങ്ങിൻ തടങ്ങളിൽ കൃഷിചെയ്യാം. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ഉഴുത് തടങ്ങളിൽ ചേർക്കാം.
സെസ്ബാനിയ, സുബാബുൾ എന്നീ വൃക്ഷങ്ങളുടെ ഇലകളും ശാഖകളും ചിലയിടങ്ങളിൽ പച്ചില വളമായി ഉപയോഗിക്കാറുണ്ട്. നാല് വർഷത്തിനുള്ളിൽ 5 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് സുബാബുൾ. ഇതിന്റെ ഇലകൾ പെട്ടെന്ന് അഴുകി ധാരാളം നൈട്രജൻ മണ്ണിൽ കൂട്ടിച്ചേർക്കുന്നു. കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്.
ഇത്തരം പച്ചിലകൾ മണ്ണിൽ ചേർക്കുന്നത് മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും കളകളുടെ വളർച്ച നിയന്ത്രിക്കുകയും ചെയ്യും. തരിശുഭൂമിയിൽ കൃഷി ആരംഭിക്കുന്നതിനു മുൻപ് ഇത്തരം പച്ചിലവളച്ചെടികൾ വളർത്തി മണ്ണിനോട് യോജിപ്പിച്ചശേഷം കൃഷി ചെയ്താൽ കൂടുതൽ വിളവ് ലഭിക്കും.