തെക്കേ അമേരിക്കയില്‍ നിന്നെത്തി അക്വേറിയം കീഴടക്കിയ സുന്ദരി; ഗപ്പി വളര്‍ത്തുന്നവരേ, ഇക്കാര്യങ്ങള്‍ അറിയണേ..
മത്സ്യങ്ങളെ വളര്‍ത്തുന്നത് ഭൂരിഭാഗം പേര്‍ക്കും പ്രിയമുള്ള കാര്യമാകും. അലങ്കാരത്തിനും ആദായത്തിനുമായി മീന്‍ വളര്‍ത്തുന്നവര്‍ ധാരാളമാണ്. എളുപ്പത്തില്‍ വളര്‍ത്താവുന്ന മത്സ്യങ്ങളില്‍ പ്രധാനിയാണ് ഗപ്പി. റെയിന്‍ബോ ഫിഷ് എന്നും മില്യണ്‍ ഫിഷ് എന്നും അറിയപ്പെടുന്ന ഈ മത്സ്യം അക്വേറിയങ്ങളിലെ പ്രധാനിയാണ്.
കൊതുകളെ നിയന്ത്രിക്കാന്‍ ഗപ്പിക്ക് സാധിക്കുന്നതിനാല്‍ മോസ്‌കിറ്റോ ഫിഷ് എന്നും ഇതിന് വിളിപ്പേരുണ്ട്. തെക്കേ അമേരിക്കയിലാണ് ഗപ്പി വ്യാപകമായി കണ്ടുവരുന്നത്. ഒരു ആണ്‍ മത്സ്യവും രണ്ടോ മൂന്നോ പെണ്‍ മത്സ്യങ്ങളുമാണ് വളര്‍ത്താന്‍ തെരഞ്ഞെടുക്കേണ്ടത്.
ഉപ്പുവെള്ളത്തിലെ ചെമ്മീനും കൊതുകുകളുടെ കൂത്താടികളും മണ്ണിരകളുമാണ് ഗപ്പിയുടെ ഇഷ്ടഭക്ഷണം. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഭക്ഷണം നല്‍കി എത്രത്തോളം ആവശ്യമുണ്ടെന്ന് മനസിലാക്കണം. അഞ്ച് മിനിറ്റിനുള്ളില്‍ ഭക്ഷിക്കാന്‍ കഴിയാത്തത്ര തീറ്റ ഒരിക്കലും വെള്ളത്തില്‍ ഇട്ടുകൊടുക്കരുത്.
22-28 ദിവസങ്ങള്‍ക്കിടയിലാണ് ഇതിന്റെ പ്രജനന കാലം. വെള്ളത്തിന് കൂടുതല്‍ തണുപ്പുണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാകുകയും പ്രജനന കാലം വര്‍ധിക്കുകയും ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രജനന കാലത്ത് പകല്‍ സമയത്ത് ഇവയ്ക്ക് വെളിച്ചവും ആവശ്യമാണ്. അക്വേറിയത്തില്‍ ചെറിയ കൂടുകള്‍ പോലെ ഒരുക്കിയാല്‍ വെളിച്ചം ആവശ്യമില്ലാത്തപ്പോള്‍ മത്സ്യങ്ങള്‍ക്ക് ഒളിച്ചിരിക്കാനിടം കിട്ടും.