ജൈവവളങ്ങള്‍ എങ്ങനെ ഉണ്ടാക്കാം?
കോഴി കാഷ്ടം
കോഴി കാഷ്ടം ഒരു ഉത്തമ ജൈവ വളം ആണ്. നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിക്കാറുള്ള ജൈവ വളം ആണ് കോഴി കാഷ്ടം. കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരു ബെഡ് ആയി വിതറുക. അതില്‍ വെള്ളം ഒഴിക്കുക . 10 കിലോ കോഴിക്കാഷ്ടത്തിനു 3 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ചേര്‍ക്കുക. എന്നിട്ട് നന്നായി ഇളക്കുക. അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നയി ഇളക്കി വീണ്ടും കൂനയായി ഇടുക. ഇങ്ങനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം . നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും.തയ്യാറായ ജൈവവളം ചെടിയുടെ മുരട്ടില്‍ നിന്നും ഒരടി അകലത്തില്‍ മാത്രമേ ഇടാവൂ. അതിനു ശേഷം നന്നായി നനക്കുക.
അടുക്കളയില്‍ നിന്നും അടുക്കള തോട്ടത്തിലേക്ക് വളമുണ്ടാക്കാം
പുല്‍ത്തകിടിയിലും, പൂന്തോട്ടത്തിലുമൊക്കെ ഒരു ശല്യമായിട്ടാണ് മണ്ണിരയെ കാണുന്നത്. പക്ഷേ ജൈവീകമായി ഒരുക്കുന്ന ഗാര്‍ഡന് സിന്തെറ്റിക്കും, അജൈവീകമായ വളം ഉപയോഗിക്കാനേ പാടില്ല. പകരം മണ്ണിര കമ്പോസ്റ്റാണ് ഉപയോഗിക്കേണ്ടത്. കര്‍ഷകന്റെ മിത്രമായ മണ്ണിരയെ കാര്‍ഷികഗവേഷണകേന്ദ്രങ്ങളില്‍ നിന്നോ, ഈര്‍പ്പമുളള മണ്ണില്‍ നിന്നോ ലഭ്യമാക്കാം. ഒരു മണ്ണിര കംപോസ്റ്റ് നിര്‍മ്മാണ യൂണിറ്റൊരുക്കുന്നതിനുളള നടപടികള്‍ ഇത്തരത്തിലാണ്. തണുപ്പുളള ഒരു പ്രദേശം തിരഞ്ഞെടുക്കുക. ഗ്രൗണ്ട് ലെവലില്‍ നിന്ന് കട്ടകെട്ടി ഒരു കുഴി ഉണ്ടാക്കുക. കടുത്ത മഴക്കാലത്തും ഇത്തരം ഇടങ്ങളില്‍ വെളളക്കെട്ടുണ്ടാവാന്‍ പാടുളളതല്ല. 120X120 സെ.മീ. നീളവും വീതിയും 50 ഉയരവുമാണ് വേണ്ടത്. ഇത്തരത്തിലുളള രണ്ട് പീറ്റുകള്‍ വേണം. ഒറ്റച്ചുമരില്‍ ചേര്‍ത്ത് ഇവ നിര്‍മ്മിച്ചാല്‍ നിര്‍മ്മാണത്തിനുളള ചെലവ് കുറയ്ക്കാം. വെളളം ഒഴുകി പോകുന്നതിനുളള സൗകര്യം കൂടി കണക്കിലെടുത്ത് ആവശ്യമായ ചെരിവ് നല്‍കണം. ഡ്രെയിന്‍ ഹോളുകള്‍, പ്ലാസ്റ്റിക് കൊണ്ടോ എസ്.എസ് മെഷ് കൊണ്ടോ സുരക്ഷിതമാക്കണം. ഇല്ലെങ്കില്‍ മണ്ണിരകള്‍ ഇതിലൂടെ നഷ്ടപ്പെടാം. പിറ്റിലേക്ക് ഉറുമ്പുകയറുന്നത് തടയാന്‍ ഡ്രെയിന്‍ ഹോളുകള്‍, പ്ലാസ്റ്റിക് കൊണ്ടോ എസ്.എസ് മെഷ് കൊണ്ടോ സുരക്ഷിതമാക്കണം. ഇല്ലെങ്കില്‍ മണ്ണിരകള്‍ ഇതിലൂടെ നഷ്ടപ്പെടാം. പിറ്റിലേക്ക് ഉറുമ്പ് കയറുന്നത് തടയാന്‍ ഡ്രെയിന്‍ ഹോളുകള്‍ക്ക് സമീപം കിടങ്ങില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് നന്നായിരിക്കും. ഇതില്‍ 2 ഇഞ്ച് വെളളം എപ്പോഴും ഉണ്ടായിരിക്കുകയും വേണം. ചെറിയ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ക്രിസ്റ്റല്‍സ് ഇതില്‍ നിക്ഷേപിക്കുന്നത് കൊതുക് വളരുന്നത് തടയും.
ഒരിഞ്ച് പെബിള്‍സ്, ഒരിഞ്ച് മെറ്റല്‍ എന്നിവ അഞ്ച് സെന്റീമീറ്റര്‍ കനത്തില്‍ വിരിച്ചാണ് അടിസ്ഥാന പാളി നിര്‍മ്മിക്കുന്നത്. 5X5 സെ.മീ ഉള്ള ചകിരികഷ്ണങ്ങള്‍ കൊണ്ട് അടുത്ത 20 സെ.മീ. നിറയ്ക്കുക. മണലുകൊണ്ടും മണ്ണുകൊണ്ടും ഇവ മൂടുക. ഇനി കരിയിലകള്‍ വിരിച്ച് കംപോസ്റ്റിന്റെ അടിസ്ഥാനഘടന നിര്‍മ്മിക്കാം. 10സെ.മീ കനത്തില്‍ വരെ ഇത്തരത്തില്‍ നിര്‍മ്മിക്കാം. വളര്‍ച്ചയെത്തിയ മണ്ണിരകളെ ഇതില്‍ നിക്ഷേപിക്കാം. ഇലകള്‍ തിന്നു തുടങ്ങുന്ന മണ്ണിരകള്‍ ചകിരിതൊണ്ടിനിടയില്‍ തണുത്ത അന്തരീക്ഷത്തില്‍ ജീവിക്കും. 100 ഓളം മണ്ണിരകളെ ആദ്യം ഒരു പിറ്റില്‍ ഇടാവുന്നതാണ്. പിന്നീടവ വളര്‍ന്ന് പെരുകിക്കൊണ്ടിരിക്കും. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തിടത്തായിരിക്കണം പിറ്റ് വേണ്ടത്. മഴയും കൊളളരുത്. സുതാര്യമായ പോളിപ്രൊപ്പലൈന്‍ ഷീറ്റ് ഇതിന് ഉപയോഗിക്കാവുന്നതാണ്.
നാല്‍പ്പത്തിയഞ്ചു ദിവസമാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിന് ആവശ്യമായിവരുന്ന സമയം. പച്ചക്കറി മാലിന്യങ്ങളും, നോണ്‍ ഫെനേലിക് ഇലകളും തീറ്റയായി കൊടുക്കാവുനതാണ്. എണ്ണയും മാംസ, മത്സ്യമാലിന്യങ്ങളും ഉപയോഗിക്കരുത്. ഇത് ദുര്‍ഗന്ധം സൃഷ്ടിക്കും. ആദ്യ 45 ദിവസം കഴിഞ്ഞ് അടുത്ത കുഴിയില്‍ ഇതേ രീതി അവലംബിക്കാവുന്നതാണ്. ഗ്യാനുള്‍സ് കുഴിയില്‍ പൂര്‍ണ്ണമായും കണ്ടാല്‍ ഉറപ്പിക്കാം, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം പൂര്‍ണ്ണമായി എന്ന്. ഒന്നിടവിട്ട് ഈ രീതി രണ്ട് പിറ്റുകളിലും ആവര്‍ത്തിച്ചാല്‍ അടുക്കളത്തോട്ടത്തിനാവശ്യമായ ജൈവവളം ലഭിക്കും. ഈ വളം 2,3 ദിവസം വെയിലുകൊള്ളിക്കുന്നത് കീടനാശനത്തിനു സഹായിക്കും. കമ്പോസ്റ്റ് 3 എം. എം. അരിപ്പയില്‍ അരിച്ചെടുക്കുന്നത് പൂര്‍ണ്ണമായും തിന്ന് തീരത്തെ കിടക്കുന്ന വസ്തുക്കളെ വളത്തില്‍ നിന്ന് വേര്‍ത്തിരിക്കും. ഇങ്ങനെ വേര്‍തിരിക്കുന്നത് ചെടികളെ അനുബാധയില്‍നിന്ന് രക്ഷിക്കും.
മണ്ണിര കമ്പോസ്റ്റ് ഒരുക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. കുഴി ഒരിക്കലും ഉണങ്ങിപോകരുത്. ഈര്‍പ്പം ആവശ്യമെങ്കില്‍, വെള്ളം പാകത്തിന് തളിച്ചുകൊടുക്കണം. അതുപോലെതന്നെ അധിക ജലം നല്‍കുന്നതും ഉചിതമല്ല. വളം വരുന്നതിനു മുന്‍പ് സൂര്യപ്രകാശം കൊള്ളിച്ചാല്‍ മണ്ണിര കൂടുതല്‍ ആഴത്തില്‍ പോകുന്നതിനു സഹായിക്കും. മണ്ണിര ഇല്ലാതെ വളം വാരിയെടുക്കാനും കഴിയും.
വേപ്പിന്‍ പിണ്ണാക്ക് ജൈവ വളം
വേപ്പിന്‍ പിണ്ണാക്ക് എന്നത് ഒരു ഉത്തമ ജൈവ വളം ആണ്. വേപ്പിന്‍ പിണ്ണാക്ക് ചെടികളെ കീടങ്ങളില്‍ നിന്നും രക്ഷിക്കുകയും അവയുടെ വളര്‍ച്ച ത്വരിതപെടുത്തുകയും ചെയ്യുന്നു. ചെടികള്‍ നടുമ്പോള്‍ അടിവളമായി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നത് വളരെ നല്ലതാണ്. തെങ്ങ്, വാഴ, പയര്‍ , പാവല്‍ , പടവലം, തുടങ്ങി എന്ത് വിളകളിലും ഇത് ഉപയോഗിക്കാം. വേപ്പിന്റെ വിത്തില്‍ നിന്നും ആണ് വേപ്പിന്‍ പിണ്ണാക്ക് ഉണ്ടാക്കി എടുക്കുന്നത്. വേപ്പിന്‍ പിണ്ണാക്ക് സാധാരണ വളങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്. കര്‍ഷക സൊസൈറ്റികളിലും ലഭിക്കും.
പച്ചക്കറിവളം
ഉപയോഗശൂന്യമായ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് നിര്‍മ്മിക്കാവുന്ന ഒരു നാടന്‍ ജൈവവളക്കൂട്ടാണ് പച്ചക്കറിവളം. അടിവളമായി ഉപയോഗിക്കുന്നതിനാല്‍ മണ്ണിന്റെ പോഷകദായകശേഷി വര്‍ദ്ധിപ്പിക്കുകയും മണ്ണിലെ സൂഷ്മജീവികളുടെ എണ്ണം കൂട്ടി സസ്യങ്ങള്‍ക്ക് നല്ല വളര്‍ച്ചയും നല്‍കുന്നു.പെട്ടെന്ന് നശിച്ചുപോകാവുന്ന മത്തന്‍, വെള്ളരി, പടവലം, പപ്പായ തുടങ്ങിയ ഏതു പച്ചക്കറികളും മിക്കവാറും എല്ലാ പഴങ്ങളും ഈ വളക്കൂട്ടിനായി ഉപയോഗിക്കാവുന്നതാണ്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയേക്കൂടാതെ മുട്ട, ശര്‍ക്കര, പയര്‍ പൊടി ഉഴുന്നുപൊടി എന്നിവയും ഈ വളത്തിന്റെ ചേരുവകളാണ്.പഴങ്ങളും പച്ചക്കറികളും ചെറിയ കഷണങ്ങളാക്കി മണ്‍കലത്തിലോ തൊട്ടിയിലോ ഇട്ട് ചെറുപയര്‍ പൊടിയോ ഉഴുന്നു പൊടിയോ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുന്നു. ഈ മിശ്രിതത്തിലേക്ക് ശര്‍ക്കര കലക്കിയ വെള്ളം അരിച്ച് ഒഴിച്ച് നല്ലതുപോലെ കലക്കുന്നു. അതിനു ശേഷം മുട്ട പൊട്ടിച്ച് സാവധാനം ഈ ലായനിയിലേക്ക് ഒഴിക്കുന്നു. ഇളക്കം തട്ടാതെ വായ്ഭാഗം മൂടിക്കെട്ടി രണ്ടാച്ചയ്ക്കു ശേഷം എടുത്ത് ഇളക്കി വെള്ളത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
ചകിരിച്ചോര്‍ കമ്പോസ്റ്റ് വളം
നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെ. മീ. കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനുശേഷം പഴയപടി 100 കി.ഗ്രാം ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ ഒരു കി.ഗ്രാം യൂറിയ വിതറുക. ഇങ്ങനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചികിരച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നച്ചുകൊടുക്കണം. ഈര്‍പ്പാംശം നിലനിര്‍ത്താന്‍ ചണച്ചാക്കോ, വഴയിലയോ, തെങ്ങോലയോ കൊണ്ട് മുകളില്‍ പുതയിടണം. 30-40 ദിവസംകൊണ്ട് ചികിരിച്ചോര്‍ കമ്പോസ്റ്റ് റെഡി. ഒരു ടണ്‍ ചികിരിച്ചോറില്‍ നിന്ന് 600 കി.ഗ്രാം കമ്പോസ്റ്റ് വളം ലഭിക്കും. സംസ്‌കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്‌നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും , മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനുംഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു സാധിക്കും.
കപ്പലണ്ടി പിണ്ണാക്ക്
കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ വളങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെകില്‍ നമുക്ക് കടല പിണ്ണാക്ക് ഉപയോഗിക്കാം. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭ്യമാണ്. പണ്ടൊക്കെ ആളുകള്‍ പശുക്കള്‍ക്ക് കൊടുക്കുവാന്‍ കപ്പലണ്ടി പിണ്ണാക്ക് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ചുരുക്കം ചില കടകളില്‍ മാത്രമാണ് കപ്പലണ്ടി പിണ്ണാക്ക് ലഭിക്കുന്നത്. വില ഒരു കിലോ 50 രൂപ മുതല്‍ കൊടുക്കണം, വില ഇത്തിരി കൂടുതല്‍ ആണ് കപ്പലണ്ടി പിണ്ണാക്കിന്. പക്ഷെ കപ്പലണ്ടി പിണ്ണാക്ക് ഉപയോഗിച്ചാല്‍ വിളകള്‍ നല്ല രീതിയില്‍ വളര്‍ന്നു നല്ല വിളവു നമുക്ക് ലഭിക്കും. കപ്പലണ്ടി പിണ്ണാക്ക് എങ്ങിനെ ജൈവ വളമായി ഉപയോഗപ്പെടുത്താം എന്ന് നമുക്ക് നോക്കാം.
കപ്പലണ്ടി പിണ്ണാക്ക് നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കരുത്, ഉറുമ്പുകള്‍ അത് കൊണ്ട് പോകും. ഇനി കുഴിയെടുത്തു ഇട്ടാലും ഉറുമ്പുകള്‍ ശല്യം ചെയ്യും. അത് കൊണ്ട് അത് നേരിട്ട് കൊടുക്കാതെ ഇരിക്കുന്നതാണ് ഉത്തമം. 1-2 പിടി കപ്പലണ്ടി പിണ്ണാക്ക് എടുത്തു 1 ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു 3-4 ദിവസം വെക്കുക. അപ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് നന്നായി പുളിക്കും, ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ഇനി ഇതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങിനെ ചെയ്യുന്നത് നല്ലതാണ്.
പച്ച ചാണകം - വേപ്പിന്‍ പിണ്ണാക്ക് - കടല പിണ്ണാക്ക് ജൈവ വളം
ഈ വളം ഉണക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയെന്നു നമുക്ക് നോക്കാം. കടല പിണ്ണാക്ക്, പച്ച ചാണകം, വേപ്പിന്‍ പിണ്ണാക്ക് , വെള്ളം ഇവയാണ് വേണ്ട വസ്തുക്കള്‍. ചെറിയ തോട്ടങ്ങള്‍ക്ക് വളരെ ചെറിയ അളവില്‍ ഉണ്ടാക്കുന്നതാണ് നല്ലത്. ഇതിനായി കടല പിണ്ണാക്ക് 100 ഗ്രാം, വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം, പച്ച ചാണകം 100 ഗ്രാം, വെള്ളം 2 ലിറ്റര്‍ ഇവ എടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് വെയില് കൊള്ളാതെ 5 ദിവസം വെക്കുക. ദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കുക. 5 ദിവസം കഴിഞ്ഞു ഈ മിശ്രിതം 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. വൈകുന്നേരം ഒഴിച്ച് കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ആഴ്ചയില്‍ അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഇങ്ങിനെ ചെയ്യുന്നത് ചെടികളുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ മെച്ചപ്പെട്ട വിളവിനും സഹായകമാണ്.
കാലിവളം
കാലി വളത്തില്‍നിന്നു കിട്ടുന്ന മൂത്രം, ചാണകം, തീറ്റി സാധനങ്ങളുടെ ബാക്കി എന്നിവ അഴുകി കിട്ടുന്ന വളമാണ് കാലിവളം. ഇങ്ങനെ അഴുകിയശേഷം കിട്ടുന്ന കാലിവളത്തില്‍ 0.5 ശതമാനം വീതം നൈട്രജനും പൊട്ടാഷും 0.2 ശതമാനം ഫോസ്ഫറസുമുണ്ട്. ഒരു പശുവില്‍നിന്ന് ഒരു വര്‍ഷം ഏകദേശം 5 ടണ്‍ കാലിവളവും ഒരു എരുമയില്‍നിന്ന് 7 ടണ്‍ കാലിവളവും കിട്ടുമെന്നാണ് കണക്ക്. മൂലകങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ ഒരാണ്ടില്‍ മേല്‍പ്പറഞ്ഞ മൃഗങ്ങള്‍ ഓരോന്നും 40 തൊട്ട് 55 കി.ഗ്രാം വരെ നൈട്രജനും 10 മുതല്‍ 15 കി.ഗ്രാം വരെ ഫോസ്ഫറസും, 35 മുതല്‍ 45 കി.ഗ്രാം വരെ പൊട്ടാഷും തരുമെന്ന് കണക്കാക്കാം. ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും വളവും മൂലകങ്ങളും കിട്ടണമെങ്കില്‍ അവയില്‍നിന്നുള്ള ചാണകവും മൂത്രവും നഷ്ടപ്പെടാതെ ശേഖരിക്കുകയും വേണം.
ചാരം (വെണ്ണീര്‍)
പലതരം വസ്തുക്കളും കത്തിച്ചുണ്ടാകുന്ന ചാരം പണ്ടുമുതലേ നമ്മുടെ പ്രധാനപ്പെട്ടൊരു നാടന്‍ വളമായിരുന്നു. പൊട്ടാഷിനുവേണ്ടിയാണ് നാം ചാരം ഉപയോഗിക്കുന്നതെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ചാരത്തിന് ഇംഗ്ലീഷില്‍ ആഷ് എന്നാണ് പറയുന്നത്. പോട്ട് എന്ന് ഇംഗ്ലീഷില്‍ പറയുന്നത് മലയാളത്തില്‍ പാത്രം എന്നാണ് അര്‍ഥം. വീട്ടില്‍ ഉണ്ടാകുന്ന ചാരം പാത്രത്തില്‍ ശേഖരിച്ച് ഉപയോഗിക്കുന്നു എന്നതിന് തുല്യമായ ഇംഗ്ലീഷിലുള്ള പോട്ട് ആഷില്‍ നിന്നാണ് പൊട്ടാഷ് എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. വീട്ടിലുണ്ടാകുന്ന ചാരത്തില്‍ 0.5-1.9% നൈട്രജനും, 1.6-4.2% ഫോസ്ഫറസും, 2.3-12.0% പൊട്ടാഷുമുണ്ട്. അടിവളമായാണ് സാധാരണ ചാരം ഉപയോഗിക്കുക.
നാരങ്ങ മുട്ട മിശ്രിതം (എഗ് അമിനോ ആസിഡ് )
ടെറസിലും , വീട്ടുമുറ്റത്തുമൊക്കെയായി ജൈവ കൃഷി ചെയ്യുന്നവര്‍ അറിയേണ്ട ഒരു ജൈവ വളമാണ് ഇത്. ഇത് ചെടികള്‍ പെട്ടന്ന് വളര്‍ന്ന് വരാനും, പുഷ്പിക്കാനും, കായ് ഉണ്ടാകുവാനും സഹായിക്കുന്നു. ഇത് ഉപയോഗിച്ച് വിജയം കൈവരിച്ച കര്‍ഷകനാണ് സജീവ്.സജീവിന്റെ വിവരണം താഴെ കൊടുക്കുന്നു.
തക്കാളി ഉണ്ടാകാന്‍ ഉപയോഗിക്കുനത് നാല് ചെറുനാരങ്ങയും ഒരു കോഴിമുട്ടയും നാല്പതു ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടാക്കുന്ന ജൈവ ഹോര്‍മോണ്‍ .ചില്ല് കുപ്പിയില്‍ ഒരു കോഴിമുട്ട ഉടയാതെ ഇറക്കിവെക്കുക, അതിനു ശേഷം നാല് ചെറുനാരങ്ങയുടെ നീര് ഒഴിച്ച് (മുട്ടയുടെ പകുതി ഭാഗമെങ്ങിലും നീരില്‍ മുങ്ങി കിടക്കണം.കുപ്പി അധികം വലുപ്പം ഉള്ളത് പാടില്ല ) നല്ലവണ്ണം അടച്ചു വെക്കണം. പത്തു ദിവത്തിനു ശേഷം 40 ഗ്രാം ശര്‍ക്കര പൊടിച്ചു അതില്‍ ചേര്‍ക്കുക. ശേഷം കുപ്പി അടച്ചതിനു ശേഷം, നല്ല പോലെ കുലുക്കുക . വീണ്ടും 10 ദിവസം കഴിഞ്ഞതിനു ശേഷം ഈ ലായിനി അരിച്ചു എടുത്തു 2 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു ചെടികളില്‍ ഉപയോഗിക്കുക. ഈ ജൈവ ഹോര്‍മോണ്‍ 8 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ് . 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് ചെടികളുടെ ഇലയിലും, തണ്ടിലും, സ്‌പ്രേ ചെയ്യാം അത് പോലെ ചുവട്ടിലും ഒഴിക്കാം.
പച്ചിലകള്‍
വരമ്പുകളില്‍ വച്ച് പിടിപ്പിക്കുന്ന ശീമക്കൊന്ന, മുരിക്ക്, കുറ്റിച്ചെടികള്‍ എന്നിവയെല്ലാം പച്ചില നല്‍കും. കൂടാതെ വീട്ടുവളപ്പില്‍ കാണുന്ന മാവ് ,പ്ലാവ് എന്നീ ഫലവൃക്ഷങ്ങളും പറമ്പുകളില്‍ കാണുന്ന സുബാബുള്‍, ഇലഞ്ഞി, വേപ്പ് തുടങ്ങിയവയെല്ലാം നല്ല പച്ചിലവളങ്ങളാണ്. വയല്‍ വരമ്പുകളിലും തെങ്ങില്‍ തോപ്പിലും ശീമക്കൊന്ന, വച്ച് പിടിപ്പിക്കാവുന്നതാണ്. കൂടാതെ വീട്ടുവളപ്പുകളില്‍ നിന്നും പറിച്ചു കളയുന്ന പുല്ല്, ചെറുചെടി ഇവയെല്ലാം തന്നെ ജൈവ വളമാക്കാം. ഈ പച്ചില വളങ്ങില്‍ എണ്ണം തന്നെ പ്രധാനമൂലകങ്ങലായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയിട്ടുണ്ട്.
സി - പോം
കയര്‍ വ്യവസായ മേഖലയില്‍ ഉപോല്പനന്മായി പുറം തള്ളുന്ന ചകിരിച്ചോര്‍ ഉപോഗിച്ചാണ് സി-പോം തയ്യാറാക്കുന്നത്. ചകിരിച്ചോര്‍ വിഘടിക്കാതെ മണ്ണില്‍ കുമിഞ്ഞു കൂടി പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ലിഗ്‌നിന്‍ എന്ന സങ്കീര്‍ണ്ണ പദാര്‍ഥത്തിന്റെ സാനിധ്യം ആണ് ഇതിനു കാരണം. പിത്ത് പ്ലസ് എന്നൊരു സൂഷ്മാണു മിശ്രിതത്തെ കയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുതിട്ടുണ്ട്. ഇവയെ ഉപയോഗിച്ച് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ എല്ലാ വിധ കാര്‍ഷിക വിളകള്‍ക്കും ഉപയോഗിക്കാവുന്ന ജൈവവളം ആക്കുന്നു.
സി-പോമിന്റെ സവിശേഷതകള്‍
സസ്യ വളര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല മാദ്ധ്യമമായി നിലകൊള്ളുന്നു. മണ്ണില്‍ വായു സഞ്ചാരം വര്‍ദ്ധിപ്പിച്ചു സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളായ നൈട്രജന്‍ , ഫോസ്ഫറസ് , പൊട്ടാസ്യം (എന്‍ പി കെ) ഗണ്യമായ രീതിയില്‍ പ്രധാനം ചെയുന്നതോടൊപ്പം സൂഷ്മ മൂലകങ്ങളായ Ca, Mg, Fe, Mn, Zn എന്നിവയുടെ സാനിധ്യവും സി-പോമിന്റെ സവിശേഷതയാണ്. ജല സംഭരണ ശേഷി ഉള്ളതിനാല്‍ വരണ്ട കാലാവസ്ഥയിലും ഈര്‍പ്പം നിലനിര്‍ത്തി വിളകളെ സംരക്ഷിക്കുന്നു. വിത്തുകളുടെയും കായകളുടെയും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. സസ്യഹോര്‍മോണുകളുടെയും രാസാഗ്‌നികളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിച്ചു ചെടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.
സി-പോം രണ്ടു കിലോ ,പത്തു കിലോ , ഇരുപത്തിയഞ്ച് കിലോ, നാല്‍പതു കി പാക്കുകളില്‍ ലഭ്യം ആണ്. സീ- പോം ജൈവവള വില്‍പന കേന്ദ്രങ്ങളില്‍ ലഭിക്കും
സി-പോം ഉപയോഗക്രമം
തെങ്ങ് 12 കി. ഗ്രാം റബ്ബര്‍ 2 കി. ഗ്രാം
വാഴ 5 കി. ഗ്രാം നെല്ല് 150 കി. ഗ്രാം/ഏക്കര്‍
കുരുമുളക് 5 കി. ഗ്രാം കപ്പ 2 കി. ഗ്രാം
കമുക് 5 കി. ഗ്രാം വെറ്റില 2 കി. ഗ്രാം
ഏലം 5 കി. ഗ്രാം/കൂട്ടം കൊക്കോ 2 കി. ഗ്രാം
കാപ്പി 5 കി. ഗ്രാം/ചെടി വാനില 1 കി. ഗ്രാം
തേയില 0.5 കി. ഗ്രാം/ചെടി ജാതി 5 കി. ഗ്രാം
തക്കാളി 0.3 കി. ഗ്രാം കാബേജ് 0.3 കി. ഗ്രാം
പയര്‍ 0.3 കി. ഗ്രാം കാരറ്റ് 0.1 കി. ഗ്രാം
പടവലം 0.5 കി. ഗ്രാം ബീട്രൂറ്റ് 0.1 കി. ഗ്രാം
ചേന 0.5 കി. ഗ്രാം മുളക് 0.3 കി. ഗ്രാം
ചേമ്പ് 0.5 കി. ഗ്രാം വെണ്ടയ്ക്ക 0.3 കി. ഗ്രാം
മഞ്ഞള്‍ 0.1 കി. ഗ്രാം വഴുതന 0.3 കി. ഗ്രാം
ഇഞ്ചി 0.1 കി. ഗ്രാം വെള്ളരി 25 ടണ്‍ / ഹെക്റ്റര്‍
മാവ് 6 കി. ഗ്രാം/മരം മുന്തിരി 1 കി. ഗ്രാം/ചെടി
പൈനാപ്പിള്‍ 1 കി. ഗ്രാം/ചെടി സപ്പോട്ട 3 കി. ഗ്രാം/ചെടി
റോസ് 0.75 കി. ഗ്രാം/ചെടി സൂര്യകാന്തി 500 ഗ്രാം/ചെടി
ആന്തൂറിയം 500 ഗ്രാം/ചെടി ചെത്തി 300 ഗ്രാം/ചെടി
ഓര്‍ക്കിഡ് 250 ഗ്രാം/ചെടി ജമന്തി 300 ഗ്രാം/ചെടി
സീനിയ 250 ഗ്രാം/ചെടി തുളസി 300 ഗ്രാം/ചെടി
മുല്ല 300 ഗ്രാം/ചെടി
( m ) കുമ്മായം..
നമ്മുടെ നാട്ടിലെ മണ്ണിന് പുളിരസം കൂടുതലാണ്, അതിനാല്‍ വര്‍ഷത്തിലൊരിക്കല്‍ മണ്ണില്‍ കുമ്മായം ചേര്‍ത്തിളക്കി പുളിരസം കുറക്കാം.10 ദിവസം കഴിഞ്ഞ് പുളിരസം മാറിയതിന് ശേഷംജൈവവളങ്ങള്‍ ചേര്‍ക്കുക
തയ്യാറാക്കിയത്
അനില്‍ മോനിപ്പള്ളി