സിമ്പിൾ കഞ്ഞി വെള്ളം ഹൽവ, കഴിക്കാൻ വീണ്ടും തോന്നുന്ന രുചിയിൽ
നമ്മുടെ എത്ര വലിയ ക്ഷീണത്തെയും പമ്പ കടത്താൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കാണ് കഞ്ഞിവെള്ളം. നല്ല വെയിലത്തുനിന്ന് കയറിവന്ന്, ഒരു ഗ്ലാസ് ഉപ്പിട്ട കഞ്ഞിവെള്ളം ചെറു ചൂടോടെ കുടിച്ചാൽ അത് നമുക്ക് നൽകുന്ന ആശ്വാസം എത്ര വലുതാണ് അല്ലേ. അതിൽ നിന്ന് തന്നെ മനസ്സിലായല്ലോ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് കഞ്ഞിവെള്ളമെന്ന്. ശരീരത്തിന് അത്യുത്തമമായ ഒട്ടേറെ പോഷകാംശങ്ങൾ നൽകുന്ന ഒന്നാണ് കഞ്ഞിവെള്ളം. മുടിയുടെയും ചർമ്മത്തിന്റെയും തിളക്കം വർദ്ധിക്കാൻ കഞ്ഞിവെള്ളം ഏറ്റവും നല്ലതാണ്. ഒപ്പം ദഹനം മെച്ചപ്പെടുത്തുവാനും, ശരീരഭാരം കുറയ്ക്കുവാനും ഏറ്റവും ഗുണകരമായ ഒന്നാണ് കഞ്ഞിവെള്ളം. ഈ കഞ്ഞി വെള്ളം ഉപയോഗപ്പെടുത്തി ഒരു ടേസ്റ്റി ഹൽവ നമ്മുക്ക് ഉണ്ടാക്കാം.
കഞ്ഞിവെള്ളം ഹൽവ
നല്ല പരപ്പുള്ള പാത്രം അടുപ്പിൽ വെച്ച് ഒരു ലിറ്റർ കട്ടിയുള്ള കഞ്ഞിവെള്ളവും, മൂന്ന് ശർക്കര ലയിപ്പിച്ച് ഉണ്ടാക്കിയ ശർക്കര പാനിയും, ഒരു കപ്പ് തേങ്ങാപ്പാലും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 6 ഏലക്ക പൊടിച്ചത് ചേർക്കുക. ചെറുതീയിൽ വച്ച് കഞ്ഞിവെള്ളം കുറുകി വരുന്നതുവരെ ഇളക്കുക. കുറുകി വരുന്നതിനനുസരിച്ച് അല്പം നെയ്യ് ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി കുറുകി പാത്രത്തിൽ നിന്ന് ഇളകി വരുന്ന പരുവത്തിൽ എത്തുമ്പോൾ അണ്ടിപ്പരിപ്പ് ചേർക്കുക. നെയ്യ് തെളിഞ്ഞു കാണുന്ന പരുവത്തിൽ എത്തുമ്പോൾ ഇറക്കി വയ്ക്കണം. ചൂടാറുന്നതിനു മുൻപ് തന്നെ ചെറിയ പരന്ന പാത്രത്തിൽ ഒഴിച്ച് സെറ്റ് ആക്കുക. തണുത്തതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ മാധുര്യമുള്ള ഈ ഹൽവ കുട്ടികൾക്ക് ഏറെ പ്രിയമുള്ളതാവും.