മണ്ണിര കമ്പോസ്റ്റ് നിർമ്മാണം അറിയേണ്ടതെല്ലാം
മികച്ച രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിന് മുൻപ് മണ്ണിന് ആവശ്യമായി വരുന്ന പോഷകാംശ ങ്ങൾ മുതൽ കീട നിയന്ത്രണ മാർഗ്ഗങ്ങൾ വരെ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നല്ല രീതിയിൽ വിളവ് ലഭിക്കുവാൻ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വീടുകളിൽ നിർമ്മിക്കാവുന്ന ഒന്നാണ് കമ്പോസ്റ്റ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മണ്ണിര കമ്പോസ്റ്റ്.
മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് പഴയ സിമന്റ് ടാങ്കുകളോ ടെറാക്കോട്ടയിൽ നിർമ്മിച്ച ഓവൽ ആകൃതിയിലുള്ള വലിയ കുടങ്ങളോ വരെ ഉപയോഗിക്കാം. ഇത് ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് കൃഷിയിടങ്ങളിൽ ചതുരാകൃതിയിൽ കുഴിയെടുത്ത് അതിൽ മണ്ണിൽ കമ്പോസ്റ്റ് നിർമ്മാണം ആരംഭിക്കാം. പ്രധാനമായും മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണിര, ആഫ്രിക്കൻ മണ്ണിര എന്നറിയപ്പെടുന്ന യൂഡ്രില്ലസ് യുജീനിയ എന്ന ശാസ്ത്രീയ നാമമുള്ള മണ്ണിരകളാണ്.
ഇത് നമ്മുടെ മണ്ണിനും കാലാവസ്ഥയും ഏറ്റവും അനുയോജ്യമാണ്. മണ്ണിന്റെ ഉപരിതലത്തിൽ ജൈവാംശം മാത്രം ആഹാരമായി കഴിക്കുന്ന ഇനത്തിലുള്ള മണ്ണിരയാണ് ഇത്. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു മുൻപ് മണ്ണിരകളെ പ്രജനനം നടത്തേണ്ടത് പ്രധാനമാണ്. കൃത്രിമമായി മണ്ണിരകളുടെ പ്രചരണം നടത്താനായി 1:1 എന്നതോതിൽ ജൈവാവശിഷ്ടവും ചാണകവും കലർത്തി മണ്ണിരകളെ അതിൽ നിക്ഷേപിക്കുക. ഗാർഹിക അവശിഷ്ടങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് റെഡിമെയ്ഡ് പ്ലാന്റുകൾ ഇപ്പോൾ ലഭ്യമാണ്. പച്ചക്കറികളിൽ മണ്ണിര കമ്പോസ്റ്റ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.