പ്രവാസജീവിതത്തിന് ശേഷം അടയ്ക്കാ കൃഷിയിലേക്ക്: ഹുസൈന്‍ കൊക്കര്‍ണി
32 വര്‍ഷത്തെ പ്രവാസ ജീവിത്തിന് ശേഷമാണ് മലപ്പുറം വണ്ടൂര്‍ ചെറുകോട് സ്വദേശി ഹുസൈന്‍ കൊക്കര്‍ണി കൃഷിക്കാരനായി മാറുന്നത്. നാട്ടില്‍ തിരിച്ചെത്തിയശേഷം പാരമ്പര്യമായുണ്ടായിരുന്ന കൃഷി വരുമാനമാര്‍ഗമാക്കി മാറ്റിയെടുക്കാമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് നേരത്തെ ഉണ്ടായിരുന്ന കവുങ്ങ് കൃഷിയിലേക്ക് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി മുഴുവന്‍ സമയ കര്‍ഷകനാണ് അദ്ദേഹം. ഹുസൈനടക്കമുള്ള മക്കള്‍ക്ക് ഭാവിയില്‍ കരുത്താവണമെന്ന ദീര്‍ഘവീക്ഷണത്തോടെ ഇവരുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കിയെടുത്തതാണ് കവുങ്ങിന്‍ തോട്ടമെല്ലാം..
അഞ്ചേക്കര്‍ വരുന്ന സ്ഥലത്താണ് കൃഷി. വിളവ് നല്‍കാന്‍ കാലതാമസമുണ്ടാകുമെങ്കിലും വലിയ പരിചരണമൊന്നും കൂടാതെ തന്നെ ആദായം നല്‍കുന്നവയാണ് കവുങ്ങ്. അടയ്ക്ക ഉണക്കിയെടുത്ത് നല്ല വില ലഭിക്കുന്ന സമയങ്ങളില്‍ വില്‍പന നടത്തി ലാഭം കണ്ടെത്തുന്ന രീതിയാണ് ഇവിടെ പ്രധാനമായും അവലംബിക്കുന്നത്.
ഓരോ നാടിന്‌റേയും സ്വഭാവം തിരിച്ചറിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയാല്‍ വിജയിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് ഈ മുന്‍ പ്രവാസി സാക്ഷ്യപ്പെടുത്തുന്നു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് ഹുസൈന്‌റെ കുടുംബം. കവുങ്ങിന് പുറമെ റബറും ഈ കുടുംബത്തിന് വരുമാനമാര്‍ഗമാണ്. പാരമ്പര്യം പിന്തുടര്‍ന്ന് ഹുസൈന്‌റെ സഹോദരങ്ങളും മറ്റ് ജോലികള്‍ക്കിടയിലും കൃഷിയിലിറങ്ങാറുണ്ട്.