For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

02:30 PM Jan 09, 2025 IST | Agri TV Desk

മുല്ല പൂക്കളെ മലയാളികൾക്ക് പരിചയെപ്പെടുത്തേണ്ട ആവശ്യമില്ല . മലയാളികളുടെ ഏലാം വിശേഷ അവസരങ്ങളിലും ഒഴുവാക്കാൻ പറ്റാത്ത ഒന്നാണ് മുല്ലപ്പൂ .ഈ ആവശ്യം തന്നെയാണ് ആദായ വിളകളില്‍ കുറ്റിമുല്ലക്കു സ്ഥാനം ലഭിക്കാനും കാരണം.ശാസ്ത്രീയമായി വളര്‍ത്തിയാല്‍ മികച്ച വരുമാനം നേടാന്‍ കഴിയും. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് നടാന്‍ നന്ന്. വെയില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ കുറ്റിമുല്ല കൃഷിചെയ്താല്‍ പുഷ്പങ്ങളുടെ വലുപ്പത്തിലും ഉത്പാദനത്തിലും കുറവ് വരുന്നതിനാല്‍ കൃഷി ലാഭം ആകില്ല.കേരളത്തില്‍ കുറ്റിമുല്ല കൃഷി തുടങ്ങാന്‍ അനുയോജ്യമായ കാലാവസ്ഥ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ.

Advertisement

ഇനങ്ങള്‍
സിംഗിള്‍ മൊഗ്രാ, ഡബിള്‍ മൊഗ്രാ, ഇരുവച്ചി, രാമനാഥപുരം നാടന്‍, അര്‍ക്ക ആരാധന.

കമ്പ് നടാം
20-25 സെ.മി. നീളവും 3 മുതല്‍ 5 വരെ മുകുളങ്ങളുളള വേര് പിടിപ്പിച്ച കമ്പുകള്‍ നടാന്‍ ഉപയോഗിക്കാം.

Advertisement

നടീല്‍
മണ്ണ് ആഴത്തില്‍ കിളച്ച് ഒന്നേകാല്‍ മീറ്റര്‍ അകലത്തില്‍ ഒന്നര അടി വീതം(45 സെ.മി.) നീളം-വീതി-താഴ്ച ഉള്ള കുഴികള്‍ എടുക്കുക. ഇപ്രകാരം എടുത്ത കുഴികളില്‍ ഉണക്കിപ്പൊടിച്ച ചാണകം (15 കിലോ/ കുഴി) എല്ലുപൊടി (200 ഗ്രാം/ കുഴി) വെര്‍മികമ്പോസ്റ്റു (500 ഗ്രാം/കുഴി) കടലപ്പിണ്ണാക്ക് (100 ഗ്രാം/ കുഴി) എന്നിവ മേല്‍മണ്ണുമായി ചേര്‍ത്ത് കുഴി ഒന്നിനു 2 കമ്പു വീതം നടാം.

വളപ്രയോഗം
കമ്പു നട്ട് ആറാം മാസം മുതല്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം രാസവളം നല്കണം. ചെടി ഒന്നിന് യൂറിയ (250 ഗ്രാ) റോക്ക് ഫോസ്‌ഫേറ്റ് (1400 ഗ്രാം) പൊട്ടാഷ് (950 ഗ്രാം) എന്നീ വളങ്ങള്‍ യോജിപ്പിച്ച് തുല്യ അളവില്‍ രണ്ടു തവണയായി ജനുവരി - ജൂലൈ മാസങ്ങളില്‍ നല്‍കാം. ഇതിനു പുറമെ എല്ലാ മാസവും ചെടി ഒന്നിനു 100ഗ്രാ0 കടലപിണ്ണാക്കോ വേപ്പിന്‍ പിണ്ണാക്കോ നല്‍കണം. അല്ലെങ്കില്‍ രാസവള പ്രയോഗത്തോടൊപ്പം ചെടി ഒന്നിന് 10 കിലോ ഉണക്ക ചാണകപ്പൊടി നല്‍കാം. സൂക്ഷ്മ വളങ്ങളുടെ അഭാവത്തില്‍ ഉണ്ടാകുന്ന മഞ്ഞളപ്പിനു സിങ്ക് സള്‍ഫേറ്റ് (ZnSO 40.25%) + മഗ്നീഷ്യം സള്‍ഫേറ്റ് (MgSO 40.5%) + അയണ്‍ സള്‍ഫേറ്റ് (FeSO 40.5%) മിശ്രിതം ഇലകളില്‍ തളിച്ച് കൊടുക്കുക.

കമ്പു കോതല്‍
കുറ്റിമുല്ല കൃഷിയിലെ ഒരു പ്രധാന പ്രവര്‍ത്തി ആണ് പ്രൂണിങ് അഥവാ കമ്പു കോതല്‍. അടുത്ത വര്‍ഷത്തെ വിളവെടുപ്പിന് ചെടിയെ സജ്ജമാക്കുന്നതിനു വേണ്ടി ആണിത്. സാധാരണ ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ ആണ് കേരളത്തിലും തമിഴ്‌നാട്ടിലും പ്രൂണ്‍ ചെയ്യുന്നത്. ചെടിയുടെ ചുവട്ടില്‍ നിന്ന് ഏകദേശം ഒന്നര അടി (50 സെ.മി.) ഉയരത്തില്‍ വച്ച് കമ്പു മുറിച്ചു മാറ്റുന്ന രീതിയാണ് കുറ്റിമുല്ലയില്‍ അവലംബിച്ചു പോകുന്നത്. അതിനു ശേഷം രണ്ടാം ഗഡു വളങ്ങള്‍ നല്‍കി ചകിരിച്ചോറ് അല്ലെങ്കില്‍ ഉണക്ക ഇലകള്‍ കൊണ്ട് പുത ഇടാം.

കീടങ്ങള്‍
കുറ്റിമുല്ല കൃഷിയുടെ പ്രധാന വില്ലനാണ് പൂമൊട്ടുകളെ ആക്രമിക്കുന്ന പുഴുക്കള്‍. മൊട്ടിനുള്ളില്‍ തുരന്ന് കയറുന്ന പുഴുക്കള്‍ അവ തിന്നു തീര്‍ത്ത് പൂങ്കുലകള്‍ കരിച്ചു കളയുന്നു.
ഇവയെ നിയന്ത്രിക്കാന്‍ സ്പിനോസാഡ് എന്ന കീടനാശിനി 0.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ച് കൊടുക്കാം. അല്ലെങ്കില്‍ 5% വീര്യമുള്ള വേപ്പിന്‍ കുരു സത്തു ഉപയോഗിക്കാം.
മൊട്ടുകളെ ആക്രമിക്കുന്ന പോലെ ഇലകള്‍ ആക്രമിക്കുന്ന പുഴുക്കളും കുറ്റിമുല്ല കൃഷിയില്‍ കണ്ടു വരുന്നു.്. ഇവയുടെ ആക്രമണം കൂടിയ തോതില്‍ വന്നാല്‍ ഇമിഡാക്ലോര്‍പ്രൈഡ് എന്ന രാസകീടനാശിനി 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് കൊടുക്കണം.

രോഗങ്ങള്‍
ഇലപ്പുള്ളി രോഗം, വേര് ചീയല്‍ എന്നിവ പ്രധാന രോഗങ്ങള്‍. ഇവയ്ക്ക് 1%ബോര്‍ഡോ മിശ്രിതം / മാങ്കോസെബ് ( 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ )/ ബാവിസ്റ്റിന് ( ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്നി കുമിള്‍നാശിനികള്‍ ഉപയോഗിക്കാം.

വിളവ്
നന്നായി പരിപാലിച്ചാല്‍ നട്ട് നാലാം മാസം മുതല്‍ ചെറിയ തോതില്‍ പൂക്കള്‍ കിട്ടും. ചെടി നട്ട് ഒരു വര്‍ഷം ആകുമ്പോഴേക്കും വാണിജ്യാടിസ്ഥാനത്തില്‍ പൂക്കള്‍ ലഭിച്ച് കൃഷി ലാഭമായി തുടങ്ങും. പൂര്‍ണ വളര്‍ച്ച എത്തിയ മൊട്ടുകള്‍ രാവിലെ വെയില്‍ ഉദിക്കുന്നതിനു മുന്‍പ് പറിച്ചെടുത്ത് വിപണിയില്‍ എത്തിക്കണം. ശാസ്ത്രീയ കൃഷി അവലംബിച്ചാല്‍ ഒരു ഹെക്ടറില്‍ നിന്ന് ഒരു വര്‍ഷം അഞ്ചു ടണ്ണില്‍ കുറയാതെ പുഷ്പങ്ങള്‍ ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Tags :
Advertisement