കരിമുതുക്ക്
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നൊരു ഔഷധച്ചെടിയാണ് കരിമുതുക്ക്. വംശനാശത്തിലേക്ക് ഓടിയെത്താൻ തയ്യാറായി നിൽക്കുന്ന സസ്യമാണിവ. പടർന്നുകയറി വളരുന്ന ചെടിയാണ് കരിമുതുക്ക്. ശ്രീലങ്കയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമാണ് ഇവയിപ്പോൾ കാണപ്പെടുന്നത്. പാസ്സിഫ്ലോറേസിയെ സസ്യ കുടുംബത്തിലെ അംഗമാണ്. അഡീനിയ ഹൊണ്ടാല എന്നാണ് ശാസ്ത്രനാമം. മുതുക്ക് എന്നും അറിയപ്പെടുന്നു.
കിഴങ്ങു പോലുള്ള വേരുകളിൽ നിന്നാണ് ഇവ വളർന്നു വരുന്നത്. കട്ടിയുള്ള തണ്ടുകളാണ് കരിമുതുക്കിന്. വലിയ ഇലകൾ. മൂന്നു മുതൽ അഞ്ചുവരെ മടക്കുകൾ കാണാം ഇലകളിൽ. പച്ച കലർന്ന വെളുത്ത പൂക്കളാണ്. മാർച്ച്-ഓഗസ്റ്റ് മാസങ്ങളിലാണ് പൂവിടുന്നത്. വിഷമയമുള്ളവയാണ് ഇവയുടെ പഴങ്ങൾ. പാഷൻ ഫ്രൂട്ടുമായി സാമ്യമുണ്ട് ഇവയുടെ പഴങ്ങൾക്ക്. അതുകൊണ്ടുതന്നെ കുട്ടികളും മറ്റും അബദ്ധത്തിൽ ഇവ കഴിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.
ക്ലിപ്പർ, ക്രൂയിസർ, ലെയ്സ് ശലഭം, എന്നിവയുടെ ശലഭപ്പുഴുക്കൾ കരിമുതുക്കിന്റെ ഇലകൾ തിന്നാണ് വളരുന്നത്. ഇവയുടെ കിഴങ്ങുകൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്. ത്വക്ക് രോഗങ്ങൾക്കും ഹെർണിയ ചികിത്സയ്ക്കും ഇവ ഉപയോഗിക്കുന്നു. പാമ്പു വിഷത്തിന് പ്രതിവിധിയായും കരിമുതുക്ക് ഉപയോഗിക്കാറുണ്ട്.