അത്യുൽപാദനശേഷിയുള്ള പാവൽ ഇനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല
അത്യുൽപാദനശേഷിയുള്ള പാവൽ ഇനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല. വാണിജ്യ അടിസ്ഥാനത്തിൽ പാവൽ കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വിളവ് നൽകുന്ന ഹൈബ്രിഡ് വിത്തിനങ്ങളായ പ്രജനിയും പ്രകൃതിയും ആണ് കേരള കാർഷിക സർവകലാശാല വികസിപ്പിച്ചത്. വെള്ളാനിക്കര കാർഷിക കോളേജിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തിലെ ഡോ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ വിത്തിനങ്ങൾ വികസിപ്പിച്ചത്.
ഇളം പച്ച നിറമാണ് പ്രകൃതിക്ക്. ആകർഷകമായ ധാരാളം മുള്ളുകളുള്ള പച്ചനിറത്തിലുള്ള ഇനമാണ് പ്രജനി. ഇന്ത്യയിൽ അപൂർവമായി മാത്രം ഉപയോഗിക്കുന്ന ഗൈനീഷ്യസ് അതായത് പെൺ പൂക്കൾ മാത്രം ഉണ്ടാവുന്ന ചെടികളുടെ പ്രജനനം സാങ്കേതികവിദ്യയിലൂടെ ആണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയിൽ ആദ്യമായാണ് ഗൈനീഷ്യസ് പാവലിൽ പ്രയോഗിച്ച് വിജയിക്കുന്നത്. തേനീച്ചകൾ വഴി പരാഗണം നടത്തി ഹൈബ്രിഡ് വിത്ത് ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ് ഗൈനീഷ്യസ് സാങ്കേതികവിദ്യയുടെ മേന്മ. 22.4 സെന്റീമീറ്റർ നീളമാണ് പ്രജനിക്ക് ഉള്ളത്.ശരാശരി 197 ഗ്രാം തൂക്കം ഇതിനുണ്ടാകും. ഒരു ചെടിയിൽ 48 കായ്കളാണ് ഉണ്ടാവുന്നത്.7.9 കിലോ വിളവ് ലഭിക്കും.പ്രകൃതിക്ക് 23.2 സെന്റീമീറ്റർ നീളമുണ്ട്. ശരാശരി തൂക്കം 205 ഗ്രാം.42 കായ്കൾ ഒരു ചെടിയിൽ ഉണ്ടാകും.8.1 കിലോ വിളവ് ഒരു ചെടിയിൽ നിന്ന് ലഭ്യമാകും.
Content summery : Kerala Agricultural University develops highly productive bittergourd varieties