പ്രധാന കാർഷിക വാർത്തകൾ
1. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് 'മട്ടുപ്പാവ് കൃഷി' എന്ന വിഷയത്തിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബർ 14 മുതൽ 17 വരെ തൃശൂർ വെള്ളാനിക്കരയിൽ സ്ഥിതിചെയ്യുന്ന കർഷക ഭവനത്തിലാണ് പരിശീലനം. മട്ടുപ്പാവ് കൃഷി രീതികൾ, ലംബ കൃഷി, മട്ടുപ്പാവ് ലാൻഡ്സ്കേപ്പിംഗ്, ഹൈഡ്രോപോണിക്സ്, മട്ടുപ്പാവിലെ പൂന്തോട്ട പരിപാലനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കുന്നു. പരിശീലന ഫീസ് 2000 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേരള കാർഷിക സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽകുന്നു. രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ 0487-2371104.
2. കാർഷിക സർവ്വകലാശാല ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റിൽ ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ സെപ്റ്റംബർ 22 മുതൽ 24 വരെയുള്ള തീയതികളിൽ മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ 0487-2960079/ 9961533547 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യുക.
3. ലോക റാബിസ് ദിനാചരണവുമായി ബന്ധപ്പെട്ട സെപ്റ്റംബർ 28 ന് മണ്ണുത്തി വെറ്റിനറി കോളേജ് രോഗ പ്രതിരോധ വിഭാഗം, മണ്ണുത്തി വെറ്റിനറി കോളേജ് ഹോസ്പിറ്റലിലും, കൊക്കാല വെറ്റിനറി ഹോസ്പിറ്റലിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഓമനമൃഗങ്ങൾക്ക് സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ മൃഗങ്ങൾക്ക് മാത്രമേ സൗജന്യ പ്രതിരോധ കുത്തിവെപ്പ് നടത്തുകയുള്ളൂ. താല്പര്യമുള്ളവർ സെപ്റ്റംബർ ഇരുപതാം തീയതിക്ക് മുൻപ് രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 0487-2972065 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.
3. സെപ്റ്റംബർ മാസം മൃഗസംരക്ഷണവകുപ്പ് പേവിഷ പ്രതിരോധ കുത്തിവെപ്പ് മാസമായി ആചരിക്കുന്നു. എല്ലാ വർഷവും ഈ പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബർ മാസത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി എല്ലാ വളർത്തുനായ്ക്കൾക്കും സെപ്തംബർ 15നകം സൗജന്യ നിരക്കായ 30 രൂപ അടച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രി യുമായി ബന്ധപ്പെടുക.
4. റബർ ഉൽപ്പന്ന നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി സെപ്റ്റംബർ 16ന് റബ്ബർബോർഡ് ഒരു വെർച്ചൽ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചിരിക്കുന്നു.ഇന്ത്യൻ വിപണിയിലെ പുതിയ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി ഉദ്ദേശത്തോടെയാണ് റബർബോർഡ് വെർച്ചൽ ട്രേഡ് ഫെയർ പോർട്ടലായ http://vtf.rubberboard.org.in/rubberboard ൽ മീറ്റ് സംഘടിപ്പിക്കുന്നത്. മീറ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിടിഎഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ രജിസ്ട്രേഷന് വേണ്ട അപേക്ഷയും ഉൽപ്പന്നങ്ങളുടെ ലിസ്റ്റും vtf3021@rubberboard.org.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുകയോ ചെയ്യുക.
5. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈ മാസം 14, 15 തീയതികളിൽ കറവ പശു പരിപാലനം എന്ന വിഷയത്തിൽ 10 മണി മുതൽ പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ 0484-2631355 എന്ന ഫോൺ നമ്പറിൽ വിളിച്ചോ 9188522708 എന്ന നമ്പറിൽ പേരും പരിശീലന വിഷയവും വാട്സ്ആപ്പ് സന്ദേശമയച്ചോ രജിസ്റ്റർ ചെയ്യുക.
6. കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മണ്ണുത്തിയിൽ ഈ മാസം 28നും ഒക്ടോബർ 19, 20 തുടങ്ങിയ രീതികളിലും ചീര, മുരിങ്ങ, ബാസെല്ല ചീര, സാമ്പാർ ചീര, മല്ലി, തഴുതാമ, ഉലുവയില തുടങ്ങി ഇലക്കറി വിളകളുടെ കൃഷി മുറകളെക്കുറിച്ച് സൗജന്യ പരിശീലനം നൽകുന്നു.
കൊല്ലം ജില്ലയിലെ അഗ്രോമെറ്റ് യൂണിറ്റ് നൽകുന്ന കാർഷിക നിർദ്ദേശം
1. ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കാൻ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് പത്ത് ദിവസത്തെ ഇടവേളകളിൽ തളിച്ച് കൊടുക്കുക. 40 ഗ്രാം പാൽക്കായം 8 ഗ്രാം അപ്പക്കാരം 32ഗ്രാം മഞ്ഞൾപ്പൊടി എന്നിവ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിച്ച് കൊടുക്കുന്നതും രോഗ പ്രതിരോധ ശേഷിക്ക് ഉപകരിക്കും. രോഗം നിയന്ത്രിക്കുവാനായി പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയിൽ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്ററിന് എന്നതോതിൽ ഇലകളിൽ തളിച്ചു കൊടുത്താൽ മതി. ജലസേചനം നടത്തുമ്പോൾ ഇലകളുടെ മുകളിൽ വെള്ളം വീഴ്ത്താതെ ചെടിയുടെ ചുവട്ടിൽ ആയി നനയ്ക്കുക.