എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?
കൃഷിയുടെ ഓരോ ഘട്ടത്തിലും കർഷകർക്ക് ചിലവുകളേറെയാണ്. ഈ സാഹചര്യം മനസിലാക്കി കൃഷിചെയ്യുന്ന വിള, ഭൂമിയുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ കർഷകർക്ക് വായ്പ്പ നൽകുന്ന കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെക്കുറിച്ച് കൂടുതൽ മനസിലാക്കാം.
എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?
കേന്ദ്ര സർക്കാർ നിർദേശപ്രകാരം റിസർവ്ബാങ്ക് ആവിഷ്കരിച്ച് നബാഡ് മേൽനോട്ടം വഹിക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം. കൃഷിയുമായി ബന്ധപ്പെട്ട ചിലവുകൾ നടത്തുന്നതിന് പണം ലഭ്യമാകുന്നതിനുവേണ്ടിയുള്ള വായ്പാപദ്ധതിയാണിത്.
പലിശനിരക്ക്
പദ്ധതിയുടെ മൊത്തം പലിശ നിരക്ക് 9 ശതമാനമാണെങ്കിലും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 5 ശതമാനം പലിശ സബ്സിഡി ലഭിക്കും. അതുകൊണ്ടുതന്നെ നാല് ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാകും.
വായ്പ പരിധി
പ്രധാനമായും ഹ്രസ്വകാല വായ്പകളാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകുന്നത്. ജില്ലാ തലത്തിലുള്ള പ്രത്യേക കമ്മിറ്റികളുടെ തീരുമാനപ്രകാരം ഓരോ ജില്ലയിലും വരാവുന്ന ചിലവുകൾ കണക്കാക്കി ഓരോ വിളകൾക്കും നിശ്ചിത തുക തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുന്നത്.
എത്ര ഭൂമിയിൽ ഏത് കൃഷി ചെയ്യുന്നു എന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യക്തിയുടെയും വായ്പാപരിധി നിശ്ചയിക്കുന്നത്.
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പ്രത്യേകതകൾ
മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശ സബ്സിഡി ലഭിക്കുന്നത്. 1,60,000 വരെയുള്ള വായ്പകൾ ഈടില്ലാതെ തന്നെ ലഭിക്കും എന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി യുടെ പ്രത്യേകത.
ആർക്കൊക്കെ വായ്പ ലഭ്യമാകും?
അർഹരായ എല്ലാ കർഷകർക്കും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കിസാൻക്രെഡിറ്റ് പദ്ധതിയിലൂടെ വായ്പ ലഭിക്കും. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും വായ്പയ്ക്കായി അപേക്ഷിക്കാം. വിള കൃഷികൾ, തോട്ട കൃഷികൾ, ക്ഷീരോൽപാദനം, മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങി എല്ലാവിധ കൃഷികൾക്കും വായ്പ ലഭിക്കും.
കിസാൻ ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം?
ദേശസാൽകൃത - വാണിജ്യ- ഗ്രാമീണ - സഹകരണ ബാങ്കുകൾ മുഖേന കിസാൻക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
160000 രൂപ വരെയുള്ള വായ്പകൾക്ക് കൃഷിഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, കർഷകന്റെ ആധാർ കാർഡ്, ഫോട്ടോ എന്നീ രേഖകളാണ് നൽകേണ്ടത്. അതിനു മുകളിലുള്ള വായ്പകൾക്ക് ഈട് നൽകണം.
കാലാവധി
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ കാലാവധി 5 വർഷമാണ്. ഓരോ വർഷവും പുതുക്കണം. ഹ്രസ്വ കാല വായ്പാ കാലാവധി 12 മാസമാണ് ഈ സമയത്തിനുള്ളിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സബ്സിഡി ലഭിക്കുകയില്ല.വായ്പാതുക മൊത്തമായി പിൻവലിക്കുകയോ രൂപേ കാർഡുമായി ലിങ്ക് ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കുകയോ ചെയ്യാം.