വെറുതെയല്ല കീഴാര്‍നെല്ലി
നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന, നിരവധി ഔഷധഗുണമുള്ള കീഴാര്‍നെല്ലിയെ പുതുതലമുറയിലെ പലര്‍ക്കും അത്ര പരിചയമുണ്ടാകില്ല. കാഴ്ചയില്‍ കുഞ്ഞനെങ്കിലും പ്രവൃത്തിയില്‍ ആളൊരു പുലിയാണ്. യുഫോര്‍ബിക്ക എന്ന സസ്യ കുടുംബത്തില്‍പ്പെട്ട കീഴാര്‍നെല്ലിയുടെ ഇല മാത്രമല്ല, പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്.
കീഴാര്‍നെല്ലിയില്‍ പരാഗണം നടക്കുന്ന പൂക്കള്‍ കായ്കളായി ഇലത്തണ്ടിന്റെ അടിയില്‍ നെല്ലിക്കയുടെ രൂപത്തില്‍ കാണപ്പെടുന്നു. ഈ കായ്കളില്‍ ഓരോന്നിലും മൂന്ന് വിത്തുകള്‍ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയില്‍ നെല്ലിക്ക പോലെ കാണപ്പെടുന്നതിനാലാണ് ഈ സസ്യത്തിന് കീഴാര്‍നെല്ലി എന്ന പേര് ലഭിച്ചത്.
കരള്‍ രോഗങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ഔഷധമായി കീഴാര്‍നെല്ലി പ്രവര്‍ത്തിക്കുന്നു. കീഴാര്‍നെല്ലിയിലുള്ള ഫിലന്തിന്‍, ഹൈപോ ഫിലന്തിന്‍ എന്നിവ ലിവര്‍ സിറോസിസ്, മഞ്ഞപ്പിത്തം എന്നിവയ്ക്ക് നല്ല പരിഹാരം ആണ്. കീഴാര്‍നെല്ലി മുഴുവനായി ഇടിച്ചുപിഴിഞ്ഞ് പശുവിന്റെ പാലില്‍ ചേര്‍ത്ത് ഒരാഴ്ച വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.
കീഴാര്‍നെല്ലിയുടെ ഇല ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗം കുറയ്ക്കാന്‍ സഹായിക്കും. അതിന് പുറമെ പ്രമേഹം ഇല്ലാത്തവര്‍ക്ക് ഈ രോഗം വരാതിരിക്കാനും സഹായിക്കുന്നു. ബ്ലഡ് പ്രഷര്‍ കൂടുതലുള്ളവര്‍ കീഴാര്‍നെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ് അതിന്റെ നീര് കുടിക്കുന്നത് ബിപി കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും കീഴാര്‍നെല്ലി നല്ല മരുന്നാണ്. അതിസാര രോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇതിന് സഹായിക്കും.
സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ഔഷധവുമാണ് കീഴാര്‍നെല്ലി. കീഴാര്‍നെല്ലി സമൂലം എടുത്ത് കാടിവെള്ളത്തില്‍ കലക്കി കുടിക്കുന്നത് ആര്‍ത്തവ കാലത്ത് കൂടുതലായി രക്തം പോകുന്നതും കൂടുതല്‍ ദിവസം ആര്‍ത്തവം നീണ്ടുനില്‍ക്കുന്നതും തടയാനും അമിത വേദന നിയന്ത്രിക്കാനും സാധിക്കും. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ കലക്കി കുടിച്ചാല്‍ വയറ്റിലുണ്ടാകുന്ന മിക്ക രോഗങ്ങള്‍ക്കും പരിഹാരമാകുന്നു. കുടലിനെ ബാധിക്കുന്ന രോഗങ്ങള്‍, വിരശല്യം, ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടാകുക, ശരീരം നീര് വെക്കുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ മാറ്റാനും കീഴാര്‍നെല്ലിക്ക് കഴിയുന്നു. മൂത്ര ചൂട്, മൂത്രത്തില്‍ പഴുപ്പ്, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ എന്നിവ മാറാന്‍ കീഴാര്‍നെല്ലി ദിവസവും ചവച്ചരച്ച് കഴിക്കുകയോ വെള്ളം തിളപ്പിച്ചു കുടിക്കുകയോ ചെയ്യാം.
ഇളംപുളിയുള്ള കീഴാര്‍നെല്ലിയുടെ ഇല ചവച്ചരച്ച് കഴിക്കുന്നതും ഉത്തമമാണ്. വൈറസ്, ബാക്ടീരീയ അണുക്കളെ നശിപ്പക്കാനുള്ള ശേഷിയുള്ളതിനാല്‍ തന്നെ കീഴാര്‍നെല്ലിയുടെ ഇല ജലദോഷവും, പനിയുമുള്ളപ്പോള്‍ കഴിക്കുന്നത് നല്ലതാണ്.
മുടികൊഴിച്ചില്‍, അകാലനര എന്നിവയ്ക്കുള്ള പരിഹാരമാകാനും കീഴാര്‍നെല്ലിക്ക് സാധിക്കുന്നു. കീഴാര്‍നെല്ലിയുടെ ഇല ഇട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് ഉത്തമമാണ്.