കൂവള കൺകളിൽ...
കണ്ണുകളെ വർണിക്കുവാൻ കൂവളത്തോട് ഉപമിക്കുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. കൂവളത്തിന്റെ ഇലകൾ പോലെ മനോഹരമായ കണ്ണുകൾ എന്നായിരിക്കും കേട്ടിരിക്കുക. മൂന്ന് ഇതളുകളായി പിരിഞ്ഞിരിക്കുന്നതാണ് കൂവളത്തിന്റെ ഇലകൾ. ഭംഗിയേറിയ ഇലകൾ!! നാരക കുടുംബത്തിൽപെട്ട വൃക്ഷമാണ് കൂവളം. ശിവദ്രുമം, ശിവമല്ലി, എന്നൊക്കെയും പേരുകളുണ്ട്. ഈഗിൽ മാർമിലോസ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസിയെ സസ്യകുടുംബത്തിലെ അംഗമാണ്.
കൂവളവുമായി ബന്ധപ്പെട്ട് കിടക്കുന്നൊരു ഐതിഹ്യമുണ്ട്. ശിവപാർവതിമാരുടെ ഇഷ്ട വൃക്ഷമാണ് കൂവളം. കൂവളത്തിന്റെ മൂന്ന് ഇതളുകളായി പിരിഞ്ഞിരിക്കുന്ന ഇലകൾ ശിവന്റെ ത്രിക്കണ്ണുകളായിട്ടാണ് വിശ്വസിക്കുന്നത്. ശിവക്ഷേത്രങ്ങളിൽ കൂവളത്തിന് പ്രത്യേക സ്ഥാനവുമുണ്ട്.
10 മുതൽ 12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ് കൂവളം. ശാഖകളിൽ നിറയെ മുള്ളുകൾ കാണാം. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. നല്ല സുഗന്ധമുള്ള പൂക്കളാണ്. ഏപ്രിൽ-മെയ് മാസങ്ങളിലാണ് പൂക്കാലം. കൂവളത്തിന്റെ പഴങ്ങൾ അണ്ണാറക്കണ്ണന്റെയും പക്ഷികളുടെയുമൊക്കെ ഇഷ്ടഭക്ഷണമാണ്.
വിത്തു മുളപ്പിച്ചും തണ്ട് മുറിച്ചു നട്ടും കൂവളം വളർത്തിയെടുക്കാം. നന്നായി പഴുത്ത കായ്കളിൽ നിന്നുള്ള വിത്തുകൾ വേണം പാകുന്നതിന് ഉപയോഗിക്കാൻ. പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും. തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച ബാഗുകങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്. വർഷകാലാരംഭത്തോടെ തൈകൾ നടാം. മരത്തിന് 15-20 വർഷം പ്രായമാകുമ്പോൾ വിളവെടുക്കാം.
ഒത്തിരി ഔഷധ ഗുണങ്ങളുള്ള സസ്യമാണ് കൂവളം. പ്രമേഹം, വാതം, ക്ഷയം, അതിസാരം, കഫം, എന്നിവയ്ക്കൊക്കെ കൂവളം പരിഹാരമാണ്. ഇവയുടെ ഇലയും കായും വേരുമെല്ലാം ഔഷധ പ്രാധാന്യമുള്ളതാണ്.