അച്ഛൻ പഠിപ്പിച്ച കൃഷിപ്പാഠങ്ങൾ ഒന്നും മറന്നില്ല, മാധുരി വിളയിച്ചത് നൂറുമേനി
അച്ഛനും അമ്മയും പഠിപ്പിച്ച കാർഷിക അറിവുകളെ കൃഷിയിടത്തിൽ പരമാവധി പ്രയോജനപ്പെടുത്തി നൂറുമേനി കൊയ്യുകയാണ് ആലപ്പുഴ ചേർത്തല സ്വദേശിയെ മാധുരി. പരമ്പരാഗത രീതിയിലാണ് മാധുരി കൃഷി ചെയ്യുന്നത്. പച്ചില കൊണ്ട് തടം ഒരുക്കി ചാണകം വളമായി നൽകിയാണ് ഭൂരിഭാഗവും കൃഷി ചെയ്യുന്നത്. പന്തൽ ഒരുക്കി കൃഷി ചെയ്യുന്നതുകൊണ്ട് വിളവ് ഇരട്ടിയാണെന്നും മാധുരി പറയുന്നു. സ്വന്തം ഭൂമി കൂടാതെ പാടത്തിനടുത്ത് ഭൂമിയിൽ പീച്ചിൽ,പടവലങ്ങ, ചീര തുടങ്ങി ഒട്ടുമിക്ക വിളകളും മാധുരി കൃഷി ചെയ്ത് എടുക്കുന്നു.
അച്ഛനൊപ്പം കുട്ടിക്കാലം മുതലേ കൃഷിയിടത്തിൽ സഹായിയായി നടന്നതിനാൽ എല്ലാ കൃഷി അറിവുകളും മാധുരിക്ക് മനപാഠമാണ്. നാടൻ വിത്തുകൾ മാത്രമാണ് കൃഷിയിടത്തിൽ പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ വർഷത്തിലെ വിത്തുകൾ ഉപചരണം നടത്തി സൂക്ഷിച്ചാണ് ഓരോ വിളകളും കൃഷിയിറക്കുന്നത്. തൈക്കൽ ഗ്രാമത്തിന്റെ പൈതൃക സമ്പത്തായ തൈക്കൽ ചീര വാണിജ്യ അടിസ്ഥാനത്തിൽ മാധുരി ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മധുരയ്ക്ക് എല്ലാവിധ സഹായവുമായി അച്ഛനും അമ്മയും ഭർത്താവ് ഗോപനും മക്കളും കൂടെയുണ്ട്.