ദശപുഷ്പങ്ങൾ ഏതൊക്കെ? ഗുണങ്ങൾ എന്തെല്ലാം? അറിയാം ചില കാര്യങ്ങൾ
കേരളീയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ. നമ്മുടെ നാട്ടുവഴികളിലും, പാതയോരങ്ങളിലും, തൊടിയിലും കാണപ്പെടുന്ന ഈ ഔഷധസസ്യങ്ങൾ ആയുർവേദ ചികിത്സയിൽ വളരെ പ്രാധാന്യപ്പെട്ടവയാണ്. ഒപ്പം ഹൈന്ദവ ആചാരങ്ങളിൽ സവിശേഷ പ്രാധാന്യമുള്ളവയും. കർക്കിടക മാസത്തിൽ ഈ ദശപുഷ്പങ്ങൾ ചൂടുന്നത് പാപ പരിഹാരത്തിനും രോഗസന്ദത്തിനും അത്യുത്തമമാണെന്ന് പറയപ്പെടുന്നു. ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ചതിനു ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ് ദശപുഷ്പം ചൂടാറുണ്ട്. ഇത് ആയുരാരോഗ്യസൗഖ്യത്തിനൊപ്പം ഐശ്വര്യത്തിനും കാരണമാകുമെന്നാണ് ഹൈന്ദവ വിശ്വാസം. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ദശപുഷ്പങ്ങളെ കുറിച്ച് നമുക്ക് അടുത്തറിയാം.
പൂവാം കുരുന്നില
ശരീര താപം കുറയ്ക്കുവാനും, മൂത്ര പ്രവാഹം സുഗമമാക്കുവാനും രക്തശുദ്ധീകരണത്തിനും ഉപയോഗപ്പെടുത്തിയിരുന്ന നാട്ടുചെടിയാണ് പൂവാംകുരുന്നില.
മുക്കുറ്റി
കർക്കിടകത്തിലെ 10 ദിവസം മുക്കുറ്റി തൊടുന്ന പതിവുണ്ട്. മുക്കുറ്റി നാഭിയിൽ തൊടുന്നത് രോഗപ്രതിരോധശേഷിക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. ഇതുകൂടാതെ മുക്കുറ്റി സമൂലം അരച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ, കഫക്കെട്ട് മുതലായ അകറ്റുവാനും, ദഹന സംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാനും നല്ലതാണ്.
കയ്യോന്നി
കഞ്ഞുണ്ണി എന്ന പ്രാദേശിക നാമത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന ഈ ഔഷധസസ്യം പ്രധാനമായും മുടിവളർച്ചയെ ത്വരപ്പെടുത്തുവാൻ ഉപയോഗപ്പെടുത്തുന്നു. സംസ്കൃതത്തിൽ കേശരാജ എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്.
മുയൽ ചെവിയൻ
പേരിൽ നിന്നുതന്നെ മനസ്സിലാക്കാമല്ലോ മുയലിന്റെ ചെവിയോട് സാമ്യമുള്ളതാണ് ഇതിൻറെ ഇലകൾ. മുയൽച്ചെവിയൻ സമൂലം അരച്ചിടുന്നത് ടോൺസിലൈറ്റിസ് മികച്ചതാണെന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.
ചെറൂള
ഹൈന്ദവ വിശ്വാസ പ്രകാരം ബലിതർപ്പണങ്ങൾക്ക് ചെറൂള ഉപയോഗപ്പെടുത്താറുണ്ട്. ഇതുമാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുവാനും രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കുവാനും ഇതൊരു മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്.
ഉഴിഞ്ഞ
ഇന്ദ്രവല്ലി എന്ന സംസ്കൃതനാമത്തിൽ അറിയപ്പെടുന്ന ഉഴിഞ്ഞ മുടികൊഴിച്ചിൽ നീര്, വാതം,പനി തുടങ്ങിയവയ്ക്ക് പ്രതിവിധി എന്ന നിലയിൽ ഉപയോഗിക്കാറുണ്ട്.
നിലപ്പന
ഹിന്ദിയിൽ മുസ്‌ലി എന്നറിയപ്പെടുന്ന ഈ സസ്യം മഞ്ഞപ്പിത്തത്തിന് മരുന്നായും ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് പ്രതിവിധിയായും ഉപയോഗിക്കുന്നു. യോനി രോഗങ്ങൾക്ക് ഔഷധം എന്ന നിലയിൽ നിലപ്പന പ്രശസ്തമാണ്.
തിരുതാളി
മുടി സംബന്ധമായ ഏതു പ്രശ്നങ്ങളും അകറ്റുവാൻ തിരുതാളി ഉപയോഗപ്പെടുത്താവുന്നതാണ്. മുടി വളർച്ച വേഗത്തിൽ ആക്കുവാനും അകാലനര തടയുവാനും തിരുതാളി ഉപയോഗിക്കാം.
വിഷ്ണു ക്രാന്തി
പനി അകറ്റുവാനാണ് ഈ സസ്യം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. കൂടാതെ തലമുടി തഴച്ചു വളരാനും ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും ഈ സസ്യത്തിന് കഴിവുണ്ടെന്ന് പറയപ്പെടുന്നു.
കറുക
നീല വെള്ളക്കരുക എന്നിങ്ങനെ രണ്ട് തരത്തിലാണ് കറുക ഉള്ളത്. രോഗങ്ങൾക്ക് കറുക ഉപയോഗിക്കാറുണ്ട്. കൂടാതെ ഹൈന്ദവ വിശ്വാസ പ്രകാരം ബലികർമ്മങ്ങൾക്കും കറുക ഉപയോഗിക്കുന്നു.